രാജ്യത്ത് 762 മരുന്നുകളുടെ വില കുറക്കുന്നു

ദുബൈ: യു.എ.ഇയില്‍ 762 മരുന്നുകളുടെ വില കുറക്കാന്‍ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. 657 മരുന്നുകളുടെ വില സെപ്റ്റംബര്‍ ഒന്ന് മുതലും 105 മരുന്നുകളുടേത് അടുത്തവര്‍ഷം ജനുവരിയിലും കുറയും. രണ്ട് മുതല്‍ 63 ശതമാനം വരെയാണ് മരുന്നുകളുടെ വില വെട്ടിക്കുറക്കുക. മരുന്ന് വില നിര്‍ണയസമിതി വൈസ്ചെയര്‍മാനും ആരോഗ്യമന്ത്രാലയം അസിസ്റ്റന്‍റ് അണ്ടര്‍സെക്രട്ടറിയുമായ ഡോ. അമീന്‍ ഹുസൈന്‍ അല്‍ ആമിറിയാണ് ഇക്കാര്യം അറിയിച്ചത്.  39 അന്താരാഷ്ട്ര കമ്പനികള്‍ ഉല്‍പാദിപ്പിക്കുന്ന മരുന്നുകളുടെ വിലയാണ് കുറയുക. മരുന്നുകളുടെ വില ഘട്ടംഘട്ടമായി കുറക്കാന്‍ 2011ലാണ് ആരോഗ്യ മന്ത്രാലയം നടപടികള്‍ തുടങ്ങിയത്. ഇതിന്‍െറ ഭാഗമായി ഏഴാം തവണയാണ് മരുന്നുകളുടെ വില വെട്ടിക്കുറക്കുന്നത്.

അഞ്ച് വര്‍ഷത്തിനിടെ 8725 മരുന്നുകളുടെ വില കുറക്കാന്‍ സാധിച്ചുവെന്ന് മന്ത്രാലയം അറിയിച്ചു. 657 മരുന്നുകളുടെ വില കുറക്കുമ്പോള്‍ 267 ദശലക്ഷം ദിര്‍ഹമിന്‍െറ ലാഭമാണ് രോഗികള്‍ക്ക് ലഭിക്കുക. വിട്ടുമാറാത്ത അസുഖങ്ങള്‍ ബാധിച്ച് ബുദ്ധിമുട്ടുന്ന പാവപ്പെട്ട രോഗികള്‍ക്കാണ് ഇതിന്‍െറ നേട്ടമുണ്ടാവുക. ഹൃദ്രോഗത്തിനുള്ള 135 മരുന്നുകള്‍ കേന്ദ്ര നാഡീവ്യൂഹ രോഗങ്ങള്‍ക്കുള്ള 115 മരുന്നുകള്‍ ശ്വാസകോശപ്രശ്നങ്ങള്‍ക്കുള്ള 72 മരുന്നുകള്‍ അണുബാധക്കുള്ള 84 മരുന്നുകള്‍ എന്നിവക്ക് വില കുറയുന്നുണ്ട്. അന്തസ്രാവിഗ്രന്ഥി ബാധിക്കുന്ന അസുഖങ്ങള്‍ക്കുള്ള 59 മരുന്നുകളും സ്ത്രീരോഗങ്ങള്‍ക്കുള്ള 53 മരുന്നുകളും ചര്‍മരോഗത്തിനുള്ള 35 മരുന്നുകളും കുടല്‍രോഗത്തിനുള്ള 32 മരുന്നുകളും വിലക്കുറക്കുന്നവയുടെ പട്ടികയിലുണ്ട്.

ഇത്രയും മരുന്നുകളുടെ വില കുറക്കുന്നതോടെ 80 ശതമാനം മരുന്നുകളുടെയും വില നിലവാരം മറ്റ് ജി.സി.സി രാജ്യങ്ങളിലേതിന് തുല്യമാകും. ബാക്കി 20 ശതമാനത്തിന്‍േറതും കുറക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതിനായി അന്താരാഷ്ട്ര മരുന്ന് കമ്പനികള്‍ക്ക് യു.എ.ഇയില്‍ പ്ളാന്‍റുകള്‍ തുടങ്ങാന്‍ അനുമതി നല്‍കും. കമ്പനികളില്‍ നിക്ഷേപത്തിനും അവസരമൊരുക്കും. ഇതിന് പുറമെ തദ്ദേശീയ കമ്പനികളെയും പ്രോത്സാഹിപ്പിക്കും. അടുത്ത വര്‍ഷം മുതല്‍ ജനറിക് മരുന്നുകളുടെ വില കുറക്കാനും നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.