ദുബൈയില്‍ സ്വര്‍ണവുമായി  മുങ്ങിയ മലയാളി യുവാവിന് രണ്ടു വര്‍ഷം തടവ്

ദുബൈ: 2.70 ലക്ഷം ദിര്‍ഹമിന്‍െറ (ഏകദേശം 50 ലക്ഷം രൂപ)സ്വര്‍ണവുമായി മുങ്ങിയ കേസില്‍ കോഴിക്കോട് ഫ്രാന്‍സിസ് റോഡ് സ്വദേശി ജുനൈദി(23)ന് ദുബൈ കോടതി രണ്ടു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. ശിക്ഷ അനുഭവിച്ചശേഷം നാടുകടത്താനും ഉത്തരവിട്ടു.
കഴിഞ്ഞ ഒക്ടോബര്‍ 31നായിരുന്നു സംഭവം.  ദുബൈ ഗോള്‍ഡ് സൂഖില്‍ നിന്ന് വാങ്ങിയ 1800 ഗ്രാം  സ്വര്‍ണം മറ്റൊരാള്‍ക്ക് കൈമാറാന്‍ ജുനൈദിനെ ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് പ്രതി സ്വര്‍ണവുമായി മുങ്ങി. 
സ്വര്‍ണം ഏല്‍പ്പിച്ചവര്‍ ദുബൈ റാശിദിയ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയെതുടര്‍ന്ന്  ഫേസ്ബുക് വഴി പ്രതിയെ പിന്തുടര്‍ന്ന  പൊലീസ് നാടകീയമായാണ് ജുനൈദിനെ പിടികൂടിയത്.
സ്ത്രീയുടെ ഫോട്ടോ വെച്ച് സൗഹൃദം സ്ഥാപിച്ചശേഷം പൊലീസ് ഇയാളുടെ താമസ കേന്ദ്രം കണ്ടത്തെി. തുടര്‍ന്ന് ചാറ്റിങ് നടത്തി ദേര സിറ്റി സെന്‍ററിലേക്ക് വിളിപ്പിച്ച് അവിടെ നിന്ന് രഹസ്യപൊലീസ്  പിടികൂടുകയായിരുന്നു.  നവംബര്‍ 18നായിരുന്നു അറസ്റ്റ്.
സ്വര്‍ണവുമായി മുങ്ങിയതിന് ശേഷം ആഡംബര വാഹനമായ ലിമോസിനില്‍ നേപ്പാളി സ്ത്രീകളുമൊത്ത് പ്രതി ജന്മദിനം ആഘോഷിച്ചതിന്‍െറ വീഡിയോ ചിത്രങ്ങളും പൊലീസിന് ലഭിച്ചു. വീഡിയോ ദൃശ്യത്തിലുള്ള കോഴിക്കോട് നല്ലളം സ്വദേശിയുടെ പങ്ക് അന്വേഷിച്ചു വരികയാണ്. ഈ മാസം 13ന് നടന്ന കേസ് വിസ്താരത്തില്‍ 2014ല്‍ സമാനമായ കുറ്റകൃത്യം ചെയ്ത കേസ് നിലനില്‍ക്കുന്നതിനാലും പ്രതി കുറ്റം ചെയ്തതായി  കോടതിക്ക് ബോധ്യപ്പെട്ടതിനാലും രണ്ട് വര്‍ഷം കഠിന തടവും തുടര്‍ന്ന് നാടുകടത്താനുമാണ് ദുബൈ കോടതി ശിക്ഷ വിധിച്ചത്. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.