ഷാര്‍ജയില്‍ കണ്ണ് പരിശോധനയില്‍ 1700 വിദേശികളെ പിടികൂടി തിരിച്ചയച്ചു

ഷാര്‍ജ : കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ ഷാര്‍ജ വിമാനത്താവളത്തില്‍  നിന്ന് കണ്ണ് പരിശോധനയില്‍ 1700 വിദേശികളെ പിടികൂടി നാട്ടിലേക്ക് തന്നെ തിരിച്ചയച്ചു . രാജ്യത്തിന്‍െറ വിവിധ പ്രവേശന കവാടങ്ങളില്‍ നിന്ന് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഏതാണ്ട് രണ്ട് ലക്ഷത്തോളം വിദേശികളെയാണ് തിരിച്ചയച്ചത് .നിരവധി മലയാളികളും ഇതില്‍പ്പെടും .
രാജ്യത്തില്‍ നിന്ന് വിവിധ കാരണങ്ങളാല്‍ നാടുകടത്തപ്പെട്ടവരാണ് തിരിച്ചത്തെിയപ്പോള്‍ കുടുങ്ങിയത്. വിമാനത്താവളങ്ങള്‍ , തുറമുഖങ്ങള്‍ , കര മാര്‍ഗമുള്ള പ്രവേശന കവാടങ്ങള്‍ എന്നിവിടങ്ങളില്‍ ഘടിപ്പിച്ച യന്ത്രമാണ് യാത്രക്കാരുടെ  കണ്ണ് പരിശോധിക്കുന്നത്. 
നാടുകടത്തപ്പെട്ടവരും അനഭിതരുമായ വിദേശികള്‍ രാജ്യത്ത് കടക്കുന്നത് തടയുന്നതിന് 2002 ലാണ്  ആദ്യം അബൂദബിയിലും പിന്നീട് മറ്റ് എമിറേറ്റുകളിലും കണ്ണ് പരിശോധന യന്ത്രങ്ങള്‍ ഘടിപ്പിച്ചത് . ജയിലുകളിലും നാടുകടത്തല്‍ കേന്ദ്രങ്ങളിലുമെല്ലാം യന്ത്രങ്ങള്‍ ഘടിപ്പിച്ച് പല കാരണങ്ങളാല്‍ പുറത്താക്കപ്പെടുന്ന മുഴുവന്‍ വിദേശികളുടെയും കണ്ണ് സ്കാന്‍ ചെയ്ത് വ്യക്തി വിവരങ്ങള്‍ വര്‍ഷങ്ങളായി ശേഖരിച്ചു വെക്കുന്നുണ്ട് . രാജ്യത്ത്  സന്ദര്‍ശക വിസ , താമസ വിസ , തൊഴില്‍ വിസ എന്നിവയില്‍ വരുന്ന മുഴുവന്‍ വിദേശികള്‍ക്കും കണ്ണ് പരിശോധന നിര്‍ബന്ധമാക്കിയിരുന്നു .
 ഈ ഡാറ്റ ബാങ്കിലെ ലക്ഷകണക്കിന് ചിത്രങ്ങളുമായി നിമിഷ നേരം കൊണ്ട് ഒത്തുനോക്കിയാണ് വീണ്ടും വരുന്നവരെ പിടികൂടിയത് . അവരെ വളരെ പെട്ടെന്ന് തിരിച്ചയക്കുകയാണ് പതിവ്. പിടികിട്ടാപ്പുള്ളികളാണങ്കില്‍ അറസ്റ്റ് ചെയ്ത് നിയമത്തിന് മുമ്പില്‍ ഹാജരാക്കും. നാടുകടത്തപ്പെടുന്ന ചിലരുടെ കണ്ണടയാളം യന്ത്രത്തില്‍ ഒരു നിശ്ചിത കാലം വരെ മാത്രമെ സൂക്ഷിക്കൂ . മറ്റ് ചിലരുടേത് കാലാകാലത്തേക്ക് സൂക്ഷിച്ചു വെക്കും .
 അത്തരകാര്‍ക്ക് പിന്നീട് ഒരിക്കലും യു.എ.ഇയിലേക്ക് പ്രവേശനം സാധ്യമാവില്ല . ഒരേ സമയത്തു തന്നെ രണ്ട് കണ്ണുകളുടെയും അടയാളം പകര്‍ത്താന്‍ കഴിയുന്ന 818 അത്യാധുനിക കാമറകള്‍ പല പ്രവേശന കവാടങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്. വളരെ പെട്ടന്ന് തന്നെ അടയാളങ്ങള്‍ പകര്‍ത്താന്‍ ഇവക്ക് സാധിക്കും. എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഇത്തരം കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട് .
 പല സന്ദര്‍ഭങ്ങളിലായി പല കാരണങ്ങളാല്‍ നാടുകടത്തപ്പെട്ടവര്‍ വ്യാജ പേരുകളില്‍ കള്ള പാസ്പോര്‍ട്ട് എടുത്ത് രാജ്യത്ത് വീണ്ടും പ്രവേശിക്കുന്നതായി ശ്രദ്ധയില്‍പെട്ടപോഴാണ് അധികൃതര്‍ ആര്‍ക്കും രക്ഷപ്പെടാനാക്കാത്ത കണ്ണ് പരിശോധന യന്തം 2008 ല്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത് . ഇതിനെയും മറി കടക്കാന്‍ കണ്ണില്‍ ചില മരുന്നുകള്‍ ഉപയോഗിച്ച് യന്ത്രത്തെ കബളിപ്പിച്ച് രാജ്യത്ത് കടക്കാന്‍ ശ്രമിക്കുന്നതും ശ്രദ്ധയില്‍ പ്പെട്ടിയിരുന്നു. ഇങ്ങനെ കുതന്ത്രം പ്രയോഗിച്ച് കടക്കാന്‍ ശ്രമിക്കുന്നവരെന്ന് സംശയം തോന്നിയാല്‍ മണിക്കൂറുകള്‍ക്ക് ശേഷം വീണ്ടും പരിശോധനക്ക് വിധേയരാക്കും. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.