ദുബൈ: സ്വകാര്യ സ്കൂളുകളുടെ വിനോദയാത്രകള്‍ക്ക് കര്‍ശന നിയന്ത്രണം വരുന്നു. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി കടല്‍തീരങ്ങള്‍, മലമ്പ്രദേശങ്ങള്‍, വാട്ടര്‍ പാര്‍ക്കുകകള്‍, മാളുകള്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കാനാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്‍െറ ഉത്തരവ്. മാതാപിതാക്കളില്‍ നിന്ന് വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ നടത്തിയ അന്വേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ഇതിനു പകരമായി പഠിപ്പിക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട ശാസ്ത്രീയ സന്ദര്‍ശനങ്ങള്‍ സംഘടിപ്പിക്കാനാണ് നിര്‍ദേശം.
ഇതു സംബന്ധിച്ച സര്‍ക്കുലര്‍ ഷാര്‍ജ മേഖലയിലെ സ്കൂളുകളില്‍ വിതരണം ചെയ്തു. മറ്റ് എമിറേറ്റുകളില്‍ നിര്‍ദേശം തിങ്കളാഴ്ച നല്‍കും.
കൃത്യമായ ആസൂത്രണം നടത്തിവേണം യാത്രകള്‍ നടത്താന്‍. പഠനയാത്ര വഴി വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന ഗുണം സംബന്ധിച്ച് രക്ഷിതാക്കളെ ബോധ്യപ്പെടുത്തി സമ്മതം നേടിയ ശേഷമേ കുട്ടികളെ യാത്രകള്‍ക്കായി കൊണ്ടുപോകാവു. ഞായര്‍, വ്യാഴം ദിവസങ്ങളില്‍ പെണ്‍കുട്ടികള്‍ക്കും തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും യാത്ര ഒരുക്കണം. 30 കുട്ടികള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ രണ്ട് അധ്യാപകര്‍ അനുഗമിക്കണം. പാഠ്യപദ്ധതിയും പഠന വിഷയവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലേക്കോ സ്ഥാപനങ്ങളിലേക്കോ വേണം യാത്ര പോകാന്‍. വര്‍ഷത്തില്‍ മൂന്നു ദിവസത്തില്‍ കൂടുതല്‍ ഇതിനായി വിനിയോഗിക്കരുത്. ഭക്ഷണം കൊണ്ടുവരാന്‍ കുട്ടികളോടു തന്നെ നിര്‍ദേശിക്കണമെന്നും കുട്ടികളുമായി പോകുന്ന വാഹനങ്ങള്‍ പെട്രോള്‍ പമ്പുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ഭക്ഷണശാലകള്‍ എന്നിവക്കു മുന്നില്‍ നിര്‍ത്തിയിടരുതെന്നും സര്‍ക്കുലറില്‍ നിഷ്കര്‍ഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.