ഷാര്‍ജ റിങ് റോഡില്‍ വേലി നിര്‍മാണം പുരോഗമിക്കുന്നു

ഷാര്‍ജ: ഷാര്‍ജ, ദുബൈ എമിറേറ്റുകളെ ബന്ധിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന റിങ് റോഡില്‍ സംരക്ഷണ വേലികള്‍ കെട്ടിത്തുടങ്ങി. പഴയ വേലികള്‍ക്ക് കേടു പാട് വന്നതിനെ തുടര്‍ന്ന് നീക്കം ചെയ്തിരുന്നു. ഇതിന്‍െറ സ്ഥാനത്താണ് പുതിയ വേലികള്‍ കെട്ടുന്നത്. ദുബൈയിലെ ഖിസൈസിനും ഷാര്‍ജയിലെ വ്യവസായ മേഖലകള്‍ക്കും ഇടയിലൂടെയാണ് റിങ് റോഡ് കടന്നുപോകുന്നത്. അതുകൊണ്ട് തന്നെ പലരും റോഡ് മുറിച്ചോടുന്നതും അപകടത്തില്‍പെടുന്നതും പതിവാണ്. ഇത് പൂര്‍ണമായും ഒഴിവാക്കാനാണ് വേലികള്‍ കെട്ടുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ദുബൈയിലെ ബൈറൂത്ത്, ദമസ്കസ്, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡുകളുമായാണ് റിങ് റോഡ് ബന്ധിക്കപ്പെട്ടിരിക്കുന്നത്. ഷാര്‍ജ, ദുബൈ എമിറേറ്റുകളുടെ അതിര്‍ വരമ്പില്‍ കൂടിയാണ് ഇത് കടന്നുപോകുന്നത്. അതിരുകളെ നിര്‍ണയിക്കുന്നത് കൂറ്റന്‍ മരങ്ങളാണ്. പ്രധാന വൈദ്യുതി ലൈനുകളും ഇതുവഴി കടന്നുപോകുന്നു. ഇതിലൂടെ നടന്നുപോകുന്നത് അപകടം വരുത്തിവെച്ചേക്കാം. എന്നാല്‍ വേലി വരുന്നതോടെ ഇതിന് കുറവുണ്ടാകും. ദുബൈയിലേക്ക് നടന്ന് പോകേണ്ടവര്‍ക്ക് പാതവക്കിലൂടെ പോകാന്‍ സൗകര്യമുണ്ട്. നിലവില്‍ സ്ഥരിരമായ റഡാറുകള്‍ റിങ് റോഡില്‍ ഇല്ലാത്തത് കാരണം അമിത വേഗതയിലാണ് വാഹനങ്ങള്‍ ഓടുന്നത്. എന്നാല്‍ ഇടക്ക് വെക്കുന്ന താല്‍ക്കാലിക റഡാറുകള്‍ വേഗത്തില്‍ പായുന്നവരെ പിടികൂടാറുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.