ആയിരങ്ങള്‍ക്ക് വെളിച്ചം പകര്‍ന്ന്: എജുകഫെ സമാപിച്ചു

ദുബൈ: അറിവ് ആഘോഷമാക്കിയ രണ്ടുനാളുകള്‍ക്ക് വിട. നിറഞ്ഞുകവിഞ്ഞ ജനപങ്കാളിത്തം പുതുചരിത്രം കുറിച്ച ‘ഗള്‍ഫ് മാധ്യമം’ എജുകഫെക്ക് വിജയകരമായ പരിസമാപ്തി. ദുബൈയുടെ വിദ്യാഭ്യാസ കരിയര്‍ മേളകളില്‍ വിസ്മയത്തിന്‍െറ പുതിയ ഏട് തുന്നിച്ചേര്‍ത്താണ് ദുബൈ ഖിസൈസിലെ ബില്‍വ ഇന്ത്യന്‍ സ്കൂളില്‍ നടന്ന ‘ഗള്‍ഫ് മാധ്യമ’ത്തിന്‍െറ പ്രഥമ മേളക്ക് ശനിയാഴ്ച രാത്രി കൊടിയിറങ്ങിയത്.
ആദ്യ ദിവസത്തെപോലെ ശനിയാഴ്ചയും വിദ്യാര്‍ഥികളും രക്ഷിതാക്കളും തിങ്ങിനിറഞ്ഞ സദസ്സിനു മുമ്പാകെയായിരുന്നു കൗണ്‍സലിങ് ക്ളാസുകളും വിദഗ്ധരുടെ പ്രഭാഷണങ്ങളും നടന്നത്. വിദ്യാഭ്യാസ, കരിയര്‍ മേഖലയിലെ പുതിയ ചലനങ്ങളറിയാനും പഠനവഴികള്‍ കണ്ടത്തെുന്നതിനും എജുകഫെ വലിയ തോതില്‍ സഹായിച്ചെന്ന സംതൃപ്തിയോടെയാണ് സന്ദര്‍ശകര്‍ മടങ്ങിയത്. മെഡിക്കലും എന്‍ജിനീയറിങും ഉള്‍പ്പെടെയുള്ള സാമ്പ്രദായിക കോഴ്സുകള്‍ക്കപ്പുറമുള്ള നിരവധി കോഴ്സുകളെക്കുറിച്ചും തൊഴില്‍മേഖല നിര്‍ണയിക്കുന്നതില്‍ വിദ്യാര്‍ഥികളുടെ അഭിരുചിക്കുള്ള പ്രാധാന്യത്തെക്കുറിച്ചും അവര്‍ മനസ്സിലാക്കി. വ്യക്തമായ ലക്ഷ്യബോധവും അത് നേടിയെടുക്കുന്നതിനുള്ള നിശ്ചയദാര്‍ഢ്യത്തോടെയുള്ള പരിശ്രമവുമാണ് വിജയങ്ങള്‍ക്ക് നിദാനമെന്ന സന്ദേശമാണ് വിദ്യാര്‍ഥികള്‍ക്ക് മേള പകര്‍ന്നത്.
ഇന്നലെ നടന്ന വിവിധ സെഷനുകളില്‍ മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുല്‍ കലാമിന്‍െറ സന്തത സഹചാരിയായിരുന്ന ഡോ.വി.കതിരേശന്‍ കലാമിന്‍െറ പ്രചോദനം ഉള്‍ക്കൊണ്ട് അദ്ദേഹത്തിന്‍െറ ഡ്രൈവര്‍ സ്ഥാനത്തു നിന്ന്  ഇരട്ട പി.എച്ച്.ഡിവരെ നേടിയ അനുഭവകഥ സദസ്സിനോട് വിശദീകരിച്ചു. ഡോ. കതിരേശന്‍ ഇതാദ്യമായാണ് വിദേശയാത്ര നടത്തുന്നത്. തുടര്‍ന്ന് എം.ജി.വാഴ്സിറ്റി പ്രോ വൈസ് ചാന്‍സലര്‍ ഡോ. ഷീന ഷുക്കൂര്‍ ഉപരിപഠന രംഗത്തെ അവസരങ്ങളെയും സാധ്യതകളെയും കുറിച്ച് സംസാരിച്ചു.
കരിയര്‍ കണ്‍സള്‍ട്ടന്‍റ് എം.എസ്.ജലീല്‍, കരിയര്‍ ഗൈഡന്‍സ് കൗണ്‍സലര്‍ സൂസന്‍ മാത്യു, പ്രമുഖ  സൈക്യാട്രിസ്റ്റ് ഡോ.സി.ബി. ബിനു, സിന്‍ഡ്രല രമിത്, ഓര്‍മശക്തി പരിശീലകന്‍ ജോജോ. സി. കാഞ്ഞിരക്കാടന്‍, ന്യൂട്രീഷനിസ്റ്റ് ഡോ. സൈദ അര്‍ഷിയ ബീഗം എന്നിവര്‍ വിവിധ സെഷനുകള്‍ നയിച്ചു. ടി.വി അവതാരകനും മജീഷ്യനുമായ രാജ് കലേഷിന്‍െറ മാജിക്കല്‍ ചാറ്റോടെയാണ് എജുകഫെക്ക് തിരശ്ശീല വീണത്. 
ശനിയാഴ്ച രാവിലെ മുതല്‍ മുഖ്യവേദിയിലെ പരിപാടികള്‍ക്ക് സമാന്തരമായി വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി നടന്ന സൈക്കോളജിക്കല്‍ കൗണ്‍സലിങ്ങിനും കരിയര്‍ കൗണ്‍സലിങ്ങിനും വലിയ തിരക്കായിരുന്നു. പത്തോളം കൗണ്ടറുകളിലായി വൈകിട്ട് ആറു വരെ വ്യക്തിഗത കൗണ്‍സലിങ്ങ് നടന്നു. ഗ്രൂപ്പ് കൗണ്‍സലിങ്ങുമുണ്ടായിരുന്നു. പ്ളസ് വണ്‍, പ്ളസ് ടു വിദ്യാര്‍ഥികള്‍ക്ക്  കേരള മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശ പരീക്ഷയുടെ സിലബസ് അടിസ്ഥാനമാക്കിയുള്ള മാതൃകാ പ്രവേശ പരീക്ഷയും ശനിയാഴ്ച രാവിലെ നടന്നു. 30ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്റ്റാളുകളിലും കോഴ്സുകളുടെ ലഭ്യതയും മറ്റു വിവരങ്ങളും അറിയാന്‍ നിരവധി പേരത്തെി. അവധി ദിനമായതിനാല്‍ വിവിധ എമിറേറ്റുകളില്‍ നിന്ന് നിരവധി പേര്‍ കുടുംബസമേതം മേളക്കത്തെി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.