ഉയരങ്ങളിലെ എമിറേറ്റ്സിന് 30 വയസ്സ്

ദുബൈ: ദുബൈയുടെ സ്വന്തം വിമാന കമ്പനിയായ  എമിറേറ്റ്സ് എയര്‍ലൈന്‍ മൂന്ന് പതിറ്റാണ്ട് പൂര്‍ത്തിയാക്കി. 1985 ഒക്ടോബര്‍ 25ന് കറാച്ചിയിലേക്ക് ബോയിങ് 737 പറത്തി തുടങ്ങിയ എമിറേറ്റ്സ് കുതിച്ചുപറന്ന് ഇന്ന് ലോകത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാന കമ്പനിയായി മാറിയത് വ്യോമയാന രംഗത്തെ അദ്ഭുത കഥയാണ്. 
30 വര്‍ഷം മുമ്പ് ഒക്ടോബര്‍ 20നാണ് പാകിസ്താന്‍ എയര്‍ലൈന്‍സില്‍ നിന്ന് പാട്ടത്തിന് വാങ്ങിയ രണ്ടു വിമാനങ്ങള്‍ ദുബൈയിലത്തെിയത്. കറാച്ചിയിലേക്കുള്ള ആദ്യ സര്‍വീസ് ഇ.കെ 600 ആയിരുന്നു. ക്യാപ്റ്റന്‍ ഫസല്‍ ഘനി മിയാനായിരുന്നു ആദ്യ സര്‍വീസ് പറത്തിയത്. പൈലറ്റുമാരും എന്‍ജിനീയര്‍മാരും മറ്റു ജീവനക്കാരുമായി 100 പേരാണ് ആദ്യ സംഘത്തിലുണ്ടായിരുന്നതെന്ന് ഫസല്‍ ഘനി മിയാന്‍ ഓര്‍ക്കുന്നു. യു.എ.ഇക്കാരായ ഏതാനും പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കിയതും അദ്ദേഹമായിരുന്നു. ഇവര്‍ക്ക് പാകിസ്താന്‍ വ്യോമയാന അതോറിറ്റിയില്‍ നിന്നാണ് ലൈസന്‍സ് ലഭിച്ചത്. അന്ന് ലഭിച്ച തൊപ്പി തലയേക്കാള്‍ വലുപ്പമുള്ളതായിരുന്നെന്ന് അത് പൈലറ്റുമാര്‍ക്കിടയില്‍ തമാശയായിരുന്നെന്നും ഘനി മിയാന്‍ പറയുന്നു. പക്ഷെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയും ദുബൈ ഭരണാധികാരികളുടെ ഉറച്ച പിന്തുണയോടെയും അതിവേഗം എമിറേറ്റ്സ് ഉയരങ്ങള്‍ കീഴടക്കി. 
മികച്ച പ്രഫഷണലുകളുടെ സംഘത്തെ വളര്‍ത്തിയെടുക്കുകയും അവര്‍ക്ക് ഉത്തരവാദിത്തങ്ങള്‍ നല്‍കുകയും ജോലിയില്‍ മറ്റൊരു ഇടപെടലുകളും അനുവദിക്കാത്തതുമാണ് എമിറേറ്റ്സിന്‍െറ വിജയമെന്ന് ഫസല്‍ ഘനി പറയുന്നു
30ാം വര്‍ഷത്തില്‍ ദുബൈ കേന്ദ്രമായി കൂടുതല്‍ നഗരങ്ങളിലേക്ക് സര്‍വീസ് വ്യാപിക്കാനും യാത്രാശേഷി വര്‍ധിപ്പിക്കാനുമുള്ള ശ്രമത്തിലാണ് കമ്പനി. നിലവില്‍ ആറു ഭൂഖണ്ഡങ്ങളിലെ 147 നഗരങ്ങളിലേക്ക് എമിറേറ്റ്സ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നു. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആഴ്ചയില്‍ 3300 എമിറേറ്റ്സ് വിമാനങ്ങളാണ് വിവിധ നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്നത്.  മികച്ച സേവനവും നൂതന സംവിധാനങ്ങളും സൗകര്യങ്ങളുമൊരുക്കുന്നതിലെ മികവുമാണ് എമിറേറ്റ്സിന്‍െറ കുതിപ്പിന്‍െറ അടിസ്ഥാന ശിലകളെന്നാണ് വിലയിരുത്തപ്പെടുന്നത്.  
2020ല്‍ ഏഴുകോടി യാത്രക്കാരാക്കാനുള്ള ശേഷി നേടുകയാണ് ലക്ഷ്യമെന്ന് വാര്‍ഷികഘോഷ വേളയില്‍ ചെയര്‍മാന്‍ ശൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍ മക്തൂം പറഞ്ഞു.  2020 ആകുമ്പോഴേക്കും 300 വിമാനങ്ങള്‍ കമ്പനിക്ക് സ്വന്തമാകും. നിലവില്‍ 222 വിമാനങ്ങളാണ് കമ്പനിക്കുള്ളത്. 12,800 കോടി ഡോളര്‍ മുതല്‍ മുടക്കില്‍ 263 വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. നിലവില്‍ വിമാനങ്ങളില്‍ പലതും ഒഴിവാക്കി പകരം പുതിയവ ഉപയോഗപ്പെടുത്തും. 
എക്സ്പോയുടെ ഭാഗമായി 2020ല്‍ ദുബൈയിലത്തെുന്ന രണ്ട് കോടി സന്ദര്‍ശകര്‍ക്ക്  ആതിഥ്യമരുളുന്നതില്‍ എമിറേറ്റ്സ് നിര്‍ണായക പങ്കുവഹിക്കുമെന്നുമ ശൈഖ് അഹ്മദ് ബിന്‍ സഈദ് പറഞ്ഞു. 160 രാജ്യങ്ങളില്‍ നിന്നുള്ള 56,000 ത്തിലേറെ ജീവനക്കാരാണ് എമിറേറ്റ്സിനുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.