ദുബൈ ക്രീക്കില്‍ അഞ്ച് ആധുനിക അബ്രകള്‍ സര്‍വീസ് തുടങ്ങി

ദുബൈ: ദുബൈ ക്രീക്കില്‍ സര്‍വീസ് നടത്താന്‍ ആര്‍.ടി.എ ആധുനിക അബ്രകള്‍ നീറ്റിലിറക്കി. ബനിയാസ്, അല്‍ സബ്ഖ, അല്‍ ഗുബൈബ, ദുബൈ ഓള്‍ഡ് സൂക്ക്, അല്‍ ഫാഹിദി ജല സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന നാലു പാതകളില്‍ സര്‍വീസ് നടത്താന്‍ അഞ്ചു പുതിയ അബ്രകളാണ് പുറത്തിറക്കിയത്. നിലവില്‍ സര്‍വീസ് നടത്തുന്ന പരമ്പരാഗത അബ്രകളുടെ അതേ രൂപം നിലനിര്‍ത്തിക്കൊണ്ടുതന്നെ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങളും പരിസ്ഥിതി സൗഹൃദവുമായാണ് പുതിയ അബ്രകള്‍ നിര്‍മിച്ചിരിക്കുന്നത്. കുറഞ്ഞ അളവില്‍ കാര്‍ബണ്‍ പുറന്തള്ളുന്ന ഹൈ-ഒക്ടേന്‍ പെട്രോളാണ് ഇതില്‍ ഉപയോഗിക്കുക. പരമ്പരാഗത അബ്രകളേക്കാള്‍  ഭാരം കുറവായതിനാല്‍ മൂന്നു മടങ്ങ് അധിക വേഗത്തില്‍ ഇവക്ക് സഞ്ചരിക്കാം. തീരെ ശബ്ദമില്ലാതെ ഓടുന്ന ഇവക്ക് ഓളങ്ങളില്‍ ഉയര്‍ന്ന തോതില്‍ സന്തുലിത്വം പാലിക്കാനാകും. സുരക്ഷിതമായ സീറ്റുകളും വെയിലില്‍ നിന്ന് യാത്രക്കാരെ സംരക്ഷിക്കാനുള്ള സംവിധാനങ്ങളുമുണ്ട്.  ഡ്രൈവറുടെ സീറ്റ് മുന്നിലേക്ക് മാറ്റിയിട്ടുണ്ട്. 
ബനിയാസ് സ്റ്റേഷനില്‍ നിന്ന്  അല്‍ ഫാഹിദി, ദുബൈ ഓള്‍ഡ് സൂഖ്, അല്‍ സബ്ഖ സ്റ്റേഷനുകളിലേക്കുള്ള മൂന്നു ജലപാതകളിലും  ദുബൈ ഓള്‍ഡ് സൂഖില്‍ നിന്ന് അല്‍ ഗുബൈബ സ്റ്റേഷനിലേക്കുള്ള നാലാമത്തെ പാതയിലുമാണ് ഇവ സര്‍വീസ് നടത്തുകയെന്ന് ആര്‍.ടി.എ പത്രക്കുറിപ്പില്‍ അറിയിച്ചു. 
ദുബൈയിലെ ജല ഗതാഗതം മെച്ചപ്പെടുത്തുന്നതിനുള്ള മാസ്റ്റര്‍ പ്ളാന്‍ അനുസരിച്ചാണ് പുതിയ അബ്രകള്‍ പുറത്തിറക്കിയതെന്ന് ആര്‍.ടി.എ ചെയര്‍മാനും ഡയറക്ടര്‍ ജനറലുമായ മത്താര്‍ അല്‍ തായിര്‍ പറഞ്ഞു. വര്‍ഷം 1.30 കോടി പേരാണ് ദുബൈയില്‍ ജലയാത്ര നടത്തുന്നത്. എമിറേറ്റിലെ പ്രധാന യാത്രാമാര്‍ഗങ്ങളിലൊന്നാണിത്. ദുബൈ വാട്ടര്‍കനാല്‍, ബിസിനസ് ബേ കനാല്‍ എന്നിവ യാഥാര്‍ഥ്യമാകുമ്പോള്‍ 2018 ഓടെ 12 പുതിയ ജല ഗതാഗത സ്റ്റേഷനുകള്‍ തുറക്കാനാണ് മാസറ്റര്‍ പ്ളാന്‍ അനുസരിച്ച് ആര്‍.ടി.എ ഒരുങ്ങുന്നത്. അതോടെ ദുബൈ ക്രീക്ക്, ബിസിനസ് ബേ കനാല്‍ ദുബൈ വാട്ടര്‍ കനാല്‍ എന്നിവിടങ്ങളിലായി ജലയാന സ്റ്റേഷനുകളുടെ എണ്ണം 18 ആകും. ജുമൈറ തീരപാത, പുതിയ ദ്വീപുകളിലേക്കുള്ള പാതകള്‍ എന്നിവ വേറെയും മാസ്റ്റര്‍ പ്ളാനില്‍ വിഭാവനം ചെയ്തിട്ടുണ്ട്.
പരമ്പരാഗത അബ്രകളുടെ എണ്ണം ക്രമേണ കൂട്ടിക്കൊണ്ടുവരുമെന്ന് മത്താര്‍ അല്‍ തായിര്‍ പറഞ്ഞു. അബ്രകളുടെ എണ്ണം 2017ല്‍ 50 ഉം 2019ല്‍ 100 ഉം 2020ല്‍ 150 ഉം ആക്കും.
ബിസിനസ് ബേ, ദുബൈ വാട്ടര്‍ കനാല്‍ പദ്ധതികള്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ ദുബൈയിലെ ജലഗതാഗതം പുതിയ മാനം കൈവരിക്കും. മറീന സ്റ്റേഷന്‍ ആര്‍.ടി.എ ഈയിടെ പൂര്‍ത്തിയാക്കി. അല്‍ ജദാഫ് സ്റ്റേഷന്‍െറ നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഈ സ്റ്റേഷന് ബസ്,മെട്രോ പാതകളുമായി ബന്ധമുണ്ടെന്ന പ്രത്യേകതയുമുണ്ട്.  അല്‍ ഗര്‍ഹൂദില്‍ 5000 ചതുരശ്ര മീറ്ററില്‍ പുതിയ സ്റ്റേഷന്‍ ഒരുങ്ങുന്നുണ്ടെന്നും ആര്‍.ടി.എ ചെയര്‍മാന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.