ദുബൈ: വര്‍ക്കി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ മൂന്നാമത് ഗ്ളോബല്‍ ടീച്ചര്‍ പ്രൈസ് 2017 നാമനിര്‍ദേശ പട്ടികയില്‍ യു.എ.ഇ യില്‍ നിന്നുള്ള രണ്ടു അധ്യാപകര്‍ ആദ്യമായി സ്ഥാനം നേടി. ലോകത്തിലെ ഏറ്റവും വലിയ അധ്യാപക അവാര്‍ഡില്‍ 10 ലക്ഷം ഡോളറാണ് സമ്മാനത്തുക.
റാസല്‍ഖൈമ അല്‍ ധൈത് ഗേള്‍സ് സെക്കന്‍ഡറി സ്കൂളിലെ ഇംഗ്ളീഷ് അധ്യാപിക ശൈഖാ അല്‍ ഷെഹി, ദുബൈ ജെംസ് വെല്ലിങ്ടണ്‍ അക്കാദമി സിലിക്കണ്‍ ഒയാസിസ് സ്കൂളിലെ രോഹന്‍ റോബര്‍ട്സ് എന്നിവരാണ് പട്ടികയില്‍ സ്ഥാനം പിടിച്ചത്. ദുബൈയിലെ ഫസ്റ്റ് പോയിന്‍്റ് സ്കൂള്‍, ജെംസ് മോഡേണ്‍ അക്കാദമി, ജെംസ് വെല്ലിങ്ടണ്‍ അക്കാദമി സിലിക്കണ്‍ ഒയാസിസ് എന്നിവയുടെ ജെംസ് ഫ്യൂച്ചേഴ്സ് കരിക്കുലത്തിന്‍െറ മേല്‍നോട്ടവും രോഹന്‍ വഹിക്കുന്നു.
ദുബൈയിലെ 40 ജെംസ് സ്കൂളുകളിലെ പ്രഗത്ഭരായ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ഓണേഴ്സ് പ്രോഗ്രാം നയിക്കുന്ന രോഹന്‍, ശാസ്ത്രീയമായ സമീപനത്തിലൂടെ അവരുടെ വ്യക്തിത്വ വികസനം ഉറപ്പാക്കുന്നു.
അദ്ദേഹത്തിന് കീഴിലുള്ള നിരവധി വിദ്യാര്‍ഥികള്‍ ഫുള്‍ സ്കോളര്‍ഷിപ്പോടെ രാജ്യാന്തര സര്‍വകലാശാലകളില്‍ പ്രവേശനം നേടിയിട്ടുണ്ട്.
നിരവധി പേര്‍ ഇംഗ്ളീഷ് ഭാഷയിലെ മികവ് തെളിയിക്കുന്ന കാംബ്രിഡ്ജ് ഇന്‍റര്‍നാഷണല്‍ പുരസ്കാരം നേടിയിട്ടുമുണ്ട്.
അയല്‍ക്കാരുടെ കുട്ടികളെ ചെറുപ്പത്തില്‍ തന്നെ സ്വന്തം വീട്ടുമുറ്റത്തു പഠിപ്പിച്ചു കൊണ്ടാണ് ശൈഖാ അല്‍ ഷെഹി അധ്യാപന രംഗത്ത് പ്രവര്‍ത്തനം ആരംഭിക്കുന്നത്. സ്വന്തം വീടിന്‍െറ വാതിലുകളില്‍ കോറി വരയ്ക്കാനും എഴുതാനും കുട്ടികളെ പ്രോത്സാഹിപ്പിച്ചു കൊണ്ടുള്ള തുടക്കം. കുട്ടികളെ ആഗോള പൗരന്മാരായി വാര്‍ത്തെടുക്കുക എന്നതില്‍ ശുഷ്കാന്തി നല്‍കുന്ന അവര്‍, പരിസ്ഥിതി സംരക്ഷണത്തിനും മുന്‍തൂക്കം നല്‍കുന്നു.
മിഡില്‍ ഈസ്റ് മേഖലയില്‍ നിന്ന് നാമനിര്‍ദേശം ലഭിച്ച മറ്റു അധ്യാപകര്‍ ഒമാനിലെ ആഷ് ശര്‍ഖിയയിലെ അല്‍ മുത്തനബി പ്രൈമറി സ്കൂളിലെ കണക്കു അധ്യാപകന്‍ അലി അല്‍ മറ്റാരി, ജോര്‍ദാനിലെ അമ്മാനിലെ പ്രൈമറി സ്കൂളിലെ സഹര്‍ ഫയ്യാദ് എന്നിവരാണ്.
179 രാജ്യങ്ങളില്‍ നിന്നുള്ള ഏകദേശം 20,000ല്‍ പരം അപേക്ഷകളില്‍ നിന്നാണ് 50 പേരുടെ പട്ടിക തയാറാക്കിയത്. ഇതില്‍ 37 രാജ്യങ്ങളില്‍ നിന്നുള്ളവരുണ്ട്.
അവസാന പത്ത് ഫൈനലിസ്റ്റുകളെ ഫെബ്രുവരിയില്‍ പ്രഖ്യാപിക്കും.
മാര്‍ച്ച് 19ന് ദുബൈയില്‍ നടക്കുന്ന ഗ്ളോബല്‍ എജ്യുക്കേഷന്‍ ആന്‍ഡ് സ്കില്‍സ് ഫോറത്തിലാണ് വിജയിയെ പ്രഖ്യാപിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.