ആവേശത്തോടെ മലയാളികള്‍; ചരിത്രമായി പൗര സ്വീകരണം

ദുബൈ: ഒരു മലയാളി നേതാവിന് യു.എ.ഇയില്‍ മുമ്പൊന്നും   ലഭിക്കാത്ത പൗരസ്വീകരണമാണ് മുഖ്യമന്ത്രി പിണറായി വിജയന് വെള്ളിയാഴ്ച ദുബൈയില്‍ ലഭിച്ചത്. രാഷ്ട്രീയം മറന്ന് പ്രവാസി സംഘടനകള്‍ സംഘാടകരായപ്പോള്‍ ആയിരക്കണക്കിന് പേരാണ് ദുബൈ മീഡിയ സിറ്റിയിലെ ആംഫി തിയേറ്ററില്‍ തടിച്ചുകൂടിയത്. 
 വൈകിട്ട് ആറുമണിയോടെ  പിണറായി വിജയന്‍ എത്തിയപ്പോള്‍ നാട്ടിലെപോലെ വലിയ ആരവത്തോടെയാണ് പ്രവാസികള്‍ എതിരേറ്റത്.
'ലാല്‍ സലാം സഖാവെ, ധീരാ വീരാ പിണറായി,  പോരാട്ടത്തിന്‍ നാളുകളില്‍ ഞങ്ങളെ നയിച്ച നേതാവെ..... എന്ന് ചിലര്‍ വിളിച്ചുപറഞ്ഞു. ചിലര്‍ ചുകപ്പ് വസ്ത്രമണിഞ്ഞിരുന്നു.
 പിണറായിയുടെ പ്രവാസി ക്ഷേമ പ്രഖ്യാപനങ്ങള്‍ക്കും നല്ല കൈയടി കിട്ടി. 
ഒരു മണിക്കൂറോളം പ്രവാസി വിഷയങ്ങള്‍ ഒരോന്നോരോന്നായി വിശദീകരിച്ച പിണറായി വിജയന്‍ തണുപ്പ് കൂടുന്നത് സദസ്സിന് പ്രയാസമൂണ്ടാക്കുമെന്ന് മനസ്സിലാക്കുന്നതായി പറഞ്ഞാണ് സംസാരം അവസാനിപ്പിച്ചത്.
സുരക്ഷാ പരിശോധനക്ക് ശേഷമായിരുന്നു ആളുകളെ തുറന്ന വേദിയിലേക്ക് കയറ്റിവിട്ടത്. വിവിധ എമിറേറ്റുകളില്‍ നിന്ന് പ്രത്യേക വാഹനങ്ങളിലാണ് കൂടുതല്‍ പേരും എത്തിയത്. ലേബര്‍ ക്യാമ്പുകളില്‍ നിന്ന് ബസുകളില്‍ തൊഴിലാളിക്കൂട്ടങ്ങളുമത്തെി. 
വേദിയില്‍ നിറയെ വിശിഷ്ടാതിഥികള്‍ ഉണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രി മാത്രമാണ് കാര്യമായി സംസാരിച്ചത്. അധ്യക്ഷ പ്രസംഗവും സ്വാഗതവും നന്ദിയും ഏതാനും വാക്കുകളില്‍ ഒതുങ്ങി. ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സിങ് സൂരിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. വ്യവസായികളായ എം.എ.യൂസഫലി, ഡോ.ബി.ആര്‍.ഷെട്ടി, ഡോ.ആസാദ് മൂപ്പന്‍, രവിപിള്ള, സി.കെ.മേനോന്‍, ഷംലാല്‍ അ്ഹമദ്, ഡോ. ഷംസീര്‍ വയലില്‍ വിവിധ സംഘടനാ പ്രതിനിധികളായ സി.കെ.സലാം, കെ.ബി.മുരളി, മുരളി,സന്തോഷ്, മുഹമ്മദ് കുഞ്ഞി, അന്‍വര്‍ നഹ എന്നിവരും വി.കെ.അഷ്റഫ്, ജോണ്‍ ബ്രിട്ടാസ്, നളിനി നെറ്റോ ഐ.എ.എസ് എന്നിവരും വേദിയിലുണ്ടായിരുന്നു. 
കൊച്ചുകൃഷണന്‍ അധ്യക്ഷത വഹിച്ചു. കെ.എല്‍.ഗോപി സ്വാഗതവും ദുബൈ കെ.എം.സി.സി.പ്രസിഡന്‍റ് പി.കെ.അന്‍വര്‍ നഹ നന്ദിയും പറഞ്ഞു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.