ട്രക്കിന്‍െറ ഊരിത്തെറിച്ച ചക്രമിടിച്ച് മലയാളി മരിച്ചു

റാസല്‍ഖൈമ: ഓട്ടത്തിനിടെ ട്രക്കില്‍ നിന്ന് ഊരിത്തെറിച്ച ചക്രമിടിച്ച് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന മലയാളി യുവാവ് ദാരുണമായി മരിച്ചു. റാസല്‍ഖൈമ റംസില്‍ ഗ്രോസറി നടത്തുന്ന കണ്ണൂര്‍ കരിയാട് പെരിങ്ങത്തൂര്‍ സ്വദേശി വെങ്കളത്തില്‍ മൂസയുടെ മകന്‍ ഹാരിസ് മൂസ (30) ആണു മരിച്ചത്. ഭാര്യ ആബിദയേയും രണ്ട് വയസ്സുകാരന്‍ ഹിസാന്‍ ആസിമിനേയും ബുധനാഴ്ച പുലര്‍ച്ചെയുള്ള ിവമാനത്തില്‍ നാട്ടിലേക്ക് അയക്കുന്നതിനുള്ള ഒരുക്കങ്ങള്‍ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് ഹാരിസ് മൂസയെ മരണം തട്ടിയെടുത്തത്. വിമാനത്താവളത്തില്‍ പോകാന്‍ കാര്‍ കഴുകാനായി സര്‍വീസ് സ്റ്റേഷനില്‍ കൊടുത്ത് തിരിച്ച് കടയിലേക്ക് നടക്കുന്നതിനിടെ വലിയ ട്രക്കിന്‍െറ ചക്രം ഊരിത്തെറിച്ച് ഹാരിസിന്‍െറ ദേഹത്തിടിക്കുകയായിരുന്നു. തല്‍ക്ഷണം മരണം സംഭവിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. മരണവിവരം അറിയിക്കാതെ ഭാര്യയെയും മകനെയും അതേ വിമാനത്തില്‍ നാട്ടിലേക്ക് അയച്ചു. 
മാതാവ്: ചങ്കിത്താകണ്ടി നസീമ. സഹോദരങ്ങള്‍: മുഹമ്മദ് സജീര്‍, സൈഫുന്നിസ. ഹാരിസ് മൂസയുടെ മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം നടന്നുവരുന്നു. 
 കബറടക്കം കരിയാട് പുതുശ്ശേരി പള്ളി കബര്‍സ്ഥാനില്‍ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.