മലയാളികളായ പ്രവാസികള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കാന്‍ നിസ്വാര്‍ഥമായി പ്രവര്‍ത്തിച്ച മഹാ വ്യക്തിത്വമായിരുന്നു വ്യാഴാഴ്ച അന്തരിച്ച എം.കെ. കമാലുദ്ദീന്‍ ഹാജി. 1980ല്‍ ദുബൈയില്‍ ന്യൂ മോഡല്‍ ഇന്ത്യന്‍ സ്കൂള്‍ ആരംഭിക്കുമ്പോള്‍ കേരള സിലബസില്‍ പഠിച്ച വിദ്യാര്‍ഥികളുടെ തുടര്‍ വിദ്യാഭ്യാസത്തിന് തുണയാകുക എന്നതായിരുന്നു അദ്ദേഹത്തിന്‍െറ ലക്ഷ്യം. മഹത്തായ ഈ പ്രവൃത്തിയിലെ നന്മ തിരിച്ചറിഞ്ഞ് മുന്‍ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയ സ്കൂളിന്‍െറ ഉദ്ഘാടനത്തിനത്തെി. 1982ല്‍ ഷാര്‍ജയിലും പിന്നീട് അബൂദബിയിലും അല്‍ഐനിലും സ്കൂള്‍ ആരംഭിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ദുബൈ സെന്‍ട്രല്‍ സ്കൂള്‍ ഏറ്റെടുക്കുകയും ചെയ്തു.
നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് എന്നും താങ്ങും തണലുമായിരുന്നു കമാലുദ്ദീന്‍ ഹാജി. കുറഞ്ഞ ചെലവില്‍ അദ്ദേഹം യു.എ.ഇയിലെ ഇന്ത്യന്‍ സമൂഹത്തിന് വിദ്യാഭ്യാസം ലഭ്യമാക്കി. എന്നാല്‍, വിദ്യാഭ്യാസ ഗുണനിലവാരത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്തിരുന്നില്ല. അക്കാദമിക ആവശ്യത്തിലേക്കുള്ള എന്ത് കാര്യം സമര്‍പ്പിച്ചാലും വളരെ പെട്ടെന്ന് തന്നെ ലഭ്യമാക്കുമായിരുന്നു. ഒരു കുടുംബത്തിലെ മൂന്ന് കുട്ടികള്‍ സ്കൂളില്‍ പഠിക്കാന്‍ വരുന്നുണ്ടെങ്കില്‍ ഒരു കുട്ടിയുടെ ഫീസ് സൗജന്യമാക്കി.
ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം ധാര്‍മിക വിദ്യാഭ്യാസത്തിനും അദ്ദേഹം പ്രാധാന്യം നല്‍കി. ദുബൈയിലെ സ്കൂളില്‍ അദ്ദേഹം ഖുര്‍ആന്‍ പഠനം നടപ്പാക്കിയിരുന്നു. യു.എ.ഇയില്‍ നടക്കുന്ന അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരങ്ങളില്‍ ഉന്നത വിജയം നേടാന്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഇത് വലിയ സഹായമായി.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും മാതൃകയായിരുന്നു. ആരുടെയെങ്കിലും ബിസിനസ് സംരംഭം പ്രതിസന്ധിയിലാണെന്നറിഞ്ഞാല്‍ ഉടന്‍ സഹായമത്തെിക്കുമായിരുന്നു. മണക്കാട്ട് സ്ഥാപിച്ച അല്‍ ആരിഫ് ആശുപത്രിയിലെ മൂന്ന് ഡയാലിസിസ് യൂനിറ്റുകള്‍ സൗജന്യ ഡയാലിസിസിനായി മാറ്റിവെച്ചിരുന്നു.
ആഢംബര ജീവിതത്തിനുള്ള എല്ലാ സാഹചര്യമുണ്ടായിരുന്നെങ്കിലും ലളിതമായാണ് അദ്ദേഹം ജീവിച്ചത്. എല്ലാ വ്യാഴാഴ്ചയും ഷാര്‍ജയിലെ മജ്ലിസിലത്തെി അവിടുത്തെ ഭക്ഷണം കഴിച്ച് അവിടെ തന്നെ ഉറങ്ങുമായിരുന്നു. സ്കൂളിലെ വിദ്യാര്‍ഥികളെയും അധ്യാപകരെയും മജ്ലിസില്‍ പങ്കെടുക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
സഫലമായ ഒരു ജീവിതത്തിന് ശേഷമുള്ള വിടവാങ്ങലാണ് കമാലുദ്ദീന്‍ ഹാജിയുടേത്. എങ്കിലും വിദ്യാഭ്യാസ മേഖലക്കും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചവര്‍ക്കും നികത്താനാവാത്തതാണ് ഈ നഷ്ടം.
(നിംസ് ഗ്രൂപ്പ് ഓഫ് സ്കൂള്‍സ് ഡയറക്ടറാണ് ലേഖകന്‍)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.