ഫിലിപ്പൈന്‍സുകാര്‍ വോട്ട് ചെയ്തുതുടങ്ങി; പ്രചാരണങ്ങളില്‍ ഒതുങ്ങി ഇന്ത്യക്കാര്‍

അബൂദബി: യു.എ.ഇയിലെ ഏറ്റവും വലിയ മൂന്ന് പ്രവാസി സമൂഹങ്ങളില്‍ ഒന്നായ ഫിലിപ്പൈന്‍സുകാര്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി തുടങ്ങി. അബൂദബിയിലെ എംബസിയിലും ദുബൈയിലെ കോണ്‍സുലേറ്റിലുമായി ഒരുക്കിയ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് തങ്ങളുടെ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാന്‍ ഫിലിപ്പൈന്‍സുകാര്‍ വോട്ട് ചെയ്യുന്നത്. 
അതേസമയം, കേരളത്തില്‍ അടക്കം വിവിധ സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ പ്രചാരണങ്ങളില്‍ മാത്രം ഒതുങ്ങിയിരിക്കുകയാണ് പ്രവാസികള്‍. രണ്ട് വര്‍ഷത്തോളം മുമ്പ് ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ് സമയത്ത് പ്രവാസികള്‍ക്കും വോട്ട് ചെയ്യാന്‍ വേണ്ട സൗകര്യം ഒരുക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നുവെങ്കിലും ഇപ്പോഴും പ്രാവര്‍ത്തികമായിട്ടില്ല. പ്രവാസി സമൂഹത്തിന് ഏത് രീതിയില്‍ വോട്ടവകാശം ഒരുക്കുമെന്ന ചര്‍ച്ച ഇന്ത്യയില്‍ ഇപ്പോഴും തുടരുമ്പോഴാണ് യു.എ.ഇയിലെ ഫിലിപ്പൈന്‍സ് സ്വദേശികള്‍ തങ്ങളുടെ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാന്‍ വോട്ട് ചെയ്തുതുടങ്ങിയത്. ഫിലിപ്പൈന്‍സ് പ്രസിഡന്‍റിനൊപ്പം  വൈസ് പ്രസിഡന്‍റ്, സെനറ്റര്‍മാര്‍, പ്രതിനിധി സഭ അംഗങ്ങള്‍ തുടങ്ങിയവരെ തെരഞ്ഞെടുക്കുന്നതിന് സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ നിരവധി പേരാണ് നയതന്ത്ര കാര്യാലയങ്ങളിലേക്ക് എത്തുന്നത്. യു.എ.ഇയില്‍ മൊത്തം ആറ് ലക്ഷത്തിലധികം ഫിലിപ്പൈന്‍സ് സ്വദേശികള്‍ ഉള്ളതില്‍ 1.85 ലക്ഷം പേരാണ് വോട്ട് ചെയ്യുന്നതിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ദുബൈയിലും വടക്കന്‍ എമിറേറ്റുകളിലുമായി 1.12 ലക്ഷവും അബൂദബിയില്‍ 72000ത്തില്‍ അധികം പേരുമാണ് രജിസ്റ്റര്‍ ചെയ്തത്. മേയ് എട്ട് വരെ വോട്ട് ചെയ്യുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. അവധി ദിവസങ്ങളിലും വോട്ട് ചെയ്യാന്‍ സാധിക്കും. ആദ്യ രണ്ട് ദിവസങ്ങളിലും വോട്ട് ചെയ്യാനായി നിരവധി പേര്‍ എത്തിയതായി ഫിലിപ്പൈന്‍സ് നയതന്ത്ര കാര്യാലയം വ്യക്തമാക്കി. 
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കണമെന്ന് ഡോ. ഷംഷീര്‍ വയലില്‍ നല്‍കിയ ഹരജിയില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, ഏത് രീതിയില്‍ വോട്ടവകാശം നല്‍കും എന്നത് അടക്കം സാങ്കേതിക കാര്യങ്ങളില്‍ കുരുങ്ങി പ്രവാസികളുടെ വോട്ട് ചെയ്യാമെന്ന പ്രതീക്ഷ നീണ്ടുപോകുകയായിരുന്നു. ഓണ്‍ലൈന്‍ വോട്ടിങ്, പ്രവാസ ലോകത്ത് നേരിട്ട് വോട്ട് രേഖപ്പെടുത്താന്‍ അവസരം, പ്രോക്സി വോട്ട് (പ്രവാസിയുടെ പ്രതിനിധിക്ക് നാട്ടില്‍ വോട്ട് ചെയ്യാനുള്ള അവകാശം) എന്നിങ്ങനെ നിര്‍ദേശങ്ങള്‍ ഉയര്‍ന്നെങ്കിലും ഫലപ്രദമായില്ല. കേരളം നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ ആവേശത്തില്‍ നില്‍ക്കുമ്പോഴും പ്രവാസികള്‍ കാണികള്‍ മാത്രമാണ്. നിലവിലെ സാഹചര്യത്തില്‍ പ്രവാസികള്‍ക്ക് വോട്ട് ചെയ്യാനുള്ള അവകാശം എപ്പോള്‍ ലഭ്യമാകുമെന്നും വ്യക്തമല്ല. യു.എ.ഇയില്‍ മാത്രം 26 ലക്ഷം ഇന്ത്യക്കാരാണ് ഉള്ളത്. 
അതേസമയം, യു.എ.ഇയിലെ ഏറ്റവും വലിയ രണ്ടാമത്തെ പ്രവാസി സമൂഹമായ പാകിസ്താനികളും ഇവിടെ നിന്ന് കൊണ്ട് നാട്ടിലെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാറുണ്ട്. 2013 മേയില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ പാകിസ്താനികള്‍ക്ക് യു.എ.ഇയില്‍ നിന്ന് വോട്ട് ചെയ്തിരുന്നു. അബൂദബിയിലെ എംബസി, ദുബൈയിലെ കോണ്‍സുലേറ്റ്, അല്‍ഐന്‍, റാസല്‍ഖൈമ, ഫുജൈറ, ഷാര്‍ജ, അബൂദബി, ദുബൈ എന്നിവിടങ്ങളിലെ പാകിസ്താന്‍ സ്കൂള്‍ എന്നിവിടങ്ങളിലായി ഒരുക്കിയ 45 പോളിങ് സ്റ്റേഷനുകളിലാണ് അന്ന് അവര്‍ വോട്ട് ചെയ്തത്. 
സുപ്രീം കോടതി, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍, കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയവ ഒത്തൊരുമയോടെ പ്രവര്‍ത്തിച്ച് അടുത്ത തെരഞ്ഞെടുപ്പിലെങ്കിലും പ്രവാസി വോട്ടവകാശം യാഥാര്‍ഥ്യമാക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ സമൂഹം.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.