അബൂദബിയില്‍ യൂബര്‍, കാറീം ടാക്സികള്‍ ഓട്ടം നിര്‍ത്തി

അബൂദബി: സ്വകാര്യ ഓണ്‍ലൈന്‍ ടാക്സി കാര്‍ കമ്പനികളായ യൂബര്‍, കാറീം എന്നിവ അബൂദബിയില്‍ ശനിയാഴ്ച ഉച്ചക്ക് ശേഷം പൊടുന്നനെ സേവനങ്ങള്‍ നിര്‍ത്തിവെച്ചു. സേവനം നിര്‍ത്തിവെക്കാനുണ്ടായ കാരണമോ പുനരാരംഭിക്കുന്ന തീയതിയോ വ്യക്തമാക്കാന്‍ ഇരു കമ്പനികളും തയാറായില്ല. താല്‍ക്കാലികമായി മാത്രമാണ് ഓട്ടം നിര്‍ത്തിയതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
അപ്രതീക്ഷിത സാഹചര്യങ്ങളാലാണ് സേവനം നിര്‍ത്തിയതെന്നും കുറച്ചു ദിവസം സേവനം ലഭ്യമാക്കുന്നതില്‍ തടസ്സമുണ്ടാകുമെന്ന് കരുതുന്നതായും കാറീം അധികൃതര്‍ പറഞ്ഞു. അബൂദബിയില്‍ ലൈസന്‍സുള്ള വാഹനങ്ങളുമായിട്ടായിരുന്നു തങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്. വിശ്വസ്ത സേവനം ലഭ്യമാക്കാന്‍ അബൂദബി ട്രാന്‍സുമായി അടുത്ത് പ്രവര്‍ത്തിച്ചിരുന്നു. സേവനത്തിലെ തടസ്സം ഏറ്റവും കുറഞ്ഞ കാലയളവാക്കാന്‍ ശ്രമിക്കുമെന്നും കാറീം അധികൃതര്‍ അറിയിച്ചു.
അപ്രതീക്ഷിത കാരണങ്ങളാല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ അബൂദബിയില്‍ സേവനം ലഭ്യമാവില്ളെന്ന് യൂബര്‍ കമ്പനിയും അറിയിച്ചു. എത്രയും പെട്ടെന്ന് പ്രവര്‍ത്തനം പുനരാരംഭിക്കുകയാണ് ലക്ഷ്യമെന്നും അവര്‍ പറഞ്ഞു.
2013 മാര്‍ച്ചിലാണ് കാറീം അബൂദബിയില്‍ സേവനം തുടങ്ങിയത്. ആറ് മാസത്തിന് ശേഷം യൂബറും നിരത്തിലത്തെി. യൂബര്‍, ലൈഫ്റ്റ് പോലുള്ള ഓണ്‍ലൈന്‍ കാര്‍ കമ്പനികള്‍ ദ്രുതഗതിയിലുള്ള വളര്‍ച്ചക്ക് ശേഷം പുതിയ നിയമങ്ങള്‍ കൊണ്ടുവന്നതോടെ ന്യൂയോര്‍ക്ക്, ലണ്ടന്‍ തുടങ്ങിയ നഗരങ്ങളില്‍ വെല്ലുവിളി നേരിട്ടിരുന്നു. അമേരിക്കയില്‍ മസാച്ചുസെറ്റ്സില്‍ പരമ്പരാഗത ടാക്സി കമ്പനികളെ സഹായിക്കാനായി ഓണ്‍ലൈന്‍ കാര്‍ കമ്പനികളില്‍നിന്ന് ഓരോ യാത്രക്കും അഞ്ച് സെന്‍റ് വീതം പണം ഈടാക്കിയിരുന്നു. സുരക്ഷ ഉറപ്പുവരുത്താന്‍ യൂബര്‍, കാറീം കമ്പനികള്‍ക്ക് ചില ചട്ടങ്ങള്‍ ബാധകമാക്കുമെന്ന് ജൂണില്‍ ദുബൈ ഗതാഗത അധികൃതര്‍ വ്യക്തമാക്കിയിരുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.