ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ നിര്‍മാണം: അഴിമതിക്കാരനെ  കുടുക്കിയത് തെളിവ് സഹിതം- സെക്രട്ടറി

ഷാര്‍ജ: ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍െറ കീഴില്‍ പുതിയ സ്കൂള്‍ കെട്ടിടം നിര്‍മാണവുമായി ബന്ധപ്പെട്ട് നടന്ന അഴിമതി കഥയിലെ പ്രധാന കഥാപാത്രമായ മാനേജിങ് കമ്മിറ്റി അംഗത്തെ പിടികൂടിയത് തെളിവ് സഹിതമാണെന്ന്  അസോ. സെക്രട്ടറി ബിജു സോമന്‍. തെഹല്‍ക്ക മോഡലില്‍ നടത്തിയ ഓപ്പറേഷനിലൂടെയാണ് ഇയാളെ കുടുക്കിയത്. കമ്മിറ്റിയില്‍ നിന്ന് ഇയാളെ ആജീവനാന്തമായി പുറത്താക്കിയിട്ടുണ്ട്. 
42.9 ദശലക്ഷം ദിര്‍ഹത്തിനാണ് 157 ക്ളാസ് മുറികളും മറ്റും അടങ്ങുന്ന സ്കൂളിന് കരാര്‍ നല്‍കിയിട്ടുള്ളത്. ഇതില്‍ നിന്ന് രണ്ടര ശതമാനമാണ് മേപ്പടി മാനേജിങ് കമ്മിറ്റി അംഗം കൈപറ്റിയിരിക്കുന്നതെന്നാണ് ആരോപണം. ബാങ്കിലേക്ക് തുക എത്തിയതിന്‍െറ രേഖകള്‍ അസോസിയേഷന് ലഭിച്ചതായും പറഞ്ഞ് കേള്‍ക്കുന്നു. മുന്‍ കമ്മറ്റിയില്‍ സുപ്രധാന പങ്ക് വഹിച്ച ഒരംഗത്തിനു നേരെയും അഴിമതി ആരോപണം നീളുന്നുണ്ട്. എന്നാല്‍ കൃത്യമായ തെളിവുകള്‍ ഇയാള്‍ക്കെതിരെ ലഭിച്ചിട്ടില്ല എന്നാണ് അറിയുന്നത്. 
തെളിവു സഹിതം പിടിക്കപ്പെട്ട ആള്‍ വിഹിതം കൈപ്പറ്റിയതുമായി ബന്ധപ്പെട്ട രേഖകള്‍ ലഭിച്ചിട്ടുണ്ടെന്നും വാര്‍ത്ത സമ്മേളനം വിളിച്ച് ചേര്‍ത്ത് ഇത് പരസ്യമാക്കുമെന്നും ബിജു സോമന്‍ പറഞ്ഞു. അഴിമതി നടത്തിയ ആളെ പിടികൂടിയ ഭരണ സമിതി പിരിച്ചുവിടണമെന്ന് പറയുന്നതില്‍ എന്ത് ന്യായമാണ് ഉള്ളതെന്ന് അദ്ദേഹം ചോദിച്ചു. 
അഴിമതി ആരോപിച്ച് പുറത്തായ ആള്‍ അസോസിയേഷനില്‍ അംഗമായിട്ട് അധികകാലമായിട്ടില്ല. സ്കൂളിന്‍െറ കരാര്‍ ഉറപ്പിക്കുമ്പോള്‍ ഇയാള്‍ അംഗം പോലും ആയിരുന്നില്ല എന്നാണ് കേള്‍ക്കുന്നത്. പിന്നെ എങ്ങിനെയാണ് ഇത്രയും വലിയ തുക കരാറുകാരന്‍ കമ്മീഷനായി നല്‍കുക എന്ന ചോദ്യവും പുറത്ത് മുഴങ്ങുന്നുണ്ട്. അത് കൊണ്ട് തന്നെ അഴിമതിയുമായി ബന്ധപ്പെട്ടുള്ള കഥ പലരിലേക്കും നീളുന്നുണ്ടെന്നാണ് ജനസംസാരം. 
അതേസമയം കുറഞ്ഞ ഫീസിനത്തില്‍ സാധാരണക്കാരായ പ്രവാസികളുടെ മക്കള്‍ക്ക് പഠിക്കാന്‍ അവസരം ഒരുക്കുന്ന സ്ഥാപനത്തെ തകര്‍ക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നതായി ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. സ്കൂളിന്‍െറ പുതിയ കെട്ടിടം നിര്‍മാണവുമായി ബന്ധപ്പെട്ട് നിരവധി അഴിമതി കഥകള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് ഉയര്‍ന്നിരുന്നു. 
ശക്തമായ വാഗ്വാദങ്ങളാണ് ഇത് വഴി മുഴങ്ങി കേട്ടത്. സംഘടനകള്‍ക്കുള്ളില്‍ പിളര്‍പ്പുണ്ടാക്കാന്‍ വരെ ഇത് കാരണമായി. ഇന്‍ഷൂറന്‍സ്, സ്കൂള്‍ കുട്ടികളുടെ യുണിഫോം തുടങ്ങിയ വിഷയങ്ങളിലും അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.