ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ കെട്ടിടം  നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ദുബൈ: ഷാര്‍ജയിലെ ജുവൈസയില്‍ നിര്‍മ്മിച്ച  ഇന്ത്യന്‍ സ്കൂളിന്‍െറ പുതിയ കെട്ടിടം  വ്യാഴാഴ്ച വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടമുറിച്ച് ഉദ്ഘാടനം ചെയ്യും. കെ. മുരളീധരന്‍ എം.എല്‍.എ ചടങ്ങില്‍ സംബന്ധിക്കുമെന്ന് സ്കൂള്‍ നടത്തിപ്പുകാരായ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തുടര്‍ന്ന് ഏഴുമണിക്ക് ഷാര്‍ജ എക്സ്പോ സെന്‍ററില്‍ വിപുലമായ ഉദ്ഘാടന സമ്മേളനം നടക്കും. ഇതിലും മുഖ്യമന്ത്രി സംബന്ധിക്കും. പുതിയ സ്കൂളിന്‍െറ ത്രിഡി വീഡിയോ പ്രകാശനം കെ. മുരളീധരന്‍ നിര്‍വഹിക്കും.  
ഷാര്‍ജ വൈദ്യുതി,ജല അതോറിറ്റി ചെയര്‍മാന്‍ ഡോ.റാശിദ് അല്‍ ലീം, ഷാര്‍ജ പൊതുമരാമത്ത് ഡയറക്ടറേറ്റ് ചെയര്‍മാന്‍ ഡോ. സലാഹ് ബുട്ടി ഉബൈദ് ബിന്‍ ബുട്ടി, ഷാര്‍ജ ലീഗല്‍ അതോറിറ്റി ചെയര്‍മാന്‍ എന്നിവരും സംബന്ധിക്കും. തുടര്‍ന്ന് മേതില്‍ ദേവിക മുകേഷ് അവതരിപ്പിക്കുന്ന നൃത്ത പരിപാടിയുമുണ്ടാകും.
2017-18 അധ്യയന വര്‍ഷം ഇവിടെ ക്ളാസ് ആരംഭിക്കും. പത്ത് ലക്ഷം ചതുരശ്ര അടി സ്ഥലത്ത് നിര്‍മ്മിച്ച ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച പുതിയ കെട്ടിടത്തില്‍ 160 ക്ളാസ് മുറികളുണ്ട്. ഏഴു ശാസ്ത്ര ലാബുകളും ഏഴു കമ്പ്യൂട്ടര്‍ ലാബുകളും  16 ആക്ടിവിറ്റി മുറികളുമുണ്ടാകും. 6,000 കുട്ടികള്‍ക്ക് തുടക്കത്തില്‍ പ്രവേശനം നല്‍കാന്‍ കഴിയും. 
നാലു ക്ളിനിക്കുകളും രണ്ടു ലൈബ്രറിയും രണ്ടു ഓഡിയോ വിഷ്വല്‍ മുറിയും എല്ലാ ക്ളാസിലും സ്മാര്‍ട്ട് ബോര്‍ഡ്, വൈ ഫൈ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇന്‍ഡോര്‍ സ്റ്റേഡിയവും വിശാലമായ സ്റ്റേജും കളിസ്ഥലവും നിര്‍മിക്കുന്നുണ്ട്. 
ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി ഇന്ത്യന്‍ അസോസിയേഷന്‍ ആരംഭിക്കുന്ന സ്കൂളിന്‍െറ പ്രവര്‍ത്തനം ഉടനെ ആരംഭിക്കും. അനുവാദ പത്രങ്ങള്‍ ലഭിച്ചുകഴിഞ്ഞതായി അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ.വൈ.എ.റഹീം, ജനറല്‍ സെക്രട്ടറി ബിജു സോമന്‍,  വൈസ് പ്രസിഡന്‍റ് മാത്യു ജോണ്‍, ജോ.സെക്രട്ടറി മുഹമ്മദ് ജാബിര്‍, കമ്മിറ്റി അംഗം ജോയ് ജോണ്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.