ആരോഗ്യ മേഖലയില്‍ വ്യാജ നിയമന തട്ടിപ്പ് വീണ്ടും സജീവം

ദുബൈ: ആരോഗ്യ മേഖലയില്‍ വ്യാജ നിയമന തട്ടിപ്പ് വീണ്ടും സജീവമാകുന്നു. ഇടക്കാലത്ത്  ആസ്റ്റര്‍ ഡി.എം.ഹെല്‍ത്ത് കെയറിന്‍െറ പരാതിയത്തെുടര്‍ന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വരികയും പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും ചെയ്തതോടെ പിന്‍വലിഞ്ഞ തട്ടിപ്പു സംഘങ്ങള്‍ വീണ്ടും സജീവമായതായാണ് പുതുതായി തട്ടിപ്പിനിരയായവരുടെ എണ്ണം കാണിക്കുന്നത്. കഴിഞ്ഞ ദിവസവും ഇത്തരം വ്യാജ ഓഫര്‍ കത്ത് ലഭിച്ചവര്‍ തങ്ങളുമായി ബന്ധപ്പെട്ടതായി ആസ്റ്റര്‍ അധികൃതര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
ജി.സി.സി രാജ്യങ്ങളിലൂം ഇന്ത്യയിലും ആഫ്രിക്കയിലും ഇംഗ്ളണ്ടിലും വരെ ഈ തട്ടിപ്പിനിരയായവരുണ്ട്. വന്‍ തുക ശമ്പളവും മറ്റു ആനുകൂല്യവും വാഗ്ദാനം ചെയ്ത് നടത്തുന്ന വഞ്ചനയില്‍ ഡോക്ടര്‍മാര്‍ വരെ കുടുങ്ങിയിട്ടുണ്ട്. 
യഥാര്‍ഥ സ്ഥാപനത്തിന്‍െറ  മുദ്രയുള്ള വെബ്സൈറ്റും ലെറ്റര്‍പാഡുമെല്ലാം ഉപയോഗിച്ച് തികച്ചും പ്രഫഷണല്‍ രീതിയിലാണ് ആളുകളെ വീഴ്ത്തുന്നത്. വിശ്വാസ്യത നേടും വിധം നടപടിക്രമങ്ങള്‍ നീക്കിയ ശേഷം സര്‍വീസ് ചാര്‍ജായോ പ്രോസസിങ് ഫീയായോ തുക അയക്കാന്‍ പറയും. ഈ ഘട്ടത്തില്‍ സംശയം തോന്നിയ ചിലര്‍ ആസ്റ്റര്‍ അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് വ്യാജ നിയമന തട്ടിപ്പ് ശ്രദ്ധിയില്‍പ്പെടുന്നത്. ഡോക്ടര്‍മാര്‍,നഴ്സുമാര്‍, സാങ്കേതിക വിദഗ്ധര്‍, ലാബ് ജീവനക്കാര്‍ തുടങ്ങിയവര്‍ക്കാണ് ജോലി വാഗ്ദാനം ചെയ്ത് കത്തുകള്‍ വരുന്നത്. 
ആസ്റ്ററിനെ കൂടാതെ യു.എ.ഇ ആസ്ഥാനമായി ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു ചില ഗ്രൂപ്പുകളുടെ പേരിലും തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ ഇപ്പോഴുമുള്ള മേഖലയാണിത്. 
തങ്ങളുടെ പേരില്‍ തട്ടിപ്പ് നടക്കുന്ന വിവരമറിഞ്ഞതോടെ ആസ്റ്റര്‍ ഡി.എം.ഹെല്‍ത്ത് കെയര്‍ അധികൃതര്‍ ദുബൈ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. കേരളത്തില്‍ സൈബര്‍ സെല്ലിലും പരാതി നല്‍കി. ഡി.എം.ഗ്രൂപ്പ് ഒരു നിയമനത്തിലും ഉദ്യോഗാര്‍ഥികളില്‍ നിന്ന് പണം ഈടാക്കാറില്ളെന്ന് എച്ച്.ആര്‍. ജനറല്‍ മാനേജര്‍ ടി.എസ്.മാത്യു  (ജി.സി.സി) വ്യക്തമാക്കി. അംഗീകൃത ഏജന്‍സികള്‍ വഴി അവര്‍ക്ക് അങ്ങോട്ടു പണം നല്‍കിയാണ് ഡോക്ടര്‍മാരെയും മറ്റും നിയമിക്കുന്നത്.  പത്ര പരസ്യം നല്‍കി നേരിട്ടാണ് മറ്റു തസ്തികളിലേക്ക് നിയമനം നടത്തുന്നത്. അതുകൊണ്ട് തന്നെ തട്ടിപ്പിനിരയാകാതിരിക്കാന്‍ ഉദ്യോഗാര്‍ഥികള്‍ ശ്രദ്ധിക്കണം. ആസ്റ്ററിലേക്ക് നിയമനം നടത്താന്‍ ഒരു ട്രാവല്‍ ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടില്ല. നോര്‍ക്കയുടെ മാര്‍ഗനിര്‍ദേശമനുസരിച്ചാണ് കേരളത്തില്‍ നിന്ന് നിയമനം നടത്തുന്നത്-അദ്ദേഹം പറഞ്ഞു. 
അതിനിടെ ഇതുമായി ബന്ധപ്പെട്ട രണ്ടു പേരെ ദുബൈ പൊലീസ് പിടികൂടുകയും ഇവര്‍ക്ക് കോടതി തടവുശിക്ഷ വിധിക്കുകയൂം ചെയ്തിട്ടുണ്ട്. പണം കൈമാറാന്‍ കൂട്ടുനിന്നെന്ന കുറ്റമാണ് ഇവര്‍ക്കെതിരെയുള്ളതെന്നാണ് അറിയുന്നത്.
ദുബൈ മന്‍ഖൂലിലെ ആസ്റ്റര്‍ ആശുപത്രിയിലും ആസ്റ്റര്‍ ക്ളിനിക്കുകളിലും നിയമനം വാഗ്ദാനം ചെയ്താണ്  പ്രധാനമായും തട്ടിപ്പ് നടക്കുന്നത്. വലിയ ശമ്പളവും മറ്റു ആനൂകൂല്യങ്ങളും കണ്ടാല്‍ ആരും വീണുപോകും. ഇതേ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ക്കും ലഭിച്ചു ഇത്തരമൊരു ഓഫര്‍. 49,500 ദിര്‍ഹം ശമ്പളം, 10,000 ത്തോളം ദിര്‍ഹം അലവന്‍സുകള്‍, രണ്ടു ദിവസം അവധി, വര്‍ഷം രണ്ടുമാസം ശമ്പളത്തോടു കൂടിയ അവധി, കാര്‍, ഫ്ളാറ്റ്, മക്കള്‍ക്ക് സൗജന്യ വിദ്യഭ്യാസം എന്നിങ്ങനെ പോകുന്നു വാഗ്ദാനങ്ങള്‍.  നഴ്സുമാര്‍ക്കും ടെക്നീഷ്യന്മാര്‍ക്കും ഇതുപോലെ വന്‍ തുകയാണ് വാഗ്ദാനം. 10,000 ഡോളര്‍ പ്രതിമാസ ശമ്പളം വാഗ്ദാനം ചെയ്തിട്ട് 2000 ഡോളര്‍ സര്‍വീസ് നിരക്കായോ പ്രോസസിങ് ഫീയായോ ചോദിക്കും. ഫോണിലൂടെയോ സ്കൈപ്പിലൂടെയോ  ഇന്‍റര്‍വ്യൂ നടത്തും. ശേഷം നിയമന കത്ത് നല്‍കി വിശ്വാസ്യത നേടിയ ശേഷമാണ് തുക അയക്കാന്‍ പറയുക. 
ദുബൈയിലെ ചില ട്രാവല്‍ ഏജന്‍സികളുടെ വിലാസത്തിലായിരുന്നു തൊഴില്‍ വാഗ്ദാനം.  ബാങ്ക് അക്കൗണ്ടുകള്‍ ഇന്ത്യയിലും യു.എ.ഇയിലുമുണ്ട്. കേരളത്തില്‍ ഒരു ടെക്നീഷ്യന്‍ തസ്തികയിലേക്ക് ഓഫര്‍ ലഭിച്ചയാള്‍ക്ക് 60,000 രൂപ നഷ്്ടപ്പെട്ടു. പുണെയിലെ അഗര്‍വാള്‍ എന്നയാള്‍ക്കാണ് ഇയാള്‍ പണമയച്ചുകൊടുത്തത്. 
ഒരു ഇടവേളക്ക് ശേഷം  വ്യാജ വെബ്സൈറ്റും തുടങ്ങി തട്ടിപ്പ് ഒന്നുകൂടി ശക്തിപ്പെടുത്തിയിരിക്കുകയാണ് സംഘം. ആസ്റ്ററിന്‍െറ പേരിലുള്ള പുതിയ വ്യാജ വെബ്സൈറ്റില്‍ ചെയര്‍മാന്‍ ഡോ. ആസാദ്മുപ്പന്‍െറ സന്ദേശം വരെയുണ്ട്. ലോഗോയും  ഡോക്ടര്‍മാരുടെ പട്ടികയും  അതേപടി. യഥാര്‍ഥ സൈറ്റ് ‘അസ്റ്റര്‍ ഡി.എം. ഹെല്‍ത്ത് കെയര്‍’ എന്നാണെങ്കില്‍ വ്യാജത്തില്‍ പേര് ആസ്റ്റര്‍ മെഡിക്കല്‍ സെന്‍റര്‍ എന്നാണെന്ന് മാത്രം.  അതില്‍ കാണിച്ച യു.എ.ഇ ഫോണ്‍നമ്പറില്‍ വിളിച്ചപ്പോള്‍ പ്രതികരണമൊന്നുമില്ല. 
ഇങ്ങനെ തൊഴില്‍ വാഗ്ദനം ലഭിച്ചതായി പാകിസ്താനില്‍ നിന്ന് ചില ഡോക്ടര്‍മാര്‍ തങ്ങളെ ബന്ധപ്പെട്ടിരുന്നതായി ടി.എസ്.മാത്യു  പറഞ്ഞു. 50 ഓളം പേര്‍ തങ്ങളുമായി ഇതിനകം ബന്ധപ്പെട്ടിട്ടുണ്ട്. എത്രപേര്‍ തട്ടിപ്പിനിരയായെന്നോ പണം നല്‍കിയിട്ടുണ്ടെന്നോ അറിയില്ളെന്ന് അദ്ദേഹം പറഞ്ഞു.
ചില തൊഴില്‍ വെബ്സൈറ്റുകളില്‍ നിന്നാണ് ഇവര്‍ ഉദ്യോഗാര്‍ഥികളുടെ വിവരം ശേഖരിക്കുന്നതെന്നാണ് അറിയുന്നത്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളുകളുടെ ഫേസ്ബുക് പേജില്‍ നിന്ന് ഫോണ്‍നമ്പര്‍ ശേഖരിച്ചും വിളിക്കുന്നുണ്ട്. 
ജിമെയില്‍ അക്കൗണ്ടാണ് തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നത് എന്നതിനാല്‍ തന്നെ കൊച്ചിയിലെ സൈബര്‍ സെല്‍ ജിമെയില്‍ അധികൃതരെ ബന്ധപ്പെട്ടിരുന്നു. 
ഈ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നത് ഇന്തോനേഷ്യയിലും നൈജീരിയയിലുമാണെന്നാണ് അവര്‍ക്ക് ലഭിച്ച മറുപടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.