സിറിയന്‍ സഹായ ഫണ്ട്: യു.എ.ഇ  503 ദശലക്ഷം ദിര്‍ഹം നല്‍കും

അബൂദബി: സിറിയയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് യു.എ.ഇ 503 ദശലക്ഷം ദിര്‍ഹം നല്‍കും. ലണ്ടനില്‍ നടന്ന നാലാമത് സഹായ ദാതാക്കളായ രാജ്യങ്ങളുടെ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.  വിവിധ രാജ്യങ്ങള്‍ സിറിയക്ക് വന്‍തോതില്‍ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും രൂക്ഷമായ മാനുഷിക പ്രതിസന്ധിയാണ് സിറിയ നേരിടുന്നത്. സിറിയന്‍ ജനതയുടെ ഈ വര്‍ഷത്തെ ദുരിതം പരിഹരിക്കുന്നതിന് മാത്രം 773 കോടി ഡോളര്‍ വേണ്ടി വരുമെന്നാണ് ഐക്യരാഷ്ട്രസഭാ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. വികസന-രാജ്യാന്തര സഹകരണ മന്ത്രിയും യു.എ.ഇയുടെ വിദേശ മാനുഷിക സഹായത്തിനുള്ള സമിതി പ്രസിഡന്‍റുമായ ശൈഖ ലുബ്ന അല്‍ ഖാസിമിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് രാജ്യത്തെ പ്രതിനിധീകരിച്ച് സമ്മേളനത്തില്‍ പങ്കെടുത്തത്. യു.എ.ഇ നല്‍കുന്ന 503 ദശലക്ഷം ദിര്‍ഹം സിറിയന്‍ ജനതയുടെ പ്രയാസങ്ങള്‍ ലഘൂകരിക്കാന്‍ ഉതകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രതിനിധി സംഘം പറഞ്ഞു. 2012ല്‍ സിറിയന്‍ പ്രതിസന്ധി ആരംഭിച്ചതിന് ശേഷം യു.എ.ഇ 220 കോടി ദിര്‍ഹമാണ് മാനുഷിക സഹായമായി നല്‍കിയത്. രാജ്യത്തിന്‍െറ മൊത്ത ദേശീയ വരുമാനത്തിന്‍െറ 0.15 ശതമാനം വരുമിത്. അയല്‍രാജ്യങ്ങളിലും മറ്റുമായി കഴിയുന്ന സിറിയന്‍ അഭയാര്‍ഥികള്‍ക്ക് 200 കോടി ദിര്‍ഹത്തിന്‍െറ സഹായം നേരിട്ടും നല്‍കിയിരുന്നു.  സിറിയന്‍ അഭയാര്‍ഥികള്‍ക്കായി ഇമാറാത്തി ജോര്‍ഡനിയന്‍ ക്യാമ്പും വടക്കന്‍ ഇറാഖില്‍ ഇമാറാത്തി ക്യാമ്പും സ്ഥാപിച്ചിരുന്നു. ഇവിടെ 15000 അഭയാര്‍ഥികളാണ് കഴിയുന്നത്. മഫ്റഖില്‍ പ്രതിദിനം 800 രോഗികളെ പരിശോധിക്കാന്‍ സാധിക്കുന്ന ഇമാറാത്തി ജോര്‍ഡന്‍ ഫീല്‍ഡ് ആശുപത്രിയും തുടങ്ങിയിരുന്നു. നാല് സ്കൂളുകളുടെയും ഒരു കിന്‍റര്‍ഗാര്‍ട്ടന്‍െറയും നിര്‍മാണത്തിലൂടെ സിറിയയിലെ വിദ്യാഭ്യാസ മേഖലയില്‍ നിലവാരം ഉയര്‍ത്താന്‍ യു.എ.ഇ ലക്ഷ്യമിടുന്നതായി ശൈഖ ലുബ്ന വ്യക്തമാക്കി. ഇതോടൊപ്പം ജോര്‍ഡന്‍, വടക്കന്‍ ഇറാഖ്, ഈജിപ്ത് എന്നിവിടങ്ങളിലെ അധ്യാപകര്‍ക്ക് പരിശീലനവും വിദ്യാഭ്യാസ പദ്ധതികള്‍ നടപ്പാക്കാനും ആലോചിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. 45.9 ലക്ഷം പേരാണ് ഒൗദ്യോഗികമായി സിറിയന്‍ അഭയാര്‍ഥികളായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 25 ലക്ഷം പേര്‍ കഴിയുന്നത് തുര്‍ക്കിയിലാണ്.   

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.