ദുബൈയിലെ ബസ് സ്റ്റോപ്പുകളില്‍ നിന്ന് ഇനി പാര്‍സലും അയക്കാം

ദുബൈ: ദുബൈയിലെ സ്മാര്‍ട്ട് ബസ് സ്റ്റോപ്പുകളില്‍ നിന്ന് ഇനി പാര്‍സലും അയക്കാം. അഞ്ച് സ്മാര്‍ട്ട് ബസ് സ്റ്റോപ്പുകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കുന്നതെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഫിലിപ്പീന്‍സ് കൊറിയര്‍ കമ്പനിയായ എല്‍.ബി.സി എക്സ്പ്രസുമായി സ്മാര്‍ട്ട് ബസ് ഷെല്‍ട്ടര്‍ നടത്തിപ്പുകാരായ അല്‍ ശാമില്‍ ഫുഡ് സ്റ്റഫ് ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
ദുബൈയുടെ വിവിധ ഭാഗങ്ങളിലായി 100 സ്മാര്‍ട്ട് ബസ് ഷെല്‍ട്ടറുകളാണ് ആര്‍.ടി.എ ഈ വര്‍ഷമാദ്യം തുടങ്ങിയത്. ശീതീകരിച്ച ബസ് സ്റ്റോപ്പുകളില്‍ സൗജന്യ വൈഫൈക്ക് പുറമെ മൊബൈല്‍ ചാര്‍ജിങ്, നോല്‍ കാര്‍ഡ് റീചാര്‍ജ്, ബില്ലടക്കല്‍ എന്നിവക്കും സൗകര്യമുണ്ട്. ലഘുഭക്ഷണ പാനീയങ്ങളും ലഭ്യമാകും. ഇതിന് പുറമെയാണ് അഞ്ച് ബസ് സ്റ്റോപ്പുകളില്‍ പാര്‍സല്‍ അയക്കാനുള്ള സംവിധാനം കൂടി ഒരുക്കുന്നത്.  സത്വ, മന്‍ഖൂല്‍, ശൈഖ് സായിദ് റോഡ്, ഖാലിദ് ബിന്‍ വലീദ് സ്ട്രീറ്റ്, റിഗ്ഗ എന്നിവിടങ്ങളിലെ സ്മാര്‍ട്ട് ബല്‍ ഷെല്‍ട്ടറുകളിലാണ് പുതിയ സൗകര്യം വരുന്നത്. അല്‍ മുതീന സ്ട്രീറ്റിലും ഉടന്‍ സംവിധാനം ഒരുക്കും. മിഡിലീസ്റ്റ് രാജ്യങ്ങള്‍ക്ക് പുറമെ ഏഷ്യ പസഫിക്, നോര്‍ത്ത് അമേരിക്ക, യൂറോപ്പ്, ആസ്ത്രേലിയ എന്നിവിടങ്ങളിലെ 236 ഇടങ്ങളിലേക്ക് പാര്‍സല്‍ അയക്കാന്‍ ഇവിടെ സൗകര്യമുണ്ടാകും. എക്സ്പ്രസ് പിക്കപ്പ്, ഡെലിവറി സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ ഏഴുമുതല്‍ രാത്രി 11 വരെയായിരിക്കും സേവനം. പരീക്ഷണം വിജയമാണെന്ന് കണ്ടാല്‍ കൂടുതല്‍ ബസ് സ്റ്റോപ്പുകളിലേക്ക് സേവനം വ്യാപിപ്പിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സ്മാര്‍ട്ട് ബസ് സ്റ്റോപ്പുകളുടെ എണ്ണം 2018 അവസാനത്തോടെ 400 ആക്കാനും അധികൃതര്‍ ലക്ഷ്യമിടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.