നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ട് ചെയ്യാനുള്ള പ്രവാസികളുടെ കാത്തിരിപ്പ് നീളും

അബൂദബി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ശേഷിക്കുന്നതിനിടെ, പ്രവാസി വോട്ടിനുള്ള കാത്തിരിപ്പ് നീളുമെന്ന് വ്യക്തമായി. പ്രവാസി സമൂഹത്തിന് തെരഞ്ഞെടുപ്പില്‍ ഭാഗഭാക്കാകാന്‍ അവസരം ഒരുക്കണമെന്ന് സുപ്രീംകോടതി ഒന്നര വര്‍ഷം മുമ്പ് നിര്‍ദേശിച്ചിരുന്നുവെങ്കിലും ഇത് പ്രാവര്‍ത്തികമാകാന്‍ സാധ്യതയില്ല. നിലവിലെ സാഹചര്യത്തില്‍ ഏപ്രില്‍, മേയ് മാസങ്ങളില്‍ കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. ഈ സമയത്തിനുള്ളില്‍ പ്രവാസികള്‍ക്ക് അവര്‍ ജോലി ചെയ്യുന്ന രാജ്യങ്ങളില്‍ ഇരുന്ന് വോട്ട് ചെയ്യാനോ പ്രോക്സി വോട്ട് സംവിധാനം ഏര്‍പ്പെടുത്താനോ സാധിക്കില്ളെന്ന് വ്യക്തമാണ്. ഇതോടെ കാലങ്ങളായി തെരഞ്ഞെടുപ്പില്‍ നേരിട്ട് ഭാഗഭാക്കാകണമെന്ന പ്രവാസികളുടെ ആഗ്രഹമാണ് നീണ്ടുപോകുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിരുവനന്തപുരത്ത് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി നടത്തിയ യോഗത്തിന് ശേഷം വ്യക്തമാക്കിയതും ഇത്തവണ പ്രവാസി വോട്ട് സാധ്യമാകില്ളെന്നാണ്. പ്രവാസികളുടെ പ്രതിനിധികള്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം (പ്രോക്സി വോട്ട്) ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ശിപാര്‍ശ നിയമമന്ത്രാലയത്തിന്‍െറ പരിഗണനയിലാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയത്. ഈ നിയമം പാസായാല്‍ മൂന്ന് മാസത്തിനകം നടപ്പാക്കാന്‍ തയാറാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. 
നിലവിലെ സാഹചര്യത്തില്‍ നിയമം പാസാക്കുന്നതിനും പ്രാബല്യത്തില്‍ വരുന്നതിനും സമയമെടുക്കും. കേരളത്തിലെ മധ്യവേനല്‍ അവധി കഴിയുന്നതിന് മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമെന്നതിനാല്‍ ഇത്തവണ പ്രവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ സാധിക്കില്ല. 
നിയമം ഇപ്പോള്‍ നടപ്പായാല്‍ പോലും കേരള നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പ്രോക്സി വോട്ട് അടക്കം നടക്കാന്‍ സാധ്യതയില്ളെന്നാണ് കമ്മീഷന്‍െറ നിലപാട് വ്യക്തമാക്കുന്നത്. അപ്രതീക്ഷിത സാഹചര്യങ്ങള്‍ ഒന്നും ഉരുത്തിരിഞ്ഞില്ളെങ്കില്‍ മലയാളികളായ പ്രവാസികള്‍ വോട്ട് ചെയ്യുന്നതിന് മൂന്നര വര്‍ഷത്തോളം കാത്തിരിക്കേണ്ടി വരും. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അടുത്ത പൊതുതെരഞ്ഞെടുപ്പിന് മൂന്നര വര്‍ഷം സമയമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിന് നാല് വര്‍ഷത്തിലധികവും എടുക്കും. 
അതേസമയം, വോട്ടര്‍ പട്ടികയില്‍ പേരുള്ള പ്രവാസികള്‍ക്ക് നാട്ടിലത്തെിയാല്‍ വോട്ട് ചെയ്യാന്‍ സാധിക്കും. സംസ്ഥാന സര്‍ക്കാറിന്‍െറ ഒൗദ്യോഗിക കണക്കു പ്രകാരം 16.25 ലക്ഷവും അനൗദ്യോഗിക കണക്കുകള്‍ പ്രകാരം 25 ലക്ഷവും മലയാളികളാണ് പ്രവാസികളായുള്ളത്. ഇവരില്‍ 90 ശതമാനത്തോളം പേരും കഴിയുന്നത് ഗള്‍ഫ് രാജ്യങ്ങളിലാണ്. പ്രവാസികളില്‍ ബഹുഭൂരിഭാഗം പേര്‍ക്കും ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിക്കാന്‍ സാധിക്കാത്ത അവസരമാണ് നിലനില്‍ക്കുന്നത്. 
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന്‍െറ വേളയിലാണ് പ്രവാസി വോട്ട് വിഷയം വീണ്ടും ഉയര്‍ന്നുവന്നത്. പ്രവാസി വ്യവസായിയും വി.പി.എസ് ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലില്‍ സുപ്രീംകോടതിയെ സമര്‍പ്പിക്കുകയും പ്രവാസി വോട്ട് അവകാശം അനുവദിക്കണമെന്ന വിധി സമ്പാദിക്കുകയുമായിരുന്നു. എന്നാല്‍, ഏത് രീതിയില്‍ വോട്ടവകാശം സാധ്യമാക്കും എന്നത് സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ മൂലം ഇത് നീണ്ടുപോയി. 
വിദേശ രാജ്യങ്ങളില്‍ പോളിങ് ബൂത്തുകള്‍, ഓണ്‍ലൈന്‍ സംവിധാനം, പ്രോക്സി വോട്ട് എന്നിവയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍െറ മുന്നിലത്തെിയത്. പ്രോക്സി വോട്ട് അനുവദിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശിപാര്‍ശ നല്‍കിയത്. 
ഈ ശിപാര്‍ശയാണ് ഇപ്പോള്‍ കേന്ദ്ര നിയമ മന്ത്രാലയത്തിന്‍െറ പരിഗണനയിലുള്ളത്. ഇതിന്‍െറ നിയമ സാധുത പരിശോധിക്കുകയും പാര്‍ലമെന്‍റ് പാസാക്കുകയും ചെയ്തതിന് ശേഷമേ പ്രവാസികള്‍ക്ക് വോട്ട് അവകാശം ലഭ്യമാകൂ. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.