തനത് കലകളുമായി ഫോക്ലോര്‍ അക്കാദമി ഗള്‍ഫിലേക്ക്

ദുബൈ:വമ്പന്‍ സംഗീത നിശകളും കലാ പരിപാടികളും കണ്ടും ആസ്വദിച്ചും മടുത്ത പ്രവാസികള്‍ക്ക് മുമ്പില്‍ കേരളത്തിലെ മണ്ണിന്‍െറ മണമുള്ള നാടന്‍ കലാ രൂപങ്ങള്‍ അവതരിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള കേരള ഫോക്ലോര്‍ അക്കാദമി ഒരുങ്ങുന്നു. തനത് കലകളെ  കേരളത്തിന് പുറത്തത്തെിക്കുന്നതിന്‍െറയും പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്നതിന്‍െയും  ഭാഗമായാണ് പ്രവാസി സംഘടനകളുടെ സഹകരണത്തോടെ ഗള്‍ഫില്‍ പരിപാടികള്‍ നടത്താന്‍ ഉദ്ദേശിക്കുന്നതെന്ന് അക്കാദമി ചെയര്‍മാന്‍ പ്രഫ.ബി.മുഹമ്മദ് അഹമ്മദ് ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എട്ടു കലാകാരന്‍മാരുമായി അക്കാദമിയുടെ സംഘം ഇപ്പോള്‍ യു.എ.ഇയിലുണ്ട്. അബൂദബിയില്‍ നടന്ന ആദ്യ പരിപാടിക്ക് വളരെ മികച്ച പ്രതികരണമാണ് ലഭിച്ചത്. സംഘാടകരുടെ അഭ്യര്‍ഥന പ്രകാരം അടുത്ത വെള്ളിയാഴ്ച രാത്രി അബൂദബി ഇന്ത്യന്‍ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്‍ററില്‍ വിപുലമായ തോതില്‍ പരിപാടി അവതരിപ്പിക്കും. ഇതാദ്യമായാണ് അക്കാദമിയുടെ കീഴില്‍ നാടന്‍ കലാ സംഘം ഗള്‍ഫില്‍ പരിപാടി അവതരിപ്പിക്കുന്നത്.  കേരളത്തില്‍ നാടന്‍കലകളെക്കുറിച്ച് ഇപ്പോള്‍ വലിയ തോതില്‍ അവബോധമുണ്ടാക്കാന്‍ അക്കാദമിക്ക് സാധിച്ചിട്ടുണ്ട്. അക്കാദമിയില്‍ അഫിലിയേറ്റ് ചെയ്ത ആയിരത്തോളം ഫോക്ലോര്‍ ക്ളബ്ബുകള്‍ ഇപ്പോള്‍ കേരളത്തിലുണ്ട്. 
ഗള്‍ഫിലെ അംഗീകാരമുള്ള സംഘടനകള്‍ക്കും ഇതുപോലെ അഫിലിയേഷന്‍ നേടാം. ഇവര്‍ ആതിഥ്യം വഹിച്ചാല്‍ വിവിധ നാടന്‍ കലകള്‍ പ്രവാസ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ അക്കാദമി സംഘത്തെ അയച്ചുകൊടുക്കും. 
സാധാരണ മനുഷ്യന്‍െറ കലയാണ് നാടന്‍ കലകള്‍.ഏതെങ്കിലും അക്കാദമിയിലോ പഠന കേന്ദ്രങ്ങളിലോ വ്യവസ്ഥാപിതമായി പഠിച്ചുവളര്‍ന്നവരല്ല ഈ സംഘമെന്നും തലമുറകളായി കണ്ടും കേട്ടും പഠിച്ച പാവങ്ങളായ മനുഷ്യരാണ് ഇവ അവതരിപ്പിക്കുന്നതെന്നും ചെയര്‍മാന്‍ പറഞ്ഞു. ഇവര്‍ക്ക് ഗള്‍ഫ് നാടുകള്‍ കാണാനും കൂടുതല്‍ വിപുലമായ വേദികളില്‍ പരിപാടികള്‍ അവതരിപ്പിക്കാനുമുള്ള അവസരം കൂടിയാണ് തങ്ങള്‍ തേടുന്നത്.  നാടന്‍ പാട്ടും യക്ഷഗാനവും പൂരക്കളിയും കളരിപ്പയറ്റും കോല്‍ക്കളിയും പണിയ നൃത്തവും തെയ്യവും ഗദ്ദികയും മംഗലംകളിയും ഒപ്പനയും മാര്‍ഗംകളിയുമെല്ലാം അവതരിപ്പിക്കുന്ന മികച്ച കലാസംഘം അക്കാദമിക്ക് കീഴിലുണ്ട്. കേരളത്തിലെ ചില പ്രത്യേക ഇടങ്ങളിലും പ്രത്യേക വിഭാഗം ജനങ്ങളിലും മാത്രം കണ്ടുവരുന്ന തനത് കലകള്‍ പലതും നമ്മെ അമ്പരപ്പിക്കുന്നതാണ്.  പ്രാന്തവല്‍ക്കരിക്കപ്പെട്ടവരുടെയും ദളിതരുടെയും കലാരൂപങ്ങള്‍ വീണ്ടെടുത്ത് പുതു തലമുറക്ക് മുന്നില്‍ അവതരിപ്പിക്കുകയും അത് സംരക്ഷിക്കുകയുമാണ്  ഇത്തരം വേദികളിലൂടെ അക്കാദമി ലക്ഷ്യമിടുന്നത്. 
ഇന്ത്യയിലെ വന്‍ നഗരങ്ങളിലെല്ലാം അക്കാദമിയുടെ നേതൃത്വത്തില്‍ കലാരൂപങ്ങള്‍ അവതരിപ്പിച്ചുകഴിഞ്ഞു. കലാ പരിപാടികള്‍ മാത്രമല്ല ഇവ സംബന്ധിച്ച സെമിനാറുകളും നാട്ടറിവ് ശില്പശാലകളും കുട്ടികള്‍ക്കായി പ്രത്യേക ക്യാമ്പുകളും അക്കാദമി സംഘടിപ്പിക്കുന്നുണ്ട്. ഇവയൊക്കെ പ്രവാസലോകത്തും എത്തേണ്ടതുണ്ടെന്ന് പ്രഫ. മുഹമ്മദ് അഹമ്മദ് പറഞ്ഞു. അഫിലിയേഷന്  അക്കാദമി വെബ്സൈറ്റില്‍ നിന്ന് ഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് 100 രൂപയുടെ ഡിഡി സഹിതം അയച്ചാല്‍ മതിയെന്ന് അക്കാദമി സെക്രട്ടറി എം.പ്രദീപ്കുമാര്‍ പറഞ്ഞു. പ്രവാസി സംഘടനകളുമായി ചെലവ് പങ്കുവഹിക്കുന്ന രീതിയിലായിരിക്കും അക്കാദമി പരിപാടി അവതരിപ്പിക്കുകയെന്നും അദ്ദേഹം അറിയിച്ചു. അഡ്വ.ടി.കെ ആഷിഖും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.