ജോലി നഷ്ടപ്പെട്ട് തിരിച്ചുവരുന്ന  പ്രവാസികള്‍ക്ക് സഹായം

ദുബൈ: ഗള്‍ഫില്‍ പുതിയ സാഹചര്യത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചുവരുന്നവര്‍ക്കായി കേരള സര്‍ക്കാറിന്‍െറ വിവിധ സഹായ പ്രഖ്യാപനങ്ങള്‍. തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് മറ്റൊരു ജോലി കിട്ടും വരെ അടിയന്തര സാമ്പത്തിക സഹായം, നാട്ടില്‍ ജോലി ലഭ്യമാക്കാനായി പ്രത്യേക ജോബ് പോര്‍ട്ടല്‍, തിരിച്ചുവരുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് നാട്ടില്‍ സ്കൂള്‍ പ്രവേശനം ഉറപ്പാക്കല്‍ തുടങ്ങിയ കാര്യങ്ങളാണ് ദുബൈയില്‍ നല്‍കിയ പൗരസ്വീകരണത്തില്‍ പ്രവാസി കാര്യവകുപ്പിന്‍െറ ചുമതലകൂടി വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. 
തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ബദല്‍ തൊഴില്‍ കിട്ടുന്നതുവരെ താല്‍ക്കാലിക സഹായമായി ആറു മാസത്തെ ശമ്പളം തൊഴില്‍ നഷ്ട സുരക്ഷ എന്ന നിലക്ക് നല്‍കാന്‍ ശ്രമിക്കും. ജോലി കിട്ടുംവരെയുള്ള അടിയന്തര സാമ്പത്തിക ആവശ്യങ്ങള്‍ നേരിടാന്‍ വേണ്ടിയാണിത്. അതോടൊപ്പം ഇതര ആനുകൂല്യമൊന്നുമില്ലാത്ത വ്യക്തിയാണെങ്കില്‍ ഗള്‍ഫില്‍ ജോലിചെയ്ത ഓരോ വര്‍ഷത്തിനും ഓരോ മാസത്തെ ശമ്പളം എന്ന രീതിയില്‍ നല്‍കാനാകുമോ എന്നു പരിശോധിക്കും. ഗള്‍ഫില്‍ നല്ല ജോലി തേടിവന്ന് നല്ല രീതിയില്‍ ജീവിച്ച് പിന്നെ തിരിച്ചുപോകുമ്പോള്‍ വിഷമിക്കുന്ന അവസ്ഥ ഉണ്ടാകാന്‍ പാടില്ല. 
അത്തരം ആളുകളെ നല്ല രീതിയില്‍ പുനരധിവസിപ്പിക്കാനുള്ള എല്ലാ നടപടികളുമാണ് സര്‍ക്കാര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് പതിനായിരത്തോളം പ്രവാസികള്‍ തടിച്ചുകൂടിയ സ്വീകരണസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. 
സാമ്പത്തിക മാന്ദ്യം പ്രവാസ ലോകത്ത് തൊഴില്‍ നഷ്ടത്തിനും വരുമാനം കുറയാനുമൊക്കെ ഇടയാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഈ നടപടികള്‍ കൈക്കൊള്ളുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രവാസികള്‍ക്കു മാത്രമായി  പൂര്‍ണതോതിലുള്ള  ജോബ് പോര്‍ട്ടല്‍ തുടങ്ങും. പ്രവാസി മലയാളിയുടെ പേര്, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ ചരിത്രം, വൈദഗ്ധ്യം തുടങ്ങിയ വിശദാംശങ്ങള്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യാനാകും. തൊഴിലാളികളെ ആവശ്യമുള്ള കമ്പനികള്‍ക്ക് അത്തരം വിവരങ്ങള്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കാന്‍ സൗകര്യം ചെയ്യും. വിവിധ കമ്പനികള്‍ക്ക് ഉചിതമായി ജോലിക്കാരെയും  തിരിച്ചും കണ്ടത്തൊന്‍  പോര്‍ട്ടല്‍വഴി സാധിക്കും. 
തൊഴിലുടമകളുടെയും  റിക്രൂട്ട്മെന്‍റ് ഏജന്‍സികളുടെയും ചൂഷണത്തിനിരയായവരെ സംരക്ഷിക്കേണ്ടത് നാടിന്‍െറ ബാധ്യതയായാണ് കാണുന്നത്. കേന്ദ്ര സര്‍ക്കാറുമായി ചേര്‍ന്ന് ഈ തൊഴിലാളികളെ സംരക്ഷിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ഇതിനായി നിയമനിര്‍മാണത്തിന് ശ്രമിക്കും. മിനിമം തൊഴില്‍ സമയം, നല്ല താമസ സൗകര്യം, യാത്ര അവകാശം ഇവയെല്ലാം സംബന്ധിച്ച് നിലവിലുള്ള നിയമം ശരിയായ രീതിയില്‍ നടപ്പാക്കാന്‍ ശ്രമിക്കും. 
സമയത്തിന് ശമ്പളം ലഭ്യമാക്കാനും തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്താനും ശ്രമിക്കും. നിയമം ലംഘിക്കുന്ന കമ്പനികളെക്കുറിച്ച് അന്വേഷണം നടത്തി കടുത്ത ശിക്ഷ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെടും. തൊഴിലാളികളെ കബളിപ്പിക്കുന്ന കമ്പനികളെ കരിമ്പട്ടികയില്‍പ്പെടുത്തി പൂട്ടിക്കാന്‍ നടപടി സ്വീകരിക്കും. റിക്രൂട്ട്മെന്‍റ് ഏജന്‍സികളെ പ്രവര്‍ത്തന മികവിന്‍െറ  അടിസ്ഥാനത്തില്‍  ഗ്രേഡ് ചെയ്യും. ഈ പട്ടിക നോര്‍ക്കയുടെ പോര്‍ട്ടലില്‍ പരസ്യപ്പെടുത്തും. തൊഴിലന്വേഷകര്‍ക്ക് നല്ല ഏജന്‍സിയെ തെരഞ്ഞെടുക്കാന്‍ ഇതുവഴി സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.