പുതിയ പദ്ധതികള്‍ കുറ്റമറ്റതാക്കും -അഡ്വ. വൈ.എ റഹീം

ഷാര്‍ജ : ഒട്ടേറെ പുതിയ ദൗത്യങ്ങള്‍ കുറ്റമറ്റതാക്കി നടപ്പിലാക്കുകയെന്ന ശ്രമകരമായ പ്രവര്‍ത്തനമാണ്  അടുത്ത ഒരു വര്‍ഷം തന്‍െറ മുന്നിലുള്ളതെന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ.വൈ.എ റഹീം. കഴിഞ്ഞ വര്‍ഷങ്ങളില്‍ തുടങ്ങിവെച്ച പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും. 
ഷാര്‍ജ ഇന്ത്യന്‍ സ്കൂളിന്‍െറ പുതിയ കെട്ടിടം  ഈ ഭരണ കാലത്ത് തന്നെ  പൂര്‍ത്തിയാക്കലാണ് ആദ്യ നടപടി. ഷാര്‍ജ റോളയില്‍  മൃതദേഹങ്ങള്‍ എംബാം ചെയ്യുന്നതിന് കേന്ദ്രം ആരംഭിക്കും . ഇതിനുള്ള ഫണ്ട് അനുമതി ആയിട്ടുണ്ട് . സാധാരണക്കാര്‍ക്ക് ഗുണകരമാവുന്ന രീതിയില്‍  അസോസിയേഷന്‍െറ കീഴില്‍ ആശുപത്രി  തുടങ്ങും .  മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിധിയില്‍ വരാത്ത താഴെ ക്കിടയിലുള്ള ഇന്ത്യക്കാര്‍ക്ക് ഇത് ഏറെ ഗുണം ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി . കേരളത്തില്‍ ആശുപത്രി പദ്ധതി തുടങ്ങാന്‍  കഴിഞ്ഞ ഭരണ  സമിതിയില്‍ എടുത്ത തീരുമാനം ഇത്തവണ നടപ്പിലാക്കും. തിരികെ പോകുന്ന പ്രവാസികള്‍ക്ക് പുനരധിവാസ പദ്ധതിക്ക് പങ്കാളിത്ത പെന്‍ഷന്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കും. കോണ്‍സുലര്‍ സേവനം കുറ്റമറ്റതാക്കും. നോര്‍ക്കാ സേവനങ്ങളുടെ പ്രവര്‍ത്തനം വിപുലീകരിക്കാനായി സ്വന്തമായി കെട്ടിടം പണിത് നോര്‍ക്ക സെന്‍റര്‍ ആരംഭിക്കും . ഇതിന്‍െറ കെട്ടിട നിര്‍മാണത്തിന് അനുമതി ലഭിച്ചിട്ടുണ്ടെന്നും റഹീം ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.  
അസോസിയേഷനിലേക്ക് പുതിയ മെമ്പര്‍മാരെ ചേര്‍ക്കുന്നതിന് പണം മാനദണ്ഡമാക്കുന്നവെന്ന പരാതി  വേണ്ടിവന്നാല്‍ പരിശോധിക്കുമെന്നും റഹീം സൂചിപ്പിച്ചു .ഒരു അംഗത്തിന് ഒരാളെ കൂടി ചേര്‍ക്കാമെന്ന വ്യവസ്ഥയാണ് നിലവിലുള്ളത്. അംഗങ്ങള്‍ തന്നെയാണ്  വന്‍ തുക വാങ്ങി  ഇത് ദുരുപയോഗം ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  കോണ്‍ഗ്രസ് പ്രവാസ സംഘടനയായ ഒ.ഐ.സി.സിയുടെ കേന്ദ്ര കമ്മറ്റി അാഗം കൂടിയായ വൈ.എ.റഹീം നിലവില്‍ അസോസിയേഷന്‍ ജനറല്‍സെക്രട്ടറിയാണ്.  1995 മുതല്‍ മത്സര  മത്സര രംഗത്തുള്ള റഹീം ഇത്  11ാം തവണയാണ് പ്രസിഡന്‍റാകുന്നത് . മൂന്ന് കൊല്ലം ജനറല്‍സെക്രട്ടറിയായി. 
ഇത്തവണ നാലു മുന്നണികള്‍ മാറ്റുരച്ച വാശിയേറിയ തെരഞ്ഞെടുപ്പില്‍ ജനറല്‍ സെക്രട്ടറി , ട്രഷറര്‍ ഒഴികെ ബാക്കിയെല്ലാം റഹീം പാനലില്‍ നിന്നുള്ളവരാണ് ജയിച്ചത്.
ഇടതു പോഷക സംഘടനകളുടെ പിന്തുണയോടെ കോണ്‍ഗ്രസ് രണ്ടാം മുന്നണിയില്‍ മത്സരിച്ച് ജനറല്‍സെക്രട്ടറി സ്ഥാനത്തത്തെിയ ബിജു സോമന്‍ നിലവില്‍ ട്രഷററാണ് . 668 വോട്ടാണ് ലഭിച്ചത് . കെ.എം.സി.സിയിലെ നിസാര്‍ തളങ്കരയെ 118 വോട്ടിന്‍െറ ഭൂരിപക്ഷത്തിനാണ് തോല്‍പ്പിച്ചത്.  2012 ലും ജനറല്‍സെക്രട്ടറി ആയിരുന്നു. 
സി.പി എം അനുകൂല സംഘടനയായ മാസിന്‍െറ ജനറല്‍സെക്രട്ടറി കൂടിയായ ബിജു സോമന്‍ കൊല്ലം പുനലൂര്‍ സ്വദേശിയാണ് . ഇതേ മുന്നണിയില്‍ നിന്ന് മത്സരിച്ച  വി.നാരായണന്‍നായര്‍ നായര്‍ 44 വോട്ടിന്‍െറ ഭൂരിപക്ഷത്തിലാണ് ഷിബു രാജിനെ പരാജയപ്പെടുത്തി ട്രഷറര്‍ സ്ഥാനം പിടിച്ചത് . കോണ്‍ഗ്രസ് ഒൗദ്യോഗിക മുന്നണിയിലെ എ.വി.ബേബി 17 വോട്ടിന് ജോയ് ജോണ്‍     തോട്ടുങ്ങലിനെ പരാജയപ്പെടുത്തി ഓഡിറ്ററായി.
     കോണ്‍ഗ്രസ് മുന്നണികളിലെ കടുത്ത ഗ്രൂപ്പ് വഴക്കും തൊഴുത്തില്‍ കുത്തും തങ്ങള്‍ക്ക് അനുകൂലമാക്കാമെന്ന പ്രതീക്ഷയില്‍ ആദ്യമായി മത്സര രംഗത്ത് വന്ന  ബി.ജെ.പി അനൂകൂല സംഘടനയായ ഭാരതീയത്തിന് കനത്ത പരാജയമാണ് ഏല്‍ക്കേണ്ടി വന്നത്. 
അതേസമയം  ഏറെ സന്തോഷത്തോടെയാണ്  തന്‍െറ പടിയിറക്കമെന്ന് നിലവിലെ പ്രസിഡന്‍റ്  കെ. ബാലകൃഷ്ണന്‍ പറഞ്ഞു. 
ഷാര്‍ജ വൈദ്യുത ശ്മശാനം , ഇന്ത്യന്‍ സ്കൂളിന്‍റെ പുതിയ കെട്ടിട നിര്‍മാണം , പുതിയ പദ്ധതികള്‍ക്കുള്ള ഫണ്ട് കണ്ടത്തെല്‍ തുടങ്ങിയവ തന്‍െറ ഭരണ നേട്ടങ്ങളായി കാണുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.