ഷാര്‍ജ: സ്ഥാപനങ്ങളുടെ പൂട്ട് അതിവിദഗ്ധമായി തുറന്ന് മോഷണം നടത്തുന്ന ആറുപേരടങ്ങുന്ന ആഫ്രിക്കന്‍ മോഷണ സംഘത്തെ ഷാര്‍ജ പൊലീസിലെ രഹസ്യാന്വേഷണ വിഭാഗം പിടികൂടി.
രാത്രിയില്‍ അടച്ചിടുന്ന കടകള്‍ കേന്ദ്രീകരിച്ചാണ് സംഘം മോഷണം നടത്തിയിരുന്നത്. നിരവധി പരാതികളാണ് ഷാര്‍ജയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് പൊലീസിന് ലഭിച്ചത്.
ഇതിനെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തെ തന്നെ നിയോഗിച്ചിരുന്നു. ഇവര്‍ നടത്തിയ പരിശോധനയില്‍ മോഷണ രീതികളിലെല്ലാം സാമ്യത കണ്ടത്തെി. തുടര്‍ന്ന് അന്വേഷണം ആക്രി കടകളിലേക്ക് വ്യാപിപ്പിച്ചു. സ്ഥിരമായി സാധനങ്ങള്‍ കൊണ്ടുവരുന്ന സംഘത്തെ കുറിച്ച് ആക്രി കടക്കാരില്‍ നിന്ന് വിവരം ലഭിച്ചു. പിന്നിട് ഈ സംഘത്തെ പൊലീസ് കണ്ടത്തെി. ഇവരെ പിന്തുടര്‍ന്ന പൊലീസ് ഇവരുടെ താവളം ഷാര്‍ജയിലെ ഏറ്റവും വലിയ ജനവാസ മേഖലകളില്‍ ഒന്നായ അബുഷഹാറയാണെന്ന് കണ്ടത്തെി. ഇവരുടെ ഓരോ നീക്കവും സസൂക്ഷ്മം നിരീക്ഷിച്ച പൊലീസിന് ഇവര്‍ അതിവൈദഗ്ധ്യം നേടിയ മോഷണ സംഘമാണെന്ന് ബോധ്യമായി. തുടര്‍ന്നായിരുന്നു അറസ്റ്റ്.
പ്രതികളെ കോടതിയില്‍ ഹാജരാക്കി. സ്ഥാപനങ്ങളില്‍ സുരക്ഷാകാമറകള്‍ സ്ഥാപിക്കണമെന്നാണ് ലൈസന്‍സില്‍ വ്യവസ്ഥ ചെയ്യുന്നത്.
എന്നാല്‍ മിക്ക സ്ഥാപനങ്ങളും അത് ലംഘിക്കുന്നതാണ് മോഷ്ടാക്കള്‍ക്ക് തുണയാകുന്നതെന്ന് പൊലീസ് ഉണര്‍ത്തി. സ്ഥാപനങ്ങള്‍ സുരക്ഷാകാമറകള്‍ ഘടിപ്പിക്കുന്നതില്‍ വീഴ്ച വരുത്തരുതെന്ന് പൊലീസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.