അബൂദബി: വിദേശത്ത് റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ സംബന്ധിച്ച് വ്യാജ കമ്പനികള്‍ മാധ്യമങ്ങളിലൂടെ പരസ്യം നല്‍കുന്നുണ്ടെന്ന് യു.എ.ഇ ആഭ്യന്തര മന്ത്രാലയം രാജ്യത്തെ താമസക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. പണം നിക്ഷേപിച്ച് തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രാലയം അറിയിച്ചു. ചില അറേബ്യന്‍, യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്ഥലം വില്‍ക്കാനുണ്ടെന്ന് കാണിച്ച് പ്രാദേശിക ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പരസ്യം വന്നിരുന്നു.
പരസ്യം കണ്ട ചിലര്‍ നടത്തിയ അന്വേഷണത്തിലാണ് വ്യാജ റിയല്‍ എസ്റ്റേറ്റ് കമ്പനികളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് മനസ്സിലായത്. ഇത്തരം വ്യാജ കമ്പനികള്‍ തട്ടിപ്പ് നടത്താനായി മാധ്യമങ്ങളെ ചൂഷണം ചെയ്യുകയാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ലെഫ്റ്റനന്‍റ് കേണല്‍ ഹമ്മൂദ് ആല്‍ അഫാരി പറഞ്ഞു.
വില്‍പനക്കുള്ള വസ്തുവിന്‍െറ കൃത്യമായ സ്ഥലമടക്കം റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെ കുറിച്ച് ആവശ്യമായ വിവരങ്ങള്‍ നല്‍കാതെ തന്ത്രപരമായാണ് തട്ടിപ്പ് നടത്തുന്നത്. ഇത്തരം പരസ്യങ്ങള്‍ നല്‍കുന്ന കമ്പനികളും പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളും യു.എ.ഇയില്‍ രജിസ്റ്റര്‍ ചെയ്തവയാണെന്ന് ജനങ്ങള്‍ ഉറപ്പുവരുത്തണമെന്നും കേണല്‍ ഹമ്മൂദ് ആല്‍ അഫാരി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.