കടലിന്‍െറ ആഴങ്ങളിലേക്ക് ആമകള്‍ ഇറങ്ങിപ്പോയി; യാത്ര ചൊല്ലി കുട്ടികള്‍

അബൂദബി: തീരത്ത് കാത്തുനിന്നവരുടെ കണ്ണുകളില്‍ വേര്‍പാടിന്‍െറ വിഷമങ്ങള്‍ തീര്‍ത്ത് കടലിന്‍െറ ആഴങ്ങളിലേക്ക് അവ ഇറങ്ങിപ്പോയി. മണല്‍തീരത്ത് കൂടി ഇഴഞ്ഞ് കടലിലേക്ക് ഇറങ്ങിപ്പോകുന്ന ആമകള്‍ക്ക് യാത്രാമംഗളങ്ങള്‍ നേരാന്‍ സമീപത്തെ സ്കൂളിലെ കുട്ടികള്‍ എത്തിച്ചേര്‍ന്നിരുന്നു. 
തീരത്ത് ആദ്യം ആശങ്കയോടെ നില്‍ക്കുകയും പതിയെ ഇഴഞ്ഞ് തിരകളെ തൊടുകയും സാവധാനം കടലിന്‍െറ ആഴങ്ങളിലേക്ക് സഞ്ചരിക്കുകയുമായിരുന്നു. സാദിയാത്ത് ഐലന്‍റിലെ ബീച്ചിലാണ് കഴിഞ്ഞ ദിവസം കടലാമകളെ ആവാസ വ്യവസ്ഥയിലേക്ക് മടക്കിവിട്ടത്. മീന്‍പിടിത്ത വലയില്‍ കുടുങ്ങിലും ചൂണ്ടയുടെ കൊളുത്തുകള്‍ പരിക്കുകളേല്‍പിച്ചും പ്ളാസ്റ്റികും സിഗററ്റ് കുറ്റികളും അപകടങ്ങള്‍ സൃഷ്ടിച്ചും പരിക്കേറ്റ ഹാക്ക്സ്ബില്‍ കടലാമകളെ ശുശ്രൂഷിച്ച് പൂര്‍ണ ആരോഗ്യത്തിലത്തെിച്ച ശേഷമാണ് കടലിലേക്ക് തിരികെ വിട്ടത്. ലോകത്തില്‍ തന്നെ ഏറ്റവും വലിയ തോതില്‍ വംശനാശ ഭീഷണി നേരിടുന്ന ഹാക്ക്സ്ബില്‍ കടലാമകളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തിനൊപ്പം കുട്ടികളിലും ജനങ്ങളിലും ബോധവത്കരണം നടത്താനുമായാണ് സ്കൂള്‍ വിദ്യാര്‍ഥികളെ ക്ഷണിച്ചുവരുത്തിയത്. സാദിയാത്ത് ബീച്ച് ക്ളബിലെ തീരത്ത് കണ്ടെയ്നറില്‍ കൊണ്ടുവന്ന ആമകളെ രക്ഷാപ്രവര്‍ത്തകരുടെ സഹായത്തോടെയാണ് കടലിലേക്ക് വിട്ടത്. കഴിഞ്ഞ വര്‍ഷം സാദിയാത്ത് ഐലന്‍റില്‍ നിന്ന് ലഭിച്ച അല്‍ ഒൗദ എന്ന് വിളിക്കുന്ന ആമയെയും ഒമ്പത് ചെറിയ ആമകളെയുമാണ് മടക്കിവിട്ടത്. പ്രായപൂര്‍ത്തിയായ ഹാക്ക്സ്ബില്‍ ആമകള്‍ക്ക് ശരാശരി 120 കിലോ ഭാരമാണ് ഉണ്ടാകുക. എന്നാല്‍, ഗുരുതര പരിക്കുകളേറ്റിരുന്ന അല്‍ ഒൗദക്ക് ഭാരവും കുറവായിരുന്നു. ദുബൈയിലെ ബുര്‍ജുല്‍ അറബിലുള്ള റീഹാബിലിറ്റേഷന്‍ കേന്ദ്രത്തില്‍ മാസങ്ങള്‍ നീണ്ട പരിചരണത്തിലൂടെയാണ് ഇവയെ പൂര്‍ണ ആരോഗ്യത്തിലേക്ക് തിരിച്ചത്തെിച്ചത്.  
ഓരോ വര്‍ഷവും സാദിയാത്ത് ഐലന്‍റില്‍ 70 മുതല്‍ 100 വരെ ആമകള്‍ തീരങ്ങളില്‍ അടിയുന്നുണ്ട്. ഗുരുതര പരിക്കേറ്റും മറ്റുമാണ് ഇവ തീരങ്ങളിലേക്ക് എത്തുന്നത്. ശൈത്യ സമയത്ത് കടലിലെ വെള്ളത്തിന്‍െറ ചൂട് കുറയുമ്പോഴാണ് ഇവ കൂടുതലായും തീരത്തേക്ക് എത്തുന്നത്. ആമകളുടെ സംരക്ഷണം ലക്ഷ്യമാക്കി നടത്തുന്ന പദ്ധതിയുടെ ഭാഗമായി ഇതുവരെ സാദിയാത്തില്‍ നിന്ന് മാത്രം 300ലധികം ആമകളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. സാദിയാത്തിന്‍െറ തീരത്ത് പരിക്കേറ്റോ ഒറ്റപ്പെട്ടോ ആമകളെ കണ്ടാല്‍ സാദിയാത്ത് ഐലന്‍റിലെ സെക്യൂരിറ്റി ജീവനക്കാരെയോ ദുബൈ ആമ പുനരധിവാസ കേന്ദ്രത്തെയോ അറിയിക്കണം. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.