അബൂദബി: ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിക്കുന്ന സ്ഥാനാര്‍ഥികളെ അയോഗ്യരാക്കുമെന്ന് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് സലിം അല്‍ മസ്റൂയി പറഞ്ഞു. സ്ഥാനാര്‍ഥികള്‍ക്കായി നടത്തിയ ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരുസ്ഥാനാര്‍ഥി വോട്ടൊന്നിന് 1000 ദിര്‍ഹം വീതം വാഗ്ദാനം ചെയ്തതായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതേക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്. പണം നല്‍കി വോട്ട് വാങ്ങുന്നത് നിയമവിരുദ്ധമാണ്. സെപ്റ്റംബര്‍ ആറ് മുതലാണ് പ്രചാരണത്തിന് തുടക്കമാകുന്നത്. എതിര്‍ സ്ഥാനാര്‍ഥിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ പ്രചാരണവേളയില്‍ നടത്താന്‍ പാടില്ല. മറ്റുള്ളവരെ ഇടിച്ചുതാഴ്ത്തുന്നതിനല്ല, സ്വന്തം യോഗ്യത തെളിയിക്കുന്നതിനാണ് സ്ഥാനാര്‍ഥികള്‍ ശ്രമിക്കേണ്ടത്.
പ്രചാരണ ചെലവിനായി വ്യക്തികളില്‍ നിന്ന് സ്ഥാനാര്‍ഥികള്‍ക്ക് സംഭാവനകള്‍ സ്വീകരിക്കാം. എന്നാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ രാജ്യത്തിന് പുറത്തുനിന്നോ സഹായം സ്വീകരിക്കാന്‍ പാടില്ല. സെപ്റ്റംബര്‍ 30ന് ഉച്ചക്ക് 2.30 വരെയാണ് പരസ്യ പ്രചാരണത്തിനുള്ള സമയം.
ഇതിന് ശേഷം തെരഞ്ഞെടുപ്പ് തിയതിയായ ഒക്ടോബര്‍ മൂന്ന് വരെ നിശ്ശബ്ദ പ്രചാരണം നടത്താം. പരസ്യ പ്രചാരണം അവസാനിച്ചാല്‍ ബോര്‍ഡുകളും മറ്റും എടുത്തുമാറ്റണം. ഓടുന്ന വാഹനങ്ങളിലടക്കം പ്രചാരണം പാടില്ല. പൊതുസ്ഥലങ്ങളില്‍ സ്പീക്കറുകള്‍ വെച്ച് പ്രചാരണം നടത്താനും അനുമതിയില്ല. മാളുകളില്‍ പോസ്റ്ററുകള്‍ പതിക്കാനും പാടില്ല.
എന്നാല്‍ മൊബൈല്‍ ഫോണില്‍ സന്ദേശമയക്കാം. നടപ്പാക്കാന്‍ കഴിയാത്ത തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നല്‍കുന്നത് സ്ഥാനാര്‍ഥികളുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
36 വോട്ടിങ് സെന്‍ററുകളാണ് രാജ്യത്തുണ്ടാവുക. 91 രാജ്യങ്ങളിലെ യു.എ.ഇ എംബസികളിലും പൗരന്മാര്‍ക്ക് വോട്ടുചെയ്യാം.
പോളിങ് ദിവസം സ്ഥലത്തില്ലാത്തവരെ ലക്ഷ്യമിട്ട് ഒമ്പത് പോളിങ് ബൂത്തുകള്‍ സെപ്റ്റംബര്‍ 28 മുതല്‍ 30 വരെ പ്രവര്‍ത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.