അബൂദബിയില്‍ ബാര്‍ബര്‍ ഷോപ്പ്-ബ്യൂട്ടി പാര്‍ലര്‍ ജോലിക്കാര്‍ക്ക് ലൈസന്‍സ്  

അബൂദബി: അബൂദബി എമിറേറ്റില്‍ ബാര്‍ബര്‍ ഷോപ്പ്-ബ്യൂട്ടി പാര്‍ലര്‍ ജോലിക്കാര്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനകം അബൂദബി ഗുണമേന്മ-യോഗ്യത സമിതിയുടെ പുതിയ ലൈസന്‍സ് പദ്ധതിക്ക് കീഴില്‍ മുഴുവന്‍ ബാര്‍ബര്‍ ഷോപ്പ്-ബ്യൂട്ടി പാര്‍ലര്‍ ജോലിക്കാരും പരിശീലനം പൂര്‍ത്തിയാക്കി ലൈസന്‍സ് കരസ്ഥമാക്കണം.
ആദ്യ ഘട്ടത്തില്‍ ഓരോ സ്ഥാപനത്തിലെയും 20 ശതമാനം ജോലിക്കാര്‍ ലൈസന്‍സ് നേടിയിരിക്കണം. രജിസ്റ്റര്‍ ചെയ്യപ്പെട്ട സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നതിന് വേണ്ടി സ്ഥാപനങ്ങള്‍ക്ക് അബൂദബി ഗുണമേന്മ-യോഗ്യത സമിതിയില്‍ അപേക്ഷ സമര്‍പ്പിക്കാം. പരിശീലനത്തിനുള്ള ഫീസ് വിവിധ പരിശീലന സ്ഥാപനങ്ങളില്‍ വ്യത്യാസപ്പെട്ടിരിക്കുമെന്ന് സമിതി അറിയിച്ചു. ഫീസിന്‍െറ വിശദ വിവരങ്ങള്‍ ലഭ്യമാക്കിയിട്ടില്ല. ലൈസന്‍സ് നടപടികള്‍ പൂര്‍ത്തീകരിക്കാത്ത സ്ഥാപനങ്ങള്‍ക്ക് ശിക്ഷ വിധിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും അവര്‍ക്ക് കൂടുതല്‍ മികച്ച സേവനം ലഭ്യമാക്കുന്നതിനും വേണ്ടിയാണ് പുതിയ പദ്ധതി നടപ്പാക്കുന്നതെന്ന് അബൂദബി ഗുണമേന്മ-യോഗ്യത സമിതി മാര്‍ക്കറ്റിങ്-ആശയവിനിമയ ഡയറക്ടര്‍ മുഹമ്മദ് ഹിലാല്‍ ആല്‍ ബലൂഷി പറഞ്ഞു. തൊഴില്‍ വൈദഗ്ധ്യത്തോടൊപ്പം ജീവനക്കാര്‍ ആരോഗ്യ-സുരക്ഷാ കാര്യങ്ങളില്‍ പരിശീലനവും നേടിയിരിക്കണം. തിയറി, പ്രാക്ടിക്കല്‍ പരീക്ഷകളിലൂടെ അവരുടെ വൈദഗ്ധ്യം പരിശോധിക്കും. പരീക്ഷ വിജയിക്കുന്നവര്‍ക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റും എമിറേറ്റില്‍ ജോലി ചെയ്യുന്നതിനുള്ള ലൈസന്‍സും അനുവദിക്കും. 
എട്ട് മണിക്കൂര്‍ പരിശീലനമാണ് ജീവനക്കാര്‍ക്ക് നല്‍കുക. പുരുഷ-സ്ത്രീ ജീവനക്കാര്‍ പരിശീലനത്തില്‍ പങ്കെടുക്കണം. സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ജോലിക്കാര്‍ വൃത്തിയും ശുചിത്വവും പാലിക്കുന്നതില്‍ ശ്രദ്ധയുള്ളവരായിരിക്കുകയും മോശം രീതിയില്‍ ജോലി ചെയ്യുന്നതിലൂടെ പകരുന്ന വിവിധ രോഗങ്ങളെ കുറിച്ച് ബോധവാന്മാരായിരിക്കുമെന്നും മുഹമ്മദ് ഹിലാല്‍ ആല്‍ ബലൂഷി അഭിപ്രായപ്പെട്ടു. അണുനശീകരണം നടത്തി ഉപകരണങ്ങള്‍ അവര്‍ വൃത്തിയായി സൂക്ഷിക്കും. മാലിന്യം ശരിയായ രീതിയില്‍ സംസ്കരിക്കുന്നതിനും ജോലിക്കാര്‍ക്ക് പരിശീലനം നല്‍കും. അടിയന്തര ഘട്ടങ്ങളില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നതും പരിശീലിപ്പിക്കുമെന്ന് മുഹമ്മദ് ഹിലാല്‍ ആല്‍ ബലൂഷി കൂട്ടിച്ചേര്‍ത്തു.
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.