ജാസിമിന് ആദരം: ചടങ്ങ് യു.എ.ഇ സാംസ്കാരിക- വിജ്ഞാന  വികസന മന്ത്രാലയത്തിന്‍െറ സഹകരണത്തോടെ

ദുബൈ: ദുബൈ വിമാനത്താവളത്തില്‍ അപകട രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥന്‍ ജാസിം അല്‍ ബലൂഷിക്ക് മരണാനന്തര ബഹുമതി സമര്‍പ്പിക്കാനുള്ള ചടങ്ങിന്‍െറ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നവമാധ്യമങ്ങളിലും സജീവം. യു.എ.ഇ സാംസ്കാരിക- വിജ്ഞാന വികസന മന്ത്രാലയത്തിന്‍െറ സഹകരണത്തോടെ നടക്കുന്ന പരിപാടിയില്‍ സമൂഹത്തിന്‍െറ നാനാതുറകളിലുള്ളവര്‍ പങ്കെടുക്കും. ചടങ്ങ് അവിസ്മരണീയമാക്കി ജാസിമിന് ഉചിതമായ ആദരമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് യു.എ.ഇയിലെ ഇന്ത്യന്‍ സമൂഹം.
വിമാനത്തിലെ യാത്രക്കാരായ മലയാളികള്‍ അടക്കം 300ഓളം പേരുടെ ജീവന്‍ രക്ഷിക്കുന്നതിനിടെ രക്തസാക്ഷിത്വം വരിച്ച ജാസിമിനെ ആദരിക്കാനുള്ള ചടങ്ങിന് പരമാവധി ആളുകളെ പങ്കെടുപ്പിക്കാന്‍ ഇന്ത്യന്‍ സമൂഹം മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ഫേസ്ബുകിലൂടെയും വാട്സ്ആപിലൂടെയും ഇതുസംബന്ധിച്ച സന്ദേശങ്ങള്‍ കൈമാറുകയാണ് എല്ലാവരും. ഗള്‍ഫിലെ മലയാളികളുടെ നേര്‍ശബ്ദമായ ‘ഗള്‍ഫ് മാധ്യമ’വും ‘മീഡിയവണു’മാണ് ചടങ്ങ് സംഘടിപ്പിക്കാന്‍ മുന്‍കൈയെടുത്തത്. തുടര്‍ന്ന് എല്ലാ പ്രവാസികളും ആവേശപൂര്‍വം ഏറ്റെടുക്കുകയായിരുന്നു. റാസല്‍ഖൈമയിലെ ‘ഗള്‍ഫ് മാധ്യമം വിചാരവേദി’ പ്രവര്‍ത്തകരും പരിപാടി വിജയിപ്പിക്കാന്‍ സജീവമായി രംഗത്തുണ്ട്. ഇവരുടെ ശ്രമഫലമായാണ് യു.എ.ഇ സാംസ്കാരിക- വിജ്ഞാന വികസന മന്ത്രാലയം സഹകരണം അറിയിച്ചത്.
സെപ്റ്റംബര്‍ ഒന്നിന് രാത്രി ഒമ്പതിന് റാസല്‍ഖൈമ കള്‍ചറല്‍ സെന്‍ററില്‍ നടക്കുന്ന ചടങ്ങില്‍ ജാസിമിന് മരണാനന്തര ബഹുമതി സമ്മാനിക്കും. കേരള കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. റാസല്‍ഖൈമ സിവില്‍ ഏവിയേഷന്‍ ഡിപാര്‍ട്മെന്‍റ് ചെയര്‍മാന്‍ എന്‍ജിനിയര്‍ ശൈഖ് സാലിം ബിന്‍ സുല്‍ത്താന്‍ ആല്‍ ഖാസിമി മുഖ്യാതിഥിയായിരിക്കും. 
വിമാന ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട യാത്രക്കാര്‍ അനുഭവങ്ങള്‍ പങ്കുവെക്കും. എമിറേറ്റ്സ് എയര്‍ലൈന്‍സ്, ദുബൈ സിവില്‍ ഡിഫന്‍സ്, ദുബൈ ആംബുലന്‍സ് എന്നിവയുടെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പുറമെ പി.വി. അബ്ദുല്‍ വഹാബ് എം.പി, അറേബ്യന്‍ റേഡിയോ നെറ്റ്വര്‍ക്ക് ജനറല്‍ മാനേജര്‍ മഹ്മൂദ് അല്‍ റശീദ്, അറബ് കവി ശിഹാബ് അല്‍ ഗാനിം, ജാസിമിന്‍െറ പിതാവ് ഈസ അല്‍ ബലൂഷി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. 
യു.എ.ഇയിലെ ഇന്ത്യന്‍ സംഘടനാ പ്രതിനിധികളും ചടങ്ങിനത്തെും. വിമാനത്തിലെ യാത്രക്കാര്‍ക്ക് 0504939652, 043903060 എന്നീ നമ്പറുകളില്‍ വിളിച്ച് പരിപാടിയില്‍ പങ്കെടുക്കാന്‍ സന്നദ്ധത അറിയിക്കാം. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.