ബ്യൂട്ടി പാര്‍ലറുകളില്‍ കാതുകുത്തലും ചെവിക്കായം നീക്കലും നിയമവിരുദ്ധം

അബൂദബി: ഉപഭോക്താക്കള്‍ക്ക് ചെവിക്കായം നീക്കം ചെയ്തു കൊടുത്ത ബ്യൂട്ടി പാര്‍ലറിന് അബൂദബി നഗരസഭ പിഴയിട്ടു. പൊതു ജനാരോഗ്യ വിഭാഗം നടത്തിയ പരിശോധനക്കിടെയാണ് പാര്‍ലറിനെതിരെ നടപടിയുണ്ടായത്. 
ബ്യൂട്ടി പാര്‍ലറുകളില്‍ ചെവിക്കായം നീക്കം ചെയ്യുന്ന ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതും കാത് കുത്തുന്നതും നിയമ വിരുദ്ധമാണെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു. ഇത്തരം സേവനങ്ങള്‍ മെഡിക്കല്‍ ക്ളിനിക്കുകളാണ് നല്‍കേണ്ടതാണ്. പൊതു ജനാരോഗ്യത്തിന് ഹാനികരമായ പ്രവണതകളെ നിയന്ത്രിക്കുന്നതിന്‍െറ ഭാഗമായി നഗരസഭാ ഉദ്യോഗസ്ഥര്‍ ദൈനംദിന പരിശോധന ശക്തിപ്പെടുത്തിയിട്ടുണ്ട്. പരിശോധകരുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. പൊതു ജനാരോഗ്യ വിഭാഗത്തിന്‍റെ കര്‍ശന നിരീക്ഷണം മൂലം നിയമ ലംഘനങ്ങളുടെ എണ്ണം ഈ വര്‍ഷം കുറഞ്ഞിരിക്കുന്നുവെന്ന് അധികൃതര്‍ ‘അര്‍ റുഅ്യ’ ദിനപത്രത്തോട് പറഞ്ഞു.   ലേസര്‍ ഉപകരണങ്ങള്‍ , ബ്ളാക്ക് ഹെന്ന എന്നിവയുടെ ഉപയോഗം തുടങ്ങി പൊതു ജനാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന നിയമ ലംഘനങ്ങളില്‍ കുറവുണ്ട്. 
പൊതുജനങ്ങള്‍ക്കിടയിലും ബ്യൂട്ടി പാര്‍ലര്‍ തൊഴിലാളികള്‍ക്കിടയിലും മൂന്നു വര്‍ഷമായി നടത്തുന്ന  ബോധവല്‍ക്കരണം ഫലം കണ്ടിട്ടുണ്ട്.കോണ്ടാക്റ്റ് ലെന്‍സ് വെച്ചുപിടിപ്പിക്കല്‍, മാഞ്ഞു പോകാത്ത പച്ച കുത്തല്‍, വൈദ്യ സേവനങ്ങളായ ചെവിക്കായം നീക്കം ചെയ്യല്‍, മൂക്കും കാതും കുത്തല്‍, ശരീരത്ത് നിന്ന് ദുഷിച്ച രക്തം നീക്കം ചെയ്യല്‍, അക്യുപങ്ചര്‍ പോലെ ശരീരത്തിലെ ത്വക് തുളച്ചു കയറുന്ന  സൂചികള്‍ ഉപയോഗിച്ചുള്ള ചികിത്സാ രീതികള്‍, അമിത വണ്ണം കുറക്കാന്‍ ഉപയോഗിക്കുന്ന മരുന്നുകളുടെ വില്‍പന എന്നിവയെല്ലാം നിയമത്തിനെതിരാണ്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.