വി.പി.എന്‍ ഉപയോഗം: ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല

അബൂദബി: യു.എ.ഇയില്‍ വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക് (വി.പി.എന്‍) സേവനം ഉപയോഗിക്കുന്നവരെല്ലാം കനത്ത പിഴ അടക്കേണ്ടിവരുമെന്നും ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നുമുള്ള തരത്തില്‍ സാമൂഹിക മാധ്യമങ്ങളിലും മറ്റും നടക്കുന്ന പ്രചാരണങ്ങള്‍ക്ക് അടിസ്ഥാനമില്ല. 2012ല്‍ പാസാക്കിയ ഫെഡറല്‍ നിയമത്തില്‍ (നമ്പര്‍ അഞ്ച്) ഈയിടെ വരുത്തിയ ഭേദഗതിയെ തുടര്‍ന്ന് ചില വിദേശ വെബ്സൈറ്റുകളില്‍ വന്ന വാര്‍ത്തയാണ് ഊഹാപോഹങ്ങള്‍ക്ക് ഇടയാക്കിയത്. നിയമഭേദഗതി പ്രകാരം വി.പി.എന്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിഡിയോ-ഫോണിങ് കോളുകള്‍ നടത്തുന്നവരുള്‍പ്പടെ അഞ്ച് ലക്ഷം മുതല്‍ 20 ലക്ഷം ദിര്‍ഹം വരെ പിഴയോ തടവോ ഇത് രണ്ടും കൂടിയോ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നായിരുന്നു പ്രചാരണം.
എന്നാല്‍, വി.പി.എന്‍ ഉപയോഗം നിരോധിച്ചതല്ല ഭേദഗതിയെന്നും മറിച്ച് അവ കുറ്റകൃത്യത്തിന് ഉപയോഗിച്ചാലുള്ള പിഴ വര്‍ധിപ്പിച്ചതാണെന്നും ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രാ) വ്യക്തമാക്കി. നേരത്തെ ഒന്നര ലക്ഷം മുതല്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെയായിരുന്നു പിഴ. ഇത് അഞ്ച് ലക്ഷം മുതല്‍ 20 ലക്ഷം ദിര്‍ഹം വരെയായി ഉയര്‍ത്തുകയാണ് ഭേദഗതിയിലൂടെ ചെയ്തത്. അതിനാല്‍ കുറ്റകൃത്യത്തിനോ അവ മറച്ചുവെക്കുന്നതിനോ അല്ലാതെ വ്യക്തികളോ കമ്പനികളോ സ്ഥാപനങ്ങളോ വി.പി.എന്‍ ഉപയോഗിക്കുന്നത് ശിക്ഷാനടപടിക്ക് കാരണമാകില്ല.
ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം യു.എ.ഇയുടെ ടെലികമ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി  സാമൂഹിക മാധ്യമത്തിലും പ്രസ്താവന പോസ്റ്റ് ചെയ്തിരുന്നു. വഞ്ചനക്കോ കുറ്റകൃത്യത്തിനോ വി.പി.എന്‍ ഉപയോഗിച്ച് ഇന്‍റര്‍നെറ്റ് പ്രോട്ടോകോള്‍ ലംഘനം നടത്തിയാലാണ് നിയമപ്രകാരം ശിക്ഷ ലഭിക്കുകയെന്ന് പ്രസ്താവനയില്‍ ട്രാ വ്യക്തമാക്കി. കമ്പനികള്‍, സ്ഥാപനങ്ങള്‍, ബാങ്കുകള്‍ തുടങ്ങിയവ വി.പി.എന്‍ ഉപയോഗിക്കുന്നത് വിലക്കുന്ന നിയമമില്ളെന്നും ട്രാ അറിയിച്ചിരുന്നു.
വി.പി.എന്‍ തദ്ദേശ സാമ്പത്തിക വ്യവസ്ഥയുടെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണെന്ന് വിവര സാങ്കേതിക വിദ്യ വിദഗ്ധരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നു. 
കമ്പനികള്‍ അവരുടെ ശാഖകളിലേക്ക് സുരക്ഷിതമായി വിവരങ്ങള്‍ കൈമാറാനും ജീവനക്കാരെ ഉള്‍പ്രദേശങ്ങളില്‍ ജോലി ചെയ്യിക്കാനും സൗകര്യമൊരുക്കുന്നത് വി.പി.എന്‍ സാങ്കേതികവിദ്യയിലൂടെയാണ്. വി.പി.എന്‍ കൂടാതെ പണവിനിമയം സുരക്ഷിതമാവില്ളെന്നും ഈ രംഗത്തുള്ളവര്‍ പറയുന്നു. 
വിവരസാങ്കേതിക രംഗത്തെ യു.എ.ഇ നേതൃത്വത്തിന്‍െറ നിലപാടുകള്‍ക്ക് വിരുദ്ധമായ കാര്യങ്ങളാണ് വി.പിഎന്‍ ഉപയോഗം സംബന്ധിച്ച് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് ട്രാ ഡയറക്ടര്‍ ജനറല്‍ ഹമദ് ഉബൈദ് ആല്‍ മന്‍സൂറി പറഞ്ഞതായി വാം റിപ്പോര്‍ട്ട് ചെയ്തു. 
ആശയവിനിമയ-വിവരസാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി നിക്ഷേപവും ധനവിനിമയങ്ങളും പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളില്‍ ഒന്നെന്ന നിലക്ക് യു.എ.ഇ ഏറെ അഭിമാനിക്കുന്നു. യു.എ.ഇ രൂപവത്കരിക്കപ്പെട്ട 1971 മുതല്‍ രാജ്യം സ്വീകരിച്ചുവരുന്ന നിലപാട് ഇതുതന്നെയാണ്. രാജ്യത്തിന്‍െറ നയനിലപാടുകളുടെ, പ്രത്യേകിച്ച് യു.എ.ഇയെ ലോകത്തെ ഏറ്റവും മികച്ച രാജ്യമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള വിഷന്‍ 2021ന്‍െറ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വി.പി.എന്‍ ദുരുപയോഗം ചെയ്യുന്നത് ശിക്ഷാനടപടിക്ക് ഇടയാക്കും. യു.എ.ഇയില്‍ പ്രവര്‍ത്തനാനുമതിയുള്ള സേവനമായാലും അത് ദുരുപയോഗം ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടുമെന്ന് ട്രാ വ്യക്തമാക്കി. യു.എ.ഇയുടെ നിയമങ്ങള്‍ക്ക് അനുയോജ്യമല്ലാത്ത രീതിയില്‍ ഇത്തരം സേവനങ്ങളെ ദുരുപയോഗം ചെയ്യുന്നവരെ തടയുകയാണ് നിയമത്തിന്‍െറ ഉദ്ദേശ്യമെന്നും അവര്‍ അറിയിച്ചു. 
ഓണ്‍ലൈന്‍ ചൂതാട്ടം, അശ്ളീല ദൃശ്യങ്ങളുടെ ഡൗണ്‍ലോഡിങ്, യു.എ.ഇയില്‍ ലൈസന്‍സില്ലാത്ത ടെലിവിഷന്‍, ചലച്ചിത്രം, മറ്റു വീഡിയോ തുടങ്ങിയവ കാണല്‍ എന്നിവക്ക് വി.പി.എന്‍ സേവനം ഉപയോഗിച്ചാല്‍ ശിക്ഷിക്കപ്പെടും. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.