കൂട്ടുകാരന്‍െറ വിശ്വാസ വഞ്ചനയില്‍പ്പെട്ട  യാസിറിനെ കോടതി വെറുതെ വിട്ടു

ഷാര്‍ജ: ഗള്‍ഫ് നാടുകളിലെ സൗഹൃദങ്ങള്‍ ചിലപ്പോള്‍ ചതിക്കെണികളായി മാറാറുണ്ട്. കോഴിക്കോട് വടകര വില്യാപ്പള്ളി സ്വദേശി പി.കെ. യാസിര്‍ സലാമിനും പറ്റിയത് ഇത്തരത്തിലൊരു വലിയ ചതിയാണ്. ചതിച്ചതാക്കട്ടെ മലയാളി സുഹൃത്തും. 
ദേരയിലെ കഫ്തീരിയയില്‍ വെച്ച് പരിചയപ്പെട്ട  തലശ്ശേരി സ്വദേശിയാണ് ബിസിനസുകാരനായ യാസിറിന്‍െറ ജീവിതത്തെ കേസിലേക്കും ജയിലിലേക്കും വലിച്ചിഴച്ചത്. ദുബൈ മുറഖാബാദ് പൊലീസ് സ്റ്റേഷന്‍ പരിസരത്ത് നടന്ന അപകടവുമായി ബന്ധപ്പെട്ട് സ്റ്റേഷനിലത്തെിയ യാസിറിനോട് നിങ്ങളുടെ പേരില്‍ ഷാര്‍ജയിലൊരു കേസുണ്ടെന്നും നിങ്ങളെ അറസ്റ്റ് ചെയ്ത് ഷാര്‍ജ പൊലീസിന് കൈമാറുകയാണെന്നും പൊലീസ് മേധാവി പറഞ്ഞപ്പോള്‍ യുവാവ് ശരിക്കും ഞെട്ടി. 
2014 മേയിലാണ് സംഭവം. തലശ്ശേരിക്കാരനുമായുള്ളപരിചയം വളര്‍ന്ന് ആത്മബന്ധമായി. ഇതിനിടക്കാണ് അവന്‍ ഒരു കാര്യം പറഞ്ഞു നിങ്ങളുടെ ഇത്തിസലാത്ത് , ജല-വൈദ്യുത ബില്ലുകള്‍ അടക്കാനുണ്ടെങ്കില്‍ തനിക്ക് തരണം. തന്‍െറ അര്‍ബാബിന് 20 ശതമാനം ഇളവ് കിട്ടുന്ന ക്രഡിറ്റ് കാര്‍ഡുണ്ട്.  പണം അടച്ച സന്ദേശം ലഭിച്ചതിന് ശേഷം പണം തന്നാല്‍ മതി. വാക്ക് വിശ്വാസിച്ച യാസിര്‍ സമ്മതം മൂളി. പറഞ്ഞപോലെ കൃത്യമായി സന്ദേശം ലഭിക്കുകയും ചെയ്തു. ഈ വകയിലെ 8000 ദിര്‍ഹം യാസിര്‍ സുഹൃത്തിന് നല്‍കുകയും ചെയ്തു.  എന്നാല്‍ രശീതി ചോദിച്ചപ്പോള്‍ അത് അര്‍ബാബിന്‍െറ കൈയിലാണെന്നാണ് പറഞ്ഞത്.
നാട്ടില്‍ പോയി മൂന്ന് മാസത്തിന് ശേഷം തിരിച്ച് വന്നപ്പോളാണ് ബില്‍ കുടിശികയുമായി ബന്ധപ്പെട്ട കടലാസ് കിട്ടിയത്. പണം കൃത്യമായി അടച്ചതിന്‍െറ സന്ദേശം ലഭിച്ചതാണെന്ന് യാസിര്‍ ബന്ധപ്പെട്ട കേന്ദ്രത്തില്‍ പറഞ്ഞു. കൂട്ടുകാരനെ തിരഞ്ഞെങ്കിലും കണ്ടത്തൊനായില്ല. 
പിന്നിട് ആറ് മാസങ്ങള്‍ക്ക് ശേഷമാണ് മേപ്പടി അപകടം ഉണ്ടാകുന്നത്. യാസിര്‍ ഷാര്‍ജയിലുള്ള ഒരു വക്കീലിനെ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ച് കേസ് നടത്തിയെങ്കിലും നിരപരാധിത്വം തെളിയിക്കാനായില്ല. ഒരു മാസം ജയിലും നാടുകടത്തലുമാണ് കോടതി ശിക്ഷ വിധിച്ചത്. യാസിര്‍ ഷാര്‍ജ പൊലീസിലും പബ്ളിക്ക് പ്രോസിക്യൂഷനിലും തന്‍െറ നിരപരാധിത്വം ഏറ്റ് പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. യു.എ.ഇ പൗരന്‍െറ അക്കൗണ്ട് ചോര്‍ത്തിയാണ് ‘സുഹൃത്ത്  തട്ടിപ്പ് നടത്തിയതെന്ന് മനസിലായി. തുടര്‍ന്ന് മുഹമ്മദ് സല്‍മാന്‍ അഡ്വക്കറ്റ്സിലെ ലോയര്‍ അസിസ്റ്റന്‍ന്‍റ് മഹ്മൂദ് അലവിയെ സമീപ്പിച്ചു. സുപ്രീം കോടതിയില്‍ ഹരജി നല്‍കി.  സുപ്രീംകോടതിയില്‍ യാസിറിന് വേണ്ടി അഡ്വ. അബ്ദുല്ല സല്‍മാന്‍  ഹാജറായി. 
യാസിര്‍ ചതിയില്‍ പെട്ടതാണെന്ന വാദിച്ചതിന്‍െറ അടിസ്ഥാനത്തില്‍ കേസ് പുനര്‍ വിചാരണക്കായി സുപ്രീംകോടതി ഷാര്‍ജ അപ്പീല്‍ കോടതിയിലേക്ക് തിരിച്ചയച്ചു.  10 മാസത്തെ വിചാരണ നടന്നു. സാക്ഷികള്‍ കോടതിയില്‍ ഇദ്ദേഹത്തിനുണ്ടായ അനുഭവം പറഞ്ഞു. കൂടാതെ തന്‍െറ അക്കൗണ്ട് ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി കൊടുത്ത  യു.എ.ഇ പൗരന്‍ പരാതി പിന്‍വലിക്കുകയും ചെയ്തു. 
ഇതിനെ തുടര്‍ന്ന് യാസിറിനെതിരെയുള്ള കീഴ് കോടതി വിധി കഴിഞ്ഞ 20ന് റദ്ദ് ചെയ്തു. വലിയൊരു ദുരന്തം അകന്ന ആശ്വാസത്തിലാണ് യാസിര്‍. 
എന്നാല്‍ ഇയാളെ ചതിയില്‍പ്പെടുത്തിയയാള്‍ ഇവിടെ നിന്ന് മുങ്ങിയതായിട്ടാണ് അറിയുന്നത്. ഇയാള്‍ക്കെതിരെ സമാനമായ നിരവധി കേസുകള്‍ നാട്ടിലുമുണ്ടന്നാണ് അറിയുന്നത്. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.