പി.വി. വിവേകാനന്ദ് മാധ്യമ പുരസ്കാരം വി.കെ. ഹംസ അബ്ബാസിന് സമ്മാനിച്ചു

ദുബൈ: പ്രഥമ പി.വി. വിവേകാനന്ദ് മാധ്യമ പുരസ്കാരം ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസിന് സമ്മാനിച്ചു. ദുബൈയില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ യു.എ.ഇ എക്സ്ചേഞ്ച് പ്രസിഡന്‍റ് വൈ. സുധീര്‍ കുമാര്‍ ഷെട്ടി അവാര്‍ഡ് സമര്‍പ്പണം നിര്‍വഹിച്ചു. ഖലീജ് ടൈംസ് എക്സിക്യുട്ടീവ് എഡിറ്റര്‍ ഐസക് പട്ടാണി പറമ്പില്‍ പൊന്നാട അണിയിച്ചു. യു.എ.ഇ എക്സ്ചേഞ്ച് സി.എം.ഒ ഗോപകുമാര്‍ ഭാര്‍ഗവന്‍ ഒരുലക്ഷം രൂപയുടെ ചെക്കും  പി.വി. വിവേകാനന്ദിന്‍െറ മകള്‍ വിസ്മയ പ്രശംസാ പത്രവും കൈമാറി. ഗള്‍ഫ് ടുഡേ എഡിറ്ററായിരുന്ന പി.വി. വിവേകാനന്ദിന്‍െറ സ്മരണക്ക് യു.എ.ഇ എക്സ്ചേഞ്ചും ചിരന്തന സാംസ്കാരിക വേദിയും ചേര്‍ന്നാണ് പുരസ്കാരം ഏര്‍പ്പെടുത്തിയത്.
മികച്ച പത്രാധിപര്‍ എന്നതിലുപരി ഏറെ നന്‍മകളുള്ള നല്ല മനുഷ്യനായിരുന്നു പി.വി. വിവേകാനന്ദ് എന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത വൈ. സുധീര്‍ കുമാര്‍ ഷെട്ടി  പറഞ്ഞു.  ഗള്‍ഫ് യുദ്ധകാലത്ത് കുവൈത്തില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ജോര്‍ദാന്‍ വഴി നാട്ടിലത്തെിക്കാന്‍ തന്‍െറ ബന്ധങ്ങളും സ്വാധീനവും അദ്ദേഹം ഉപയോഗിച്ചു. മറ്റുള്ളവരെ സഹായിക്കാന്‍ അക്ഷീണം പ്രയത്നിച്ച അദ്ദേഹം സ്വന്തം കാര്യത്തിനായി ആരെയൂം സമീപിച്ചിരുന്നില്ല. ഈ അവാര്‍ഡ് അതിന് തികച്ചും അനുയോജ്യനായ വ്യക്തിക്കാണ് ലഭിച്ചിരിക്കുന്നത്്. അര്‍പ്പണബോധവും ആത്മാര്‍ഥതയും കഠിനാധ്വാനവും കൊണ്ടാണ് ഹംസ അബ്ബാസ് ഗള്‍ഫ് മാധ്യമത്തെ മേഖലയിലെ മികച്ച പത്രമായി വളര്‍ത്തിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
നിതാഖാത് ഉള്‍പ്പെടെയുളള വിഷയങ്ങളില്‍ പ്രവാസികളുടെ ഭാഗത്തു നിന്ന് നേരെഴുതി കേരള സര്‍ക്കാറിന്‍െറ കണ്ണുതുറപ്പിച്ച പത്രാധിപരാണ് വി.കെ. ഹംസ അബ്ബാസെന്ന് ചിരന്തന പ്രസിഡന്‍റ് പുന്നക്കന്‍ മുഹമ്മദലി അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. പ്രഥമ വിവേകാനന്ദ് അവാര്‍ഡ് ആര്‍ക്കു നല്‍കണം എന്ന കാര്യത്തില്‍ തങ്ങള്‍ക്ക് ഒരു വിധ സംശയവുമുണ്ടായിരുന്നില്ളെന്നും അദ്ദേഹം വ്യക്തമാക്കി. ഈ അവാര്‍ഡ് തനിക്കല്ല,  മാധ്യമത്തിന്‍െറ പിന്നണി പ്രവര്‍ത്തകര്‍ക്കും അതിനായി യത്നിക്കുന്ന ജീവനക്കാര്‍ക്കുമാണെന്ന് മറുപടി പ്രസംഗത്തില്‍ ഹംസ അബ്ബാസ് പറഞ്ഞു. 
പേര് അന്വര്‍ഥമാക്കും വിധത്തില്‍ അറിവും കഴിവും കൊണ്ട് സമൂഹത്തിനായി പ്രവര്‍ത്തിക്കുന്നതില്‍ ആനന്ദം കണ്ടത്തെിയ മഹാവ്യക്തിയായിരുന്നു വിവേകാനന്ദ്. 
ഗള്‍ഫ് മാധ്യമത്തിന്‍െറ ആദ്യ എഡീഷന്‍ ബഹ്റൈനില്‍ ആരംഭിച്ച കാലം മുതല്‍ അദ്ദേഹവുമായി അടുത്ത ബന്ധമാണ് പുലര്‍ത്തിയിരുന്നത്. പ്രഥമ അന്താരാഷ്ട്ര ഇന്ത്യന്‍ പത്രമായ ഗള്‍ഫ് മാധ്യമം വെട്ടിത്തുറന്ന വഴിയിലൂടെയാണ് മലയാളത്തിലേതടക്കം പത്രങ്ങള്‍ ഗള്‍ഫിലത്തെിയത്.  ഡിജിറ്റല്‍സാങ്കേതിക വിദ്യയുടെ കാലത്ത് ആ മേഖലയിലും ശ്രദ്ധേയ സാന്നിധ്യമാവാന്‍ മാധ്യമം ഒരുങ്ങുകയാണ്. പുരസ്കാര തുകയായ ഒരു ലക്ഷം രൂപ തനിക്ക് പ്രിയപ്പെട്ട  കണ്ണൂര്‍ പഴയങ്ങാടിയിലെ വാദിഹുദ ഇസ്ലാമിക് കോംപ്ളക്സിന്‍െറ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായി കൈമാറുമെന്ന് അദ്ദേഹം സദസ്സിനെ അറിയിച്ചു. 
ഐസക്ക് പട്ടാണി പറമ്പില്‍, നിസാര്‍ സെയ്ദ്, മിഡില്‍ ഈസ്റ്റ് ചന്ദ്രിക എഡിറ്റര്‍ ഇന്‍ ചാര്‍ജ് ജലീല്‍ പട്ടാമ്പി, അഡ്വ. നജീദ്,  ഇസ്മയില്‍ മേലടി, പോള്‍.ടി.ജോസഫ്, അബ്ബാസ് ഒറ്റപ്പാലം ,ഗള്‍ഫ് മാധ്യമം റസിഡന്‍റ് എഡിറ്റര്‍ പി.ഐ നൗഷാദ്, വിസ്മയ വിവേകാനന്ദ് എന്നിവര്‍  സംസാരിച്ചു.  മീഡിയാവണ്‍ മിഡില്‍ ഈസ്റ്റ് വാര്‍ത്താ മേധാവി എം.സി.എ നാസര്‍ അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. 
 ടി.പി.മഹ്മൂദ് സ്വാഗതവും ടി.പി. അശ്റഫ് നന്ദിയും പറഞ്ഞു.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.