ദുബൈ: കേരളത്തിലെ സര്‍വകലാശാലകള്‍ക്ക് കീഴിലെ വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ഒന്നൊന്നായി അടച്ചുപൂട്ടിയതോടെ യു.എ.ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലെ കേന്ദ്രങ്ങളില്‍ ബിരുദ ബിരുദാനന്തര പഠനം നടത്തിയിരുന്ന ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍. ഏറ്റവും ഒടുവില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയുടെ വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിന് കീഴില്‍ നടത്തുന്ന കോഴ്സുകള്‍ക്കുള്ള അംഗീകാരം പിന്‍വലിക്കുക വഴി പഠന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനാണ് ഈയിടെ യു.ജി.സി ശിപാര്‍ശയെ തുടന്ന് ഹൈക്കോടതി ഉത്തരവിറക്കിയത്. ഇപ്പോള്‍ എല്ലാ കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു . കേരള , എം.ജി, സര്‍വകലാശാലകളുടെ പഠന കേന്ദ്രങ്ങള്‍ നേരത്തെ തന്നെ നിര്‍ത്തിവെച്ചിരുന്നെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് ആശ്രയമായിരുന്ന കാലിക്കറ്റ് കേന്ദ്രം കൂടി പൂട്ടാന്‍ ഉത്തരവ് വന്നതോടെ ഗള്‍ഫ് മേഖലയിലെ ബിരുദ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കടുത്ത ആശങ്കയിലാണ്. വിദേശ രാജ്യങ്ങളിലെ സാധാരണക്കാരും ഇടത്തരക്കാരും ബിരുദ വിദ്യാഭ്യാസത്തിന് കാര്യമായും ആശ്രയിച്ചിരുന്നത് കേരളത്തിലെ സര്‍വകലാശാലകളെയാണ്.
വിദൂര വിദ്യാഭ്യാസ പഠന സമ്പ്രദായം നിലവില്‍ വന്ന് മാസങ്ങള്‍ക്കകം തന്നെ കേരള, എം.ജി സര്‍വ്വകലാശാലകളിലെ ഗള്‍ഫിലെ കേന്ദ്രങ്ങള്‍ നിര്‍ത്തി വെച്ചിരുന്നു. പഠനവും പഠന രീതികളും പരീക്ഷകളും വ്യവസ്ഥാപിതമായി നടത്താത്തതിനെ തുടര്‍ന്നാണ് ഈ കേന്ദ്രങ്ങള്‍ മുളയിലെ നുള്ളി കളഞ്ഞത്. മാത്രമല്ല സംസ്ഥാന സര്‍വകലാശാലകള്‍ക്ക് ഓഫ് കാമ്പസ് അനുവദിക്കാനധികാരമില്ളെന്ന് 2009 ഏപ്രിലില്‍ രാജ്യത്തെ എല്ലാ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാര്‍ക്കും യു.ജി.സി. നിര്‍ദേശം നല്‍കിയതും ഇവയുടെ അടച്ചു പൂട്ടലിന് വേഗതകൂട്ടി . എന്നാല്‍ നിര്‍ദേശം നിലനില്‍ക്കത്തെന്നെ കാലിക്കറ്റ് സര്‍വ്വകലാശാല വിദൂര പഠന കേന്ദ്രങ്ങള്‍ ഗള്‍ഫിലടക്കം പ്രവര്‍ത്തിച്ചു വരികയായിരുന്നു. വിദ്യാര്‍ഥികള്‍ക്ക് ഈ കേന്ദ്രങ്ങള്‍ ഏറെ ഗുണം ചെയ്തതുകൊണ്ട് തന്നെ ഉന്നതവിദ്യാഭ്യാസമേഖലയില്‍ നാലിലൊന്ന് വിദ്യാര്‍ഥികളും വിദൂരമേഖലയിലേക്കു ചേക്കേറി.
എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്‍പ്പടെ ഒരു നിയന്ത്രണവും ഇല്ലാതെയാണ് കാലിക്കറ്റ് സര്‍വകലാശാല കേന്ദ്രങ്ങള്‍ അനുവദിച്ചതെന്നാണ് യു.ജി.സി ഇപ്പോള്‍ ഉന്നയിക്കുന്നത്. മാത്രവുമല്ല സര്‍വ്വകലാശാലയുടെ പരിധിക്ക് പുറത്ത് കേന്ദ്രങ്ങള്‍ അനുവദിക്കരുതെന്ന നിര്‍ദ്ദേശം തുടര്‍ച്ചയായി ലംഘിച്ചതിനാലാണ് കോഴ്സുകളുടെ അംഗീകാരം റദ്ദാക്കാന്‍ യു.ജി.സി തീരുമാനിച്ചത്. തുടര്‍ന്നാണ് ഹൈക്കോടതി ഉത്തരവുണ്ടായതും 2015-16 അക്കാദമിക വര്‍ഷത്തില്‍ കോഴ്സ് നടത്തുന്നതിനുള്ള അനുമതി പിന്‍വലിച്ചതും. വിദ്യാര്‍ഥികള്‍ വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ക്ക് ചേരുമ്പോള്‍ യു.ജി.സിയുടെ വെബ്സൈറ്റ് പരിശോധിച്ച് കോഴ്സുകളുടെ അംഗീകാരം ഉറപ്പ് വരുത്തണമെന്നാണ് ഇപ്പോള്‍ യുജിസി പുറത്തിറക്കിയ നോട്ടീസില്‍ നിര്‍ദ്ദേശിക്കുന്നത് . സര്‍വകലാശാലകളുടെ പരിധിക്ക് പുറത്തുള്ള കേന്ദ്രങ്ങളില്‍ നടത്തുന്ന കോഴ്സുകള്‍ക്ക് അംഗീകാരം യു.ജി.സി നല്‍കിയിട്ടില്ളെന്ന് നോട്ടീസില്‍ വ്യക്തമാക്കുന്നു.
പുതിയ ഉത്തരവ് വന്നതോടെ കാലിക്കറ്റ് സര്‍വകലാശാലയുടെ ഗള്‍ഫിലടക്കമുള്ള വിദൂര പഠന കേന്ദ്രങ്ങള്‍ രജിസ്ട്രേഷന്‍ നടപടികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍ ഗള്‍ഫ് മേഖലയിലുള്ള ബിരുദ പഠിതാക്കളെയാണ് ഇത് ഏറെ പ്രതികൂലമായി ബാധിച്ചത്. യു.എ.ഇ, കുവൈത്ത് ,ഖത്തര്‍ , ഒമാന്‍ , ബഹറൈന്‍ എന്നിവിടങ്ങളിലെല്ലാം കാലിക്കറ്റ് സര്‍വകലാശാലക്ക് കേന്ദ്രങ്ങളുണ്ട്.
യു.എ.ഇയില്‍ മാത്രം 20 ഓളം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിലവിലുള്ള കുട്ടികളുടെ പഠനം തുടരുന്നതിനെക്കുറിച്ച് യു.ജി.സി വ്യക്തമാക്കിയിട്ടില്ല .അതുകൊണ്ട് തന്നെ നിലവിലുള്ള വിദ്യാര്‍ത്ഥികളുടെ പഠനത്തിനു ഭംഗം വരാത്ത രീതിയില്‍ കോടതിയുടെ സഹായത്തോടെ കോഴ്സ് മുഴുമിപ്പിക്കാന്‍ കാലിക്കറ്റ് സിന്‍ഡിക്കേറ്റ് അധികൃതര്‍ ശ്രമിക്കുമെന്നാണ് അറിയുന്നത് . ഇവര്‍ക്ക് പരീക്ഷയും വാഴ്സിറ്റി നടത്തും . എന്നാല്‍ പുതിയ പ്രവേശം നല്‍കില്ളെന്നാണ്് യു.എ.ഇ യിലെ പഠന കേന്ദ്രം നടത്തിപ്പുകാര്‍ വ്യക്തമാക്കുന്നത് . വിദൂര വിദ്യാഭ്യാസരീതിയില്‍ ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ക്കൊപ്പം ഡിപ്ളോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകളും നടത്തുന്നുണ്ട്. ഓരോ വര്‍ഷവും ഇത്തരം കോഴ്സുകളില്‍ ചേരുന്നവരുടെ എണ്ണം ഗള്‍ഫിലും കൂടിക്കൊണ്ടിരിക്കുകയാണ്.
ഗള്‍ഫില്‍ സി.ബി.എസ്.ഇ , കേരള സിലബസുകളില്‍ പ്ളസ്ടു കഴിഞ്ഞിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യന്‍ സിലബസില്‍ ബിരുദ പഠനം നടത്തണമെങ്കില്‍ ഇനി മുതല്‍ നാട്ടില്‍ പോയി പഠനം തുടരുകയേ വഴിയുള്ളൂ.
അതല്ളെങ്കില്‍ ഗള്‍ഫിലെ ഏതെങ്കിലും ഇന്ത്യന്‍ സിലബസല്ലാത്ത വിദേശ യൂണിവേഴ്സിറ്റികളെ അഭയം തേടേണ്ടി വരും. എന്നാല്‍ വന്‍ ഫീസാണ് ഇവര്‍ വാങ്ങുന്നത്. ഇത് മിക്ക രക്ഷിതാക്കള്‍ക്കും താങ്ങാവുന്നതല്ല .
സി.ബി.എസ്. ഇ, പ്ളസ്ടു വരെ കോഴ്സുകളും പരീക്ഷകളും അവരുടെ മേല്‍നോട്ടത്തില്‍ തന്നെ വ്യവസ്ഥാപിതമായി ഗള്‍ഫ് രാജ്യങ്ങളില്‍ നടത്തിവരുന്ന സാഹചര്യത്തില്‍ യു.ജി.സിക്ക് മാത്രം എന്ത് കൊണ്ട് ഇവിടുത്തെ ബിരുദ പഠന കേന്ദ്രങ്ങളും പരീക്ഷാ നടത്തിപ്പുകളും ഏറ്റെടുത്തു നടത്തി കൂടെന്നാണ് പൊതുവേയുള്ള ചോദ്യം.അതിനു ശ്രമിക്കാതെ നടത്തിപ്പ് വ്യവസ്ഥാപിതമല്ളെന്ന പേരില്‍ പഠന കേന്ദ്രങ്ങള്‍ പാടെ അടച്ചുപൂട്ടുന്ന നടപടിക്കെതിരെ വ്യാപകമായ പ്രധിഷേധം ഉയരുന്നുണ്ട്.
വിദ്യാര്‍ഥികള്‍ ഈയിടെ അബൂദബിയില്‍ എത്തിയ മുന്‍ വിദ്യാഭ്യാസ മന്ത്രി കൂടിയായ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിക്ക് പരാതി സമര്‍പ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.