അല്‍ഖൈല്‍ ഗേറ്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഫ്ളാറ്റ് തകര്‍ന്നു

ദുബൈ: അല്‍ഖൂസിലെ അല്‍ഖൈല്‍ ഗേറ്റ് താമസ കേന്ദ്രത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഫ്ളാറ്റ് തകര്‍ന്നു. ഗുജറാത്ത് സ്വദേശികളായ രണ്ട് സ്ത്രീകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഷിറിന്‍ ഗാന്ധി (65), മറിയം ഗാന്ധി (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂന്നുമാസം പ്രായമുള്ള കുട്ടി നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ റാശിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മലയാളികളടക്കം നൂറുകണക്കിന് കുടുംബങ്ങള്‍ താമസിക്കുന്ന ഫ്ളാറ്റ് സമുച്ചയമാണ് അല്‍ഖൈല്‍ ഗേറ്റ്. ഫേസ് വണിലെ 39ാം നമ്പര്‍ കെട്ടിടത്തിന്‍െറ അഞ്ചാം നിലയിലെ ഫ്ളാറ്റിലാണ് പൊട്ടിത്തെറിയുണ്ടായത്. ബുധനാഴ്ച രാവിലെ 11.20ഓടെയാണ് സംഭവം. വന്‍ ശബ്ദത്തോടെയാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. ഫ്ളാറ്റ് പൂര്‍ണമായും തകര്‍ന്ന് അവശിഷ്ടങ്ങള്‍ പുറത്തേക്ക് തെറിച്ചു. ഫ്ളാറ്റില്‍ നിന്ന് നിലവിളിയും ഉയര്‍ന്നു. ആറുമിനിറ്റിനകം സിവില്‍ ഡിഫന്‍സ് സ്ഥലത്തത്തെി രക്ഷാപ്രവര്‍ത്തനം തുടങ്ങിയതായി ദുബൈ പൊലീസ് സെര്‍ച്ച് ആന്‍ഡ് റെസ്ക്യൂ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ലഫ്. കേണല്‍ അഹ്മദ് ബുര്‍ഖിബ പറഞ്ഞു. 
സമീപത്തെ ഫ്ളാറ്റുകളെ താമസക്കാരെയെല്ലാം ഒഴിപ്പിച്ചു. പൊട്ടിത്തെറിയുണ്ടായ ഫ്ളാറ്റില്‍ പരിശോധന നടത്തിയപ്പോഴാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ പരിക്കേറ്റ നിലയില്‍ രണ്ട് സ്ത്രീകളെയും കുട്ടിയെയും കണ്ടത്തെിയത്. ഇവരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. സ്ഫോടനത്തില്‍ സമീപത്തെ ഫ്ളാറ്റുകള്‍ക്കും നിസാര കേടുപാട് പറ്റിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് പരിഭ്രാന്തരായ താമസക്കാര്‍ കെട്ടിടങ്ങളില്‍ നിന്ന് ഇറങ്ങിയോടി താഴെ കൂടിനിന്നു. രക്ഷാപ്രവര്‍ത്തനത്തിന് ശേഷം അപകട സാഹചര്യമില്ളെന്ന് വ്യക്തമായപ്പോഴാണ് ഇവരെ തിരികെ പ്രവേശിക്കാന്‍ അനുവദിച്ചത്. അഞ്ചാംനിലയിലെ താമസക്കാരെ തിരികെ പ്രവേശിപ്പില്ല. ഇവര്‍ക്ക് താല്‍ക്കാലിക താമസ സൗകര്യം ഒരുക്കുമെന്ന് കെട്ടിട നിര്‍മാതാക്കളായ ദുബൈ പ്രോപ്പര്‍ട്ടീസ് ഗ്രൂപ്പ് അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.