വി.ടി.ബല്‍റാം സഹായ അഭ്യര്‍ഥനയുമായി ഇന്ത്യന്‍ കോണ്‍സുലേറ്റില്‍

ദുബൈ: ഷാര്‍ജ കുവൈത്ത് ആസ്പത്രിയില്‍ അഞ്ചു മാസമായി ചികിത്സയിലുള്ള എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത മുറിഞ്ഞുപോകുന്ന സംസാരമുളള തൃത്താല സ്വദേശി മൂസക്കുട്ടി പുഴക്കരയെ സഹായിക്കാന്‍ നടപടി സ്വീകരിക്കണമെന്നഭ്യര്‍ഥിച്ച് തൃത്താല എം.എല്‍.എ അഡ്വ. വി.ടി.ബല്‍റാം ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ എത്തി.
20 വര്‍ഷമായി യു.എ.ഇയിലുളള മൂസക്കുട്ടിക്ക് ഭാര്യയും മൂന്ന് മക്കളും ഉമ്മയും അടങ്ങുന്ന കുടുംബമാണ് ഉള്ളത്. വാടക വീട്ടിലാണ് ഇപ്പോഴും കുടുംബം. 2004ല്‍ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് അവസാനമായി നാട്ടില്‍ പോയത്. റാസല്‍ഖൈമയില്‍ സ്വന്തമായി ബിസിനസ് നടത്തിയതിന്‍െറ ഭാഗമായി സാമ്പത്തിക ബാധ്യതയിലും നിയമക്കുരുക്കിലുംപെടുകയായിരുന്നു. സ്പോണ്‍സര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ റാസല്‍ഖൈമ കോടതി 15 ലക്ഷം ദിര്‍ഹം സ്പോണ്‍സര്‍ക്ക് നല്‍കാന്‍ വിധി പുറപ്പെടുവിച്ചു. എന്നാല്‍ തുക അടക്കാന്‍ വഴിയില്ലാതായ മൂസക്കുട്ടി ജയിലിലായി. നാലു വര്‍ഷത്തിലധികം ജയില്‍ ശിക്ഷയനുഭവിച്ച് പുറത്തിറങ്ങി 10 ദിവസം കഴിഞ്ഞപ്പോഴാണ് പക്ഷാഘാതത്തത്തെുടര്‍ന്ന് ആശുപത്രിയിലായത്.
റാസല്‍ഖൈമ എമിഗ്രേഷന്‍ വകുപ്പിന്‍െറ യാത്രാ നിരോധം നീക്കിക്കിട്ടണമെങ്കില്‍ ചുരുങ്ങിയത് 10 ലക്ഷം ദിര്‍ഹമെങ്കിലും വേണം. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് ആക്ടിങ് കോണ്‍സുല്‍ ജനറല്‍ കെ.മുരളീധരനുമായി എം.എല്‍.എ ആശയവിനിമയം നടത്തുകയും സഹായങ്ങള്‍ നല്‍കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.
കേന്ദ്ര, കേരള സര്‍ക്കാരുകള്‍ പ്രവാസികള്‍ക്ക് ചെയ്യുന്ന പദ്ധതികളെക്കുറിച്ചും ഇരുവരും ചര്‍ച്ച നടത്തി. എം.എല്‍.എ.യോടൊപ്പം ഇന്‍കാസ് യു.എ.ഇ.കമ്മിറ്റി ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി, ദുബൈ കമ്മിറ്റി സെക്രട്ടറി ഒറവില്‍ ആരിഫ്, എം.എ.ലത്തീഫ് ,സബീര്‍ ഏഷ്യാഡ്, നാസര്‍ നാലകത്ത് എന്നിവരും ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.