ദുബൈ: ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് 5000ലധികം ആളുകള്‍ ഒന്നിക്കുന്ന ‘യോഗ തിരമാല’യും കൂട്ടനടത്തവും വെള്ളിയാഴ്ച ഷാര്‍ജ സ്കൈലൈന്‍ യൂനിവേഴ്സിറ്റി കോളജ് ഗ്രൗണ്ടില്‍ നടക്കും. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍, എഫ്.ഒ.ഐ ദുബൈ, സ്കൈലൈന്‍ യൂനിവേഴ്സിറ്റി കോളജ് എന്നിവയുമായി സഹകരിച്ച് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ കെ. മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മൂന്ന് തരം യോഗാസനങ്ങള്‍ ഒന്നിന് പുറകെ ഒന്നായി ആളുകള്‍ അവതരിപ്പിക്കുന്ന തരത്തിലാണ് ‘യോഗ തിരമാല’ സജ്ജീകരിച്ചിരിക്കുന്നത്. അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് ജൂണ്‍ 21ന് ദുബൈയില്‍ നടന്ന യോഗ പരിപാടിയുടെ തുടര്‍ച്ചയാണിത്. രാവിലെ ഏഴിന് തുടങ്ങുന്ന ‘യോഗ തിരമാല’ 11.30 വരെ നീളും. തുടര്‍ന്ന് നടക്കുന്ന കൂട്ടനടത്തത്തില്‍ ഷാര്‍ജ ഇന്ത്യന്‍ സ്കൂളിലെയും ദുബൈ, ഷാര്‍ജ, വടക്കന്‍ എമിറേറ്റുകള്‍ എന്നിവിടങ്ങളിലെ മറ്റ് സ്കൂളുകളിലെയും 12,000ഓളം വിദ്യാര്‍ഥികള്‍ പങ്കെടുക്കുമെന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ. വൈ.എ. റഹീം പറഞ്ഞു. ലഹരിവസ്തുക്കള്‍ക്കെതിരെ വിദ്യാര്‍ഥികളെ ബോധവത്കരിക്കുകയെന്ന ലക്ഷ്യത്തോടെ ‘സ്വതന്ത്ര’ എന്ന സന്നദ്ധ സംഘടനയുടെ ആഭിമുഖ്യത്തിലാണ് പരിപാടി.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.dubaiyoga.org എന്ന വെബ്സൈറ്റില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്യണം. ഇതിന്‍െറ പ്രിന്‍റൗട്ടുമായി പരിപാടി നടക്കുന്ന സ്ഥലത്ത് രാവിലെ 6.30ന് എത്തണം. അവിടെ അവസാനഘട്ട രജിസ്ട്രേഷന്‍ നടക്കും. 7.30നാണ് യോഗ തുടങ്ങുക. ഒമ്പത് വരെ നീളും. സുഖാസന, ശവാസന, മകരാസന എന്നിവയാണ് ഒന്നിന് പുറകെ ഒന്നായി അവതരിപ്പിക്കുക. 9.30 മുതല്‍ 10.30 വരെ കൂട്ടനടത്തം. സ്കൂള്‍ യൂനിഫോമിലത്തെുന്ന വിദ്യാര്‍ഥികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കും. പത്മശ്രീ ഡോ. കെ.ജെ. യേശുദാസ് മുഖ്യാതിഥിയായിരിക്കും. ദുബൈയിലെയും ഷാര്‍ജയിലെയും വിവിധ ഭാഗങ്ങളില്‍ നിന്ന് യോഗ വേദിയിലേക്ക് വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ട് ആറിന് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓഡിറ്റോറിയത്തില്‍ യേശുദാസിന്‍െറ സംഗീത കച്ചേരിയും സംഘടിപ്പിച്ചിട്ടുണ്ട്.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ സെക്രട്ടറി ബിജുസോമന്‍, ജോ. ജനറല്‍ സെക്രട്ടറി അഡ്വ. അജി കുര്യാക്കോസ്, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ചന്ദ്രബാബു, അബ്ദുല്‍ മനാഫ്, സ്കൈലൈന്‍ യൂനിവേഴ്സിറ്റി കോളജ് ചെയര്‍മാന്‍ നിതിന്‍ ആനന്ദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.