അബൂദബിയില്‍ കാര്‍ഡില്ലാതെ ബസ് യാത്ര പറ്റില്ല

അബൂദബി: അബൂദബി യാത്രാബസുകളിലെ ചില്ലറ പെട്ടികള്‍ വ്യാഴാഴ്ച മുതല്‍ അപ്രത്യക്ഷമാകും. ഹാഫിലാത് പ്രീപെയ്ഡ് കാര്‍ഡുകള്‍ ഉപയോഗിച്ച് മാത്രമേ ഇനി  ബസ് യാത്ര സാധ്യമാകൂ. പ്രതിമാസ ഉജ്റ കാര്‍ഡ് സംവിധാനവും ഇതോടെ ഇല്ലാതാകുമെന്ന് അബൂദബി ഗതാഗത വകുപ്പ് അറിയിച്ചു. 
ഹാഫിലാത് കാര്‍ഡുകള്‍ മാസങ്ങള്‍ക്ക് മുമ്പ് അവതരിപ്പിച്ചിരുന്നുവെങ്കിലും ഇതുവരെ നിര്‍ബന്ധമാക്കിയിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബസ് സര്‍വീസ് തുടങ്ങിയപ്പോള്‍ ആദ്യകാലത്ത് യാത്ര സൗജന്യമായിരുന്നു. പിന്നീട് ഒരുദിര്‍ഹം ബസിലെ പെട്ടിയില്‍ നിക്ഷേപിക്കുന്ന സംവിധാനമായി. ഇപ്പോള്‍ നഗരത്തില്‍ യാത്ര ചെയ്യുന്നതിന് രണ്ട് ദിര്‍ഹവും നഗരപ്രാന്തങ്ങളിലേക്ക് നാല് ദിര്‍ഹവുമാണ് ഈടാക്കുന്നത്. കാര്‍ഡ് സംവിധാനം നിലവില്‍ വരുന്നതോടെ യാത്ര ചെയ്യുന്ന ദൂരത്തിനനുസരിച്ച് മാത്രം പണം നല്‍കിയാല്‍ മതിയാകും.
താല്‍ക്കാലിക കാര്‍ഡുകളും സ്ഥിരം കാര്‍ഡുകളും മുതിര്‍ന്നവര്‍ക്കും ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക കാര്‍ഡുകളും ഉണ്ടാകും. ഫോട്ടോയും തിരിച്ചറിയല്‍ രേഖയും ഉള്‍ക്കൊള്ളിച്ച് വ്യക്തിഗത കാര്‍ഡുകള്‍ ആക്കാനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരാഴ്ചയും 14 ദിവസവും കാലാവധിയുള്ള താല്‍ക്കാലിക കാര്‍ഡുകള്‍ ഗതാഗത വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാര്‍ഡ് വാങ്ങിയത് മുതല്‍ 14 ദിവസം വരെ കാലാവധിയുള്ളതിന് 150 ദിര്‍ഹം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. 30 ദിര്‍ഹത്തിന്‍േറതാണ് ഒരാഴ്ചക്കുള്ള കാര്‍ഡ്. ഇത് ഒരാഴ്ച കൂടി നീട്ടാനും സാധിക്കും. പ്ളാസ്റ്റിക് കാര്‍ഡുകളാണ് സ്ഥിരം കാര്‍ഡുകളായി നല്‍കുക. ഫോട്ടോയും തിരിച്ചറിയല്‍ രേഖയും ഉള്‍പ്പെടെയുള്ള പേഴ്സണലൈസ്ഡ് കാര്‍ഡ് ആയും അല്ലാതെയും ഇത് സ്വന്തമാക്കാം. 150 ദിര്‍ഹം ചാര്‍ജ് ചെയ്യാനും സാധിക്കും. പേഴ്സണലൈസ്ഡ് കാര്‍ഡുകള്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നവര്‍ക്ക് അവാര്‍ഡുകളും ലഭിക്കും. വിദ്യാര്‍ഥികള്‍ക്കായുള്ള സ്റ്റുഡന്‍റ് കാര്‍ഡുകള്‍ പ്ളാസ്റ്റിക് നിര്‍മിതവും ഒരു വര്‍ഷം കാലാവധിയുള്ളതുമാണ്. 500 ദിര്‍ഹമാണ് കാര്‍ഡിന്‍െറ വില. മറ്റ് നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് 150 ദിര്‍ഹം ചാര്‍ജ് ചെയ്യാനും വിദ്യാര്‍ഥികളുടെ കാര്‍ഡില്‍ സാധിക്കും. നഗരത്തിലും നഗര പ്രാന്തത്തിലും ഉപയോഗിക്കാം.
 മുതിര്‍ന്നവര്‍ക്കും ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുമായി നല്‍കുന്ന കാര്‍ഡുകള്‍ പ്ളാസ്റ്റിക് നിര്‍മിതവും നഗരത്തിലും നഗരപ്രാന്തത്തിലും യാത്ര സൗജന്യമാക്കുന്നതുമാണ്. വിവിധ നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് 150 ദിര്‍ഹം ഈ കാര്‍ഡുകളില്‍ ഉണ്ടാകും. 
ബസുകളില്‍ സ്ഥാപിച്ച യന്ത്രങ്ങളില്‍ കാര്‍ഡ് സൈ്വപ് ചെയ്യുകയാണ് വേണ്ടത്. ബസില്‍ കയറുമ്പോഴും തിരിച്ചിറങ്ങുമ്പോഴും കാര്‍ഡുകള്‍ യന്ത്രങ്ങളില്‍ കാണിക്കണം. തിര ിച്ചിറങ്ങുന്ന സമയം യാത്രയുടെ ദൂരം കണക്കാക്കി കാര്‍ഡില്‍ നിന്ന് നിരക്ക് ഈടാക്കും. യാത്ര തുടങ്ങുന്നതിന് മുമ്പ് കാര്‍ഡില്‍ ആവശ്യത്തിന് പണം ഉണ്ടെന്ന് ഉറപ്പാക്കണം. പുതിയ സംവിധാനം നടപ്പാക്കുന്നതിന്‍െറ ഭാഗമായി തലസ്ഥാന എമിറേറ്റിലെ ബസുകളില്‍ സൈപ്പിങ് യന്ത്രങ്ങള്‍ നേരത്തേ തന്നെ സ്ഥാപിച്ചിരുന്നു. പേഴ്സണലൈസ് ചെയ്ത കാര്‍ഡുകള്‍ നഷ്ടപ്പെട്ടാല്‍ മറ്റൊന്ന് അനുവദിക്കും. കാര്‍ഡില്‍ ബാക്കിയുള്ള തുകയും പുതുക്കിയ കാര്‍ഡില്‍ ലഭിക്കും. 
പ്രധാന ബസ് സ്റ്റേഷനുകള്‍, വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ എന്നിവിടങ്ങളിലെ ടിക്കറ്റ് വെന്‍ഡിങ് മെഷീനുകള്‍ വഴി കാര്‍ഡുകള്‍ വാങ്ങാനും റീചാര്‍ജ് ചെയ്യാനും സാധിക്കും. റീചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന മെഷീനുകള്‍ ശീതീകരിച്ച ബസ്സ്റ്റോപ്പുകള്‍, ബസ് സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. 
ബാങ്ക് നോട്ടുകള്‍ ഉപയോഗിച്ച് റീചാര്‍ജ് ചെയ്യാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. ഭാവിയില്‍ ഓണ്‍ലൈന്‍ വഴിയും കാര്‍ഡില്‍ റീ ചാര്‍ജ് ചെയ്യാന്‍ സംവിധാനം ഒരുക്കുന്നുണ്ട്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.