സായിദ് മേളയില്‍ വേറിട്ട അനുഭവമായി  ‘കാര്‍ഷിക മരുപ്പച്ച’

അബൂദബി: അല്‍ വത്ബയില്‍ നടക്കുന്ന ശൈഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവെലില്‍ ഒരുക്കിയിരിക്കുന്ന ‘കാര്‍ഷിക മരുപ്പച്ച’യിലെ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സന്ദര്‍ശകര്‍ക്ക് വേറിട്ട അനുഭവമാകുന്നു. ഫെസ്റ്റിവെല്‍ ആരംഭിച്ച ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ ആയിരങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. അബൂദബി ഭക്ഷ്യ നിയന്ത്രണ അതോറിറ്റി, ഫാര്‍മേഴ്സ് സര്‍വീസ് സെന്‍റര്‍, ഫുഡ് സെക്യൂരിറ്റി സെന്‍റര്‍ എന്നിവയുടെ നേതൃത്വത്തില്‍ ഒരുക്കിയ ‘കാര്‍ഷിക മരുപ്പച്ച’യില്‍ തദ്ദേശീയ കാര്‍ഷിക ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിനും ഭക്ഷണങ്ങള്‍ രുചിച്ചറിയുന്നതിനും സൗകര്യമുണ്ട്. യു.എ.ഇയുടെ കാര്‍ഷിക ചരിത്രവും വികാസവും സമഗ്രമായി മനസ്സിലാക്കുന്നതിനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇമാറാത്തി പാരമ്പര്യത്തില്‍ കൃഷി എങ്ങനെ സ്വാധീനം ചെലുത്തിയെന്നും മനസ്സിലാക്കാന്‍ സാധിക്കും. പരമ്പരാഗത രീതിയിലുള്ള കൃഷി രീതികളില്‍ തുടങ്ങി സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഉയര്‍ന്ന ഗുണനിലവാരമുള്ള ഭക്ഷണം ഉല്‍പാദിപ്പിക്കുന്നിലേക്ക് നയിച്ച വിവിധ ഘട്ടങ്ങള്‍ ഈ സ്റ്റാളുകളില്‍ ഒരുക്കിയിട്ടുണ്ട്.  അബൂദബി എമിറേറ്റിലെ കാര്‍ഷിക മേഖലയുടെ വികസനവും കണ്ടുമനസ്സിലാക്കാം. തദ്ദേശീയ ഉല്‍പാദന രീതികളും ഉല്‍പന്നങ്ങളും സന്ദര്‍ശകരെ കാത്തിരിക്കുന്നുണ്ട്. പ്രാദേശിക ഉല്‍പന്നങ്ങള്‍ സന്ദര്‍ശകര്‍ക്ക് വാങ്ങുന്നതിന് സൗകര്യവും ഒരുക്കിയിട്ടുണ്ട്. മൂന്ന് സ്ഥാപനങ്ങളും ചേര്‍ന്ന് അബൂദബിയില്‍ സുസ്ഥിര ഭക്ഷ്യ വ്യവസ്ഥക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സന്ദര്‍ശകര്‍ക്ക് മനസ്സിലാക്കാന്‍ അവസരമുണ്ടെന്ന് ഭക്ഷ്യ നിയന്ത്രണ അതോറിറ്റി സ്ട്രാറ്റജി ആന്‍റ് പെര്‍ഫോമന്‍സ് മേഖല എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഖലീഫ അല്‍ അലി പറഞ്ഞു.  സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി മത്സരങ്ങളും നടക്കുന്നുണ്ട്.  
കാലാവസ്ഥയും ഭൂമിശാസ്ത്രവും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ അതിജീവിച്ചും 24000 കാര്‍ഷിക ഫാമുകള്‍ എമിറേറ്റിലുണ്ടെന്ന് ഖലീഫ അല്‍ അലി പറഞ്ഞു.  
ഇമാറാത്തി സമൂഹത്തിന്‍െറ സമ്പന്നമായ ഭൂതകാലം പുതുതലമുറക്ക് മനസ്സിലാക്കി കൊടുക്കുന്നതിനൊപ്പം പൂര്‍വ പിതാക്കന്‍മാരുടെ കാര്‍ഷിക രീതികള്‍ കാണാനും അവസരമൊരുക്കുകയാണ്  ‘കാര്‍ഷിക മരുപ്പച്ച’യിലൂടെ ചെയ്യുന്നതെന്ന് ഭക്ഷ്യ നിയന്ത്രണ അതോറിറ്റി കമ്മ്യൂണിക്കേഷന്‍ ആന്‍റ് കമ്മ്യൂണിറ്റി സേവന വിഭാഗം ആക്ടിങ് ഡയറക്ടര്‍ അലി യൂസുഫ് അലി അല്‍ സാദ് പറഞ്ഞു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.