ദാന വര്‍ഷം മറ്റുള്ളവരുടെ ജീവിതത്തില്‍  നല്ല മാറ്റങ്ങളുണ്ടാക്കാന്‍- ശൈഖ് മുഹമ്മദ്

ദുബൈ: യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പ്രഖ്യാപിച്ച ദാനവര്‍ഷം രാജ്യത്തിന് കൂടുതല്‍ അനുഗ്രഹങ്ങളും സന്തോഷവും സുരക്ഷയും ലഭിക്കാന്‍ നിദാനമാകുമെന്ന് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം.  ശൈഖ് സായിദിന്‍െറ കാലം മുതല്‍ രാജ്യത്തിന് നല്‍കലിന്‍െറ പാരമ്പര്യമുണ്ട്, അദ്ദേഹത്തിന്‍െറ മക്കളിലൂടെ അതു തുടരുന്നു.  ഉദാരമായി നല്‍കുന്നതിലോ സന്നദ്ധപ്രവര്‍ത്തനത്തിലോ ദാനത്തെ പരിമിതപ്പെടുത്തരുതെന്നും മറ്റുള്ളവരുടെ ജീവിതത്തില്‍ മാറ്റം വരുത്തുമ്പോഴാണ് യഥാര്‍ഥ ദാനം സാധ്യമാവുന്നതെന്നും രാജ്യത്തെ ജനങ്ങളെ സംബോധന ചെയ്യുന്ന സന്ദേശത്തില്‍ ശൈഖ് മുഹമ്മദ് പറഞ്ഞു.  വ്യക്തിയുടെയും സമൂഹത്തിന്‍െറയും പരിവര്‍ത്തനത്തിലും  രാജ്യത്തിന്‍െറ പ്രയാണത്തിലും പരിവര്‍ത്തനം വരുത്താനാവുന്നതാവണം ദാനമെന്ന് ശൈഖ് സായിദില്‍ നിന്ന് താന്‍ പഠിച്ച പാഠമാണ്. ദൈവം ജനങ്ങളെ സൃഷ്ടിച്ചതു തന്നെ നന്‍മ ചെയ്യാനാണ്, അത് പ്രാവര്‍ത്തികമാക്കല്‍ പ്രയാസകരമല്ല. ഓരോ പിതാവും സ്വയം ചോദിക്കണം - കുടുംബത്തിനുവേണ്ടി തനിക്ക് എന്തു ചെയ്യാനാകുമെന്ന്. ഓരോ അമ്മമാര്‍ക്കും അവരുടെ കുടുംബത്തിലും സമൂഹത്തിലും ഒട്ടേറെ മാറ്റങ്ങളുണ്ടാക്കാനാവും. ഓരോ മക്കളും സ്വയം ചോദിക്കണം മാതാപിതക്കളെ സന്തോഷിപ്പിക്കാനും അവരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്താനും എന്താണു താന്‍ ചെയ്യേണ്ടതെന്ന്.
നന്‍മ ചെയ്യല്‍ എളുപ്പമാണ്. കിളികളെ ഊട്ടിയും അയല്‍വാസിയെ നോക്കി പുഞ്ചിരിച്ചും തന്‍െറ ജോലി ഏറ്റവും നല്ല രീതിയില്‍ നിര്‍വഹിച്ചും സഹപ്രവര്‍ത്തകരോട് ദയാപൂര്‍വം പെരുമാറിയും ഉത്തരവാദിത്വത്തോടെ ജീവിച്ചും ജനങ്ങളെ സന്തോഷിപ്പിച്ചും ഇതു ചെയ്യാനാവും. ഓരോരുത്തരും അവരവരുടെ ചുറ്റുപാടില്‍ നന്‍മ ചെയ്താല്‍ നമുക്കെല്ലാം ചേര്‍ന്ന് ശരിയായ മാറ്റങ്ങളുണ്ടാക്കാനാവും. കടലോരങ്ങളും മരുഭൂമിയും വൃത്തിയാക്കിയും മരങ്ങളെ പരിപാലിച്ചും നമ്മുടെ പരിസരങ്ങളില്‍ പ്രവര്‍ത്തിക്കാനാവും. നമ്മുടെ കഴിവുകള്‍ പങ്കുവെച്ചും ഊര്‍ജവും പണവും സംഭാവന ചെയ്തും സന്നദ്ധപ്രവര്‍ത്തനം ചെയ്യാം. സന്നദ്ധപ്രവര്‍ത്തനം കൊണ്ട് സമൂഹത്തില്‍ മാറ്റമുണ്ടാക്കാനാവണം. നാം നമ്മുടെ ജീവിതം മുഴുവന്‍ ചെലവിട്ടത്  കഴിവുകളും യോഗ്യതകളും പണവും സമ്പദിക്കുന്നതിനാണ്. എന്നാല്‍ നമുക്കുള്ളവ അതിന്‍െറ ആവശ്യക്കാര്‍ക്ക് നല്‍കാതെ ജീവിതത്തിന്‍െറ യഥാര്‍ഥ അര്‍ഥം മനസിലാക്കാനാവില്ല. ദാനം ചെയ്യാതെ നമ്മുടെ ഹൃദയങ്ങള്‍ സമ്പുഷ്ടമാവില്ല. ഉദാരമതികളായ നിരവധി നിക്ഷേപകരെയും വ്യവസായികളെയും എനിക്ക് വ്യക്തിപരമായി അറിയാം. അവരെയോര്‍ത്ത് യു.എ.ഇ അഭിമാനം കൊള്ളുന്നു.ദാനവര്‍ഷത്തില്‍ കൂടുതല്‍ പേര്‍ അവരുടെ പാത പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നു. മറ്റുള്ളവരുടെ ജീവിതത്തില്‍ മാറ്റം വരുത്താന്‍ ഒട്ടനവധി അവസരം അവര്‍ക്കുണ്ട്. ഭിന്നശേഷിയുള്ളവര്‍ക്കും വയോധികര്‍ക്കും വീടു നിര്‍മിച്ചു നല്‍കാം, ക്ളിനിക്കുകളും ആരോഗ്യകേന്ദ്രങ്ങളും പണിതു നല്‍കാം, ആരോഗ്യ-വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി സംഭാവനകള്‍ നല്‍കാം. അതിനൊപ്പം മാനവിക, പരിസ്ഥിതി മേഖലയില്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങാം.  
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ശക്തമായ ആശയങ്ങളുമായി മുന്നോട്ടുവരണമെന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കുവഹിക്കാന്‍ സ്വകാര്യമേഖലക്ക് അവസരമൊരുക്കണമെന്നും സന്നദ്ധ സംഘടനകളുമായി കൈകോര്‍ക്കണമെന്നും നിര്‍ദേശിച്ച ദുബൈ ഭരണാധികാരി ഗുണകരമായ മാറ്റങ്ങള്‍ വരുത്തുന്നവര്‍ക്ക് അര്‍ഹമായ അംഗീകാരം ലഭ്യമാക്കുന്ന സംവിധാനത്തിന് രൂപം നല്‍കണമെന്നും പറഞ്ഞു.
പുതുവര്‍ഷത്തെക്കുറിച്ച് തനിക്ക് ഏറെ ശുഭപ്രതീക്ഷകളുണ്ടെന്നും സമൂഹത്തില്‍ സ്ഥായിയായ മാറ്റങ്ങളുണ്ടാക്കാനാകുമെന്ന് വിശ്വസിക്കുന്നുവെന്നും പറഞ്ഞ ശൈഖ് മുഹമ്മദ് പുതു തലമുറയില്‍ ജീവനകാരുണ്യ മൂല്യങ്ങള്‍ പകര്‍ന്നുകൊണ്ടാണ് ദാന വര്‍ഷം അവസാനിക്കുകയെന്നും വ്യക്തമാക്കി.  

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.