ദുബൈയില്‍ 400 ബസ് ഷെല്‍ട്ടറുകള്‍ കൂടി

ദുബൈ: നഗരത്തില്‍ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ 400 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ കൂടി നിര്‍മിക്കാന്‍ ആര്‍.ടി.എ കരാര്‍ നല്‍കി. രണ്ടാം ഘട്ട ബസ് ഷെല്‍ട്ടര്‍ പദ്ധതിയുടെ ഭാഗമായാണ് ആര്‍.ടി.എ ഡയറക്ടര്‍ ബോര്‍ഡ് ‘നിര്‍മിക്കുക,നടത്തുക,കൈമാറുക’ മാതൃകയില്‍  റൈറ്റ് ആംഗിള്‍ മീഡിയ കമ്പനിക്ക് കരാര്‍ നല്‍കിയത്. 2017 അവസാനത്തോടെ ഇവയുടെ നിര്‍മാണം പൂര്‍ത്തിയാകും. അതോടെ ദുബൈയില്‍െ മൊത്തം ബസ് ഷെല്‍ട്ടറുകളുടെ എണ്ണം 1295 ആകും.
പുതുതായി നിര്‍മിക്കുന്നവയില്‍ 50 എണ്ണം സ്മാര്‍ട്ട് ഷെല്‍ട്ടറുകളായിരിക്കും. സൗജന്യ ഇന്‍റര്‍നെറ്റ് കണക്ഷനും എ.സിയും ഭക്ഷ്യവസ്തുക്കള്‍ ലഭിക്കുന്ന സ്മാര്‍ട്ട് കഫെയും ഇതിലുണ്ടാകും. നോല്‍ കാര്‍ഡുകളും ഡു കാര്‍ഡുകളും റീചാര്‍ജ് ചെയ്യാനും സര്‍ക്കാര്‍ ബില്ലുകള്‍ അടക്കാനും സൗകര്യമുണ്ടാകും. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുകയുമാകാം. പുതിയവയില്‍ 150 ഷെല്‍ട്ടറുകള്‍ സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്നവയായിരിക്കും. വൈദ്യുതി എത്താത്ത വിദൂര സ്ഥലങ്ങളിലാണ് ഇവ പണിയുക.
895 എയര്‍ കണ്ടീഷന്‍ ചെയ്ത ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ നിര്‍മിച്ച ആദ്യഘട്ടം യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്പെട്ടെന്ന സര്‍വേ റിപ്പോര്‍ട്ടിനെതുടര്‍ന്നാണ് രണ്ടാം ഘട്ടത്തിന് കരാര്‍ നല്‍കിയത്.  ശീതീകരിച്ചതും അല്ലാത്തതുമായ കാത്തിരിപ്പ് കേന്ദ്രങ്ങള്‍ രണ്ടാം ഘട്ട നിര്‍മാണ പദ്ധതിയിലുണ്ട്. ജനങ്ങളെ കൂടുതല്‍ പൊതുഗതാഗത സംവിധാനങ്ങളിലേക്ക് ആകര്‍ഷിക്കുകയെന്ന ആര്‍.ടി.എയുടെ പ്രഖ്യാപിത നയത്തിന്‍െറ ചുവടുപിടിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.  2020 ഓടെ ആകെ യാത്രക്കാരുടെ 20 ശതമാനവും 2030 ഓടെ 30 ശതമാനവും പൊതുഗതാഗത സംവിധാനത്തിലേക്ക് മാറണമെന്നാണ് ലക്ഷ്യം. 2006ല്‍ ആറു ശതമാനമായിരുന്നത് 2014ല്‍ 14 ശതമാനത്തിലത്തെിക്കാന്‍ സാധിച്ചതായി ആര്‍.ടി.എ ചെയര്‍മാന്‍ മതാര്‍ അല്‍ തായിര്‍ പറഞ്ഞു.
അതേസമയം നഗരത്തിലെ നിലവിലെ ഷെല്‍ട്ടറുകളില്‍ നൂറെണ്ണം സ്മാര്‍ട്ട് ആക്കി മാറ്റാനുള്ള നടപടി പുരോഗമിക്കുകയാണ്. 50 എണ്ണം ഡിസംബറോടെയൂം 50 എണ്ണം ജനുവരിയിലും പൂര്‍ത്തിയാകും. രണ്ടാംഘട്ടം കൂടി വരുന്നതോടെ ദുബൈയിലെ മൊത്തം സ്മാര്‍ട്ട് ബസ് ഷെല്‍ട്ടറുകളുടെ എണ്ണം 150 ആകും. ചന്ദ്രക്കലയുടെ ആകൃതിയില്‍ ഉറപ്പും ഗുണനിലവാരവുള്ള വസ്തുക്കളുപയോഗിച്ചാണ്  ഷെല്‍ട്ടറുകള്‍  പണിയുക.ചൂടും ഈര്‍പ്പവും പ്രതിരോധിക്കാന്‍ കഴിയുന്ന പെയിന്‍റാണ് ഉപയോഗിക്കുക. എട്ടു ഇരിപ്പിടങ്ങളുണ്ടാകും. 13-16 പേര്‍ക്ക് ഷെല്‍ട്ടറിയില്‍ നില്‍ക്കാം. വികലാംഗ സൗഹൃദമായിരിക്കും പുതിയ ബസ് ഷെല്‍ട്ടറുകളെന്നും മത്താര്‍ അല്‍ തായര്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.