ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പ് ഇന്ന്

ഷാര്‍ജ : ചൂടേറിയ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഭരണ സമിതി തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച  നടക്കും. മുന്‍ വര്‍ഷത്തെ പോലെ തന്നെ ശക്തമായ മത്സരത്തിനാണ് ഇത്തവണയും അസോസിയേഷന്‍ വേദിയാകുന്നത്.  മുന്നണികളില്‍ മത്സരിക്കുന്ന സംഘടനകളുടെ പ്രവര്‍ത്തകര്‍ വോട്ടു പിടിക്കാനുള്ള  പ്രവര്‍ത്തനങ്ങളിലായിരുന്നു ഇന്നലെ വൈകും വരെയും.
പ്രധാനമായും കോണ്‍ഗസ് അനുഭാവ സംഘടനകള്‍ തന്നെയാണ് ചേരി തിരിഞ്ഞ് മത്സര രംഗത്തുള്ളത്. മുന്‍ വര്‍ഷങ്ങളില്‍ രണ്ടായി പിരിഞ്ഞിരുന്ന മുന്നണി ഇത്തവണ മൂന്നായാണ് പോരിനിറങ്ങിയിരിക്കുന്നത്.   ഗ്രൂപ്പ് വഴക്കും തൊഴുത്തില്‍ കുത്തും മറനീക്കി പുറത്തുവന്നിരിക്കയാണ്.
കോണ്‍ഗ്രസ് പ്രവാസ സംഘടനയായ ഒ.ഐ.സി.സി കേന്ദ്ര കമ്മറ്റി അംഗവും നിലവില്‍ അസോസിയേഷന്‍ ജനറല്‍സെക്രട്ടറിയുമായ അഡ്വ. വൈ.എ.റഹീം നയിക്കുന്ന  പാനലും ഒ.ഐ.സി.സി കേന്ദ്ര കമ്മറ്റി മുന്‍ ജനറല്‍ സെക്രട്ടറിയും മഹാത്മാഗാന്ധി കള്‍ച്ചറല്‍ ഫോറം പ്രസിഡന്‍റുമായ  ടി.എ.രവീന്ദ്രന്‍ നയിക്കുന്ന പാനലും ഇന്ദിരാഗാന്ധി വീക്ഷണം ഫോറം സ്ഥാപക അംഗവും  ഒ.ഐ സി സി അംഗവുമായ ഇ.പി ജോണ്‍സണ്‍ നയിക്കുന്ന പാനലുമാണ് നേര്‍ക്കുനേര്‍ കൊമ്പ് കോര്‍ക്കുന്നത്. 
ബി ജെ.പി അനുകൂല പ്രവാസി സംഘടനയായ ഭാരതീയവും മത്സര രംഗത്ത് സജീവമാണ്. മണികണ്ഠന്‍ മേലത്താണ് അവരുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥി. സ്വതന്ത്ര സ്ഥാനാര്‍ഥി കോളിന്‍ സിറിന്‍ പെരേരയും മത്സരിക്കുന്നുണ്ട്.
കെ.എം.സി.സി, ഐ.ഒ.സി ഷാര്‍ജ, എന്‍.ആര്‍.ഐ ഫോറം ഷാര്‍ജ തുടങ്ങിയ സംഘടനകളാണ് വൈ.എ.റഹീം നയിക്കുന്ന പാനലില്‍ അണിനിരക്കുന്നത്. സി.പി എം അനുകൂല പ്രവാസി പോഷക സംഘടനയായ മാസ് ആണ് ഇ.പി ജോണ്‍സണ്‍ പാനലിന് ശക്തി പകരുന്നത്. കൂടാതെ പ്രിയദര്‍ശിനി , ഒ.ഐ.സി യിലെ ഒരുവിഭാഗം ആളുകളും ഇവരോടൊപ്പമുണ്ട്. 
മഹാത്മാഗാന്ധി കള്‍ച്ചറല്‍ ഫോറം കൂടാതെ  ടീം ഇന്ത്യ, ഐ.എന്‍.എല്‍ അനുകൂല സംഘടനയായ ഐ.എം.സി.സി , ഒ.ഐ.സി.സി അജ്മാന്‍ തുടങ്ങിയവരാണ് ടി.എ. രവീന്ദ്രന് വോട്ടു പിടിക്കാന്‍ രംഗത്തുള്ളത്. കഴിഞ്ഞ വര്‍ഷം പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ച ടി.എ. രവീന്ദ്രന്‍ നേരിയ വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. നേരത്തെ അസോസിയേഷന്‍ ട്രഷറര്‍ , വര്‍ക്കിങ് പ്രസിഡന്‍റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
വര്‍ഷങ്ങളായി അസോസിയേഷന്‍ പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ മാറിമാറി അലങ്കരിച്ചു വരികയാണ് വൈ.എ.റഹീം. ആദ്യമായി മത്സര രംഗത്തു വന്ന ബി.ജെ പി അനുകൂല മുന്നണി എതിരാളികള്‍ക്കിടയിലെ ശക്തമായ ചേരിപ്പോര് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ്. 
കഴിഞ്ഞ വര്‍ഷം മുതല്‍ മത്സരിക്കുന്ന ടീം ഇന്ത്യ കൂടുതല്‍ സംഘബലത്തോടെ ഇത്തവണ രംഗത്തിറങ്ങിയതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസ് ഗ്രൂപ്പിസം വേണ്ടപോലെ ഉപയോഗപ്പെടുത്താന്‍  ഇടതുപക്ഷ സംഘടനയായ മാസ് പ്രവര്‍ത്തകരും അരയുംതലയും മുറുക്കി ഗോദയിലുണ്ട്.
ഷാര്‍ജ ഇന്ത്യന്‍ സ്കൂളിന്‍െറ  പ്രവര്‍ത്തനങ്ങളെ മുന്‍ നിര്‍ത്തിയാണ് എല്ലാ സ്ഥാനാര്‍ഥികളും പ്രകടന പത്രികകള്‍ മുന്നോട്ട് വെക്കുന്നത്. ഇന്ത്യന്‍ സ്കൂള്‍ പ്രവര്‍ത്തനം കുറ്റമറ്റതാക്കാന്‍ കഴിഞ്ഞുവെന്നും പുതിയ സ്കൂളിന്‍െറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ സാധിച്ചുവെന്നും നിലവിലെ ഭരണ സമിതി അവകാശപ്പെടുന്നു.  പ്രവാസികള്‍ക്കായി പുതിയ ആതുര സേവന പദ്ധതികളും ഇന്‍ഷൂറന്‍സ് പദ്ധതികളും പ്രവാസി പങ്കാളിത്ത പെന്‍ഷന്‍ തുടങ്ങിയ പദ്ധതികളും നടപ്പില്‍ വരുത്തുമെന്നുമാണ് നിലവിലെ ഭരണ സമിതിയും ഇപ്പോള്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന വൈ.എ. റഹീം പാനലും  ഉയര്‍ത്തി കാണിക്കുന്നത്. എന്നാല്‍ സ്കൂളിന്‍െറ ഇന്നത്തെ അവസ്ഥ ഏറെ പരിതാപകരമെന്നാണ് മറ്റു പാനലുകള്‍ ഒരേ സ്വരത്തില്‍ കുറ്റപ്പെടുത്തുന്നു.
സ്കൂള്‍ വ്യക്തിയുടെ പേരില്‍ അറിയപ്പെടുന്നുവെന്നും വര്‍ഷങ്ങളായി അസോസിയേഷനില്‍ അഴിമതി നിലനില്‍ക്കുന്നുവെന്നുമാണ് ആരോപണം. സാധാരണക്കാരായ പ്രവാസികളുടെ സ്ഥിരം പ്രശ്നങ്ങളായ യാത്രാദുരിതം, പുനരധിവാസം, പെന്‍ഷന്‍, ഭിന്ന ശേഷിയുള്ള ഇന്ത്യന്‍ സമൂഹത്തിലെ കുട്ടികള്‍ക്കുള്ള സഹായങ്ങള്‍ തുടങ്ങിയവയും മുന്നണികള്‍ പ്രചാരണത്തിന് മുന്നോട്ട് വെക്കുന്നു .
പ്രധാന ഓഫീസ് ഭാരവാഹികള്‍, ഓഡിറ്റര്‍, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരടക്കം മൊത്തം 14 സ്ഥാനങ്ങളിലേക്കാണ് തെരെഞ്ഞെടുപ്പുണ്ടാവുക. മൊത്തം 54 പേരാണ് മത്സര രംഗത്തുള്ളത്.  
2600 ഓളം അസോസിയേഷന്‍ അംഗങ്ങളാണ് വോട്ടര്‍മാര്‍.  വിവിധ എമിറേറ്റുകളില്‍ നിന്ന് വോട്ടര്‍മാര്‍ക്ക് എത്തിപ്പെടാന്‍ വാഹന സൗകര്യം ഒരിക്കിയിട്ടുണ്ട്. രാവിലെ 8.30 മുതല്‍ അഞ്ചു മണി വരെ വോട്ട് രേഖപ്പെടുത്താന്‍ സമയമുണ്ടാകും. 11.30 മുതല്‍ 1.45 വരെ ഇടവേളയായിരിക്കും.
 ദുബൈയിലെ അഡ്വ. നജുമുദ്ധീന്‍ ആണ് വരണാധികാരി . കൂടാതെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നും മൂന്നു ഉദ്യോഗസ്ഥര്‍ നിരീക്ഷകരായി ഉണ്ടാകും. തെരഞ്ഞെടുപ്പിന് ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായും  രാത്രിയോടെ  ഫല  പ്രഖ്യാപനം ഉണ്ടാകുമെന്നും പ്രസിഡന്‍റ് കെ. ബാലകൃഷ്ണന്‍ അറിയിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.