യു.എ.ഇ കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ നിക്ഷേപിച്ചത്  6700 കോടി രൂപ

അബൂദബി: കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ യു.എ.ഇ 6700 കോടി രൂപയുടെ നിക്ഷേപമാണ് ഇന്ത്യയില്‍ നടത്തിയതെന്ന് ഇന്ത്യന്‍ അംബാസഡര്‍ ടി.പി. സീതാറാം. വിവിധ കമ്പനികളിലെ ഓഹരിനിക്ഷേപം ഉള്‍പ്പടെയുള്ള കണക്കാണിത്. 
കൂടുതലും ഇന്ത്യയിലെ അടിസ്ഥാന സൗകര്യ മേഖലയിലാണ് യു.എ.ഇ നിക്ഷേപം നടത്തിയിരിക്കുന്നത്. ഇന്ത്യന്‍ മീഡിയ അബൂദബി നല്‍കിയ യാത്രയയപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അംബാസഡര്‍.
ഇന്ത്യയില്‍നിന്നുള്ള ഉന്നതതല സംഘങ്ങളുടെ തുടര്‍ച്ചയായ സന്ദര്‍ശങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. നാഷനല്‍ ഡിഫന്‍സ് കോളജ് സംഘവും പെട്രോളിയം മന്ത്രാലയ പ്രതിനിധികളും ഇപ്പോള്‍ യു.എ.ഇയിലുണ്ട്. ഇന്ത്യയിലെ ഡിഫന്‍സ് കോളജ് വിദ്യാര്‍ഥികള്‍ക്ക് യു.എ.ഇ  പ്രതിരോധ മേഖലയില്‍  പഠനസന്ദര്‍ശനം സാധ്യമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ഇന്ത്യയില്‍ ക്രൂഡ് ഓയിലിന്‍െറ തന്ത്രപരമായ  സംഭരണം  നടത്തുന്നതിന്‍െറയും ഇന്ത്യയിലെ പെട്രോളിയം കമ്പനികളിലേക്ക് നിക്ഷേപം കണ്ടത്തെുന്നതിന്‍െറയും ചര്‍ച്ചകള്‍ക്കാണ് പെട്രോളിയം മന്ത്രാലയത്തിന്‍െറ സംഘം എത്തിയിരിക്കുന്നത്. 
കഴിഞ്ഞ വര്‍ഷത്തേക്കാള്‍  25 ശതമാനം ക്രൂഡ് ഓയില്‍ ഇന്ത്യയിലേക്ക് ഈ വര്‍ഷം ഇറക്കുമതി ചെയ്തെങ്കിലും 47 ശതമാനം കുറഞ്ഞ നിരക്ക് മാത്രമാണ് നല്‍കേണ്ടിവന്നതെന്നും അംബാസഡര്‍ പറഞ്ഞു.
കര്‍ണാടകയില്‍ യു.എ.ഇ പെട്രോള്‍ ശേഖരിക്കാനുള്ള ഭൂഗര്‍ഭ സംഭരണി ഒരുങ്ങിയിട്ടുണ്ട്. നമുക്ക് ആവശ്യമുള്ളപ്പോള്‍ ഇതില്‍നിന്ന് പെട്രോള്‍ എടുക്കാനാവും. മുന്‍കൂട്ടി പണം കൊടുക്കാതെ തന്നെ കരുതലെന്ന നിലക്ക് പെട്രോള്‍ ശേഖരിക്കാമെന്ന ഗുണം ഇന്ത്യക്ക് ഇതു കൊണ്ടുണ്ട്. വിതരണസംവിധാനങ്ങളില്‍ തടസ്സം നേരിടുമ്പോള്‍ ഈ സംഭരണിയില്‍നിന്ന് സമീപ രാജ്യങ്ങളിലേക്ക് എണ്ണ വിതരണം ചെയ്യാന്‍ യു.എ.ഇക്ക് കഴിയും.
ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗമായി  ഇന്ത്യന്‍ സാമ്പത്തിക മന്ത്രാലയത്തിന്‍െറയും അബൂദബി നിക്ഷേപ അതോറിറ്റിയുടെയും പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന  സംയുക്ത സാമ്പത്തിക സഹകരണ സമിതിക്ക് പ്രാഥമിക രൂപമായിട്ടുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന്  ഇരുരാജ്യങ്ങളുടെയും ഇടയിലുണ്ടായ ഉഭയകക്ഷി നീക്കങ്ങള്‍ക്ക് ഇത് ആക്കം വര്‍ധിപ്പിക്കും.
കേരളത്തില്‍ യു.എ.ഇ കോണ്‍സുലേറ്റ് സ്ഥാപിച്ചതിലൂടെ ദക്ഷിണേന്ത്യയില്‍ വന്‍ നിക്ഷേപസാധ്യതകള്‍ക്കാണ്  വാതില്‍ തുറന്നിരിക്കുന്നത്. വാണിജ്യ-വിനോദസഞ്ചാര-ആരോഗ്യ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള കൂടുതല്‍ ആഴമേറിയ ബന്ധങ്ങള്‍ക്ക് ഇത് സാഹചര്യമൊരുക്കും. ആരോഗ്യ വിനോദസഞ്ചാര മേഖലയില്‍ അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ കേരളം വലിയ സാധ്യതകള്‍ക്കു സാക്ഷ്യം വഹിക്കുമെന്നും അംബാസഡര്‍ വ്യക്തമാക്കി. 
യോഗത്തില്‍ ഇന്ത്യന്‍ മീഡിയ അബൂദബി പ്രസിഡന്‍റ് അനില്‍ സി. ഇടിക്കുള, ജനറല്‍ സെക്രട്ടറി മുനീര്‍ പാണ്ഡ്യാല ,വൈസ് പ്രസിഡന്‍റ് ടി.പി. ഗംഗാധരന്‍, ജോയിന്‍റ് സെക്രട്ടറി ഹഫ്സല്‍ അഹ്മദ്, ട്രഷറര്‍ സമീര്‍ കല്ലറ, ജോണി തോമസ്, സിബി കടവില്‍, അശ്വിനി കുമാര്‍, എസ്.എം. നൗഫല്‍ ,അഹ്മദ് കുട്ടി, റസാഖ് ഒരുമനയൂര്‍ എന്നിവര്‍ പങ്കെടുത്തു. അംബാസഡര്‍ക്കുള്ള ഉപഹാരം ഇന്ത്യന്‍ മീഡിയ അബൂദബി പ്രസിഡന്‍റ് അനില്‍ സി. ഇടിക്കുള സമ്മാനിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.