റാസല്‍ഖൈമയില്‍ ലിഫ്റ്റ് തകര്‍ന്ന്  എട്ടുപേര്‍ക്ക് പരിക്ക്

ഷാര്‍ജ: റാസല്‍ഖൈമയിലെ അല്‍ ജസീറയില്‍ ബഹുനില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് വീണ് എട്ട് അറബ് വംശജര്‍ക്ക് പരിക്കേറ്റു. അഞ്ച് സ്ത്രീകള്‍ക്കും മൂന്ന് കുട്ടികള്‍ക്കുമാണ് പരിക്കേറ്റത്. 
22 നിലകളുള്ള കെട്ടിടത്തിന്‍െറ മൂന്നാം നിലയില്‍ വെച്ചാണ് അപകടം ഉണ്ടായത്. കെട്ടിടത്തില്‍ താമസിക്കുന്ന ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ എത്തിയ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. 
അപകടം നടന്നത് മൂന്നാം നിലയിലായതിനാലാണ് വന്‍ ദുരന്തം വഴി മാറിയത്. സാഖര്‍ ആശുപത്രിയില്‍ കഴിയുന്ന ഇവരുടെ നില തൃപ്തികരമാണെന്നാണ് അറിയുന്നത്. ഷാര്‍ജയില്‍ മുമ്പ് നടന്ന സമാനമായ അപകടത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കെട്ടിടങ്ങളിലും മറ്റും പ്രവര്‍ത്തിക്കുന്ന ലിഫ്റ്റുകള്‍ വാര്‍ഷിക അറ്റകുറ്റ പണികള്‍ നിര്‍ബന്ധമായും നടത്തിയിരിക്കണമെന്നാണ് ചട്ടം. നടത്താത്ത പക്ഷം കെട്ടിടത്തിലെ താമസക്കാര്‍ക്ക് പരാതിപ്പെടാവുന്നതാണ്. ഇരുമ്പ് വടത്തിന്‍െറ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ലിഫ്റ്റുകള്‍ ദിനംപ്രതി പരിശോധന നടത്തുകയാണ് അപകടം കുറക്കാനുള്ള മാര്‍ഗമെന്നാണ് കെട്ടിടത്തിലെ താമസക്കാര്‍ പറയുന്നത്. 
ഷാര്‍ജയിലെ വ്യവസായ മേഖലകളിലുള്ള കെട്ടിടങ്ങളിലെ ലിഫ്റ്റുകളെ കുറിച്ച് വ്യാപക പരാതികളാണ്. ലൈറ്റുകള്‍ പ്രവര്‍ത്തിക്കാതിരിക്കുക, ഇടക്ക് വെച്ച് ലിഫ്റ്റിന്‍െറ പ്രവര്‍ത്തനം നിലക്കുക, വാതിലുകള്‍ അടയാതിരിക്കുക തുടങ്ങിയ പരാതികളാണ് ഇവിടങ്ങളില്‍ നിന്ന് വരുന്നത്. എന്നാല്‍ താമസക്കാര്‍ പരാതികള്‍ പരസ്പരം പങ്ക് വെക്കുന്നതല്ലാതെ അധികൃതരോട് ബോധിപ്പിക്കാറില്ല. ഇതാണ് റിയല്‍ എസ്റ്റേറ്റുകാര്‍ക്കും തുണയാകുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.