കരിപ്പൂരിനെതിരെ ഉദ്യോഗസ്ഥ ലോബി  ഇപ്പോഴും പ്രവര്‍ത്തിക്കുന്നു -മന്ത്രി മുനീര്‍

ദുബൈ: കരിപ്പൂര്‍ വിമാനത്താവളത്തിനെതിരെ ഉദ്യോഗസ്ഥ തലത്തില്‍ ഇപ്പോഴും ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പഞ്ചായത്ത്-സാമൂഹിക നീതി മന്ത്രി ഡോ.എം.കെ.മുനീര്‍. വിമാനത്താവളം ഇല്ലാതാക്കാനുള്ള ശ്രമം വളരെ മുമ്പ് തന്നെയുണ്ടെന്നും ഇതിനെതിരെ കേരളം ഒറ്റക്കെട്ടായി രംഗത്തുവരണമെന്നും മലബാര്‍ ഡവലപ്മെന്‍റ് ഫോറത്തിന്‍െറ ആഭിമുഖ്യത്തില്‍ ദുബൈയില്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ലണ്ടനില്‍ ഇന്‍ഡോ-ബ്രിട്ടീഷ് അവാര്‍ഡ് സ്വീകരിച്ച് നാട്ടിലേക്കുള്ള യാത്രാമധ്യേ ദുബൈയിലിറങ്ങിയതായിരുന്നു അദ്ദേഹം. 
വിമാനത്താവളം ഒരിക്കലും നഷ്ടപ്പെടാന്‍ പാടില്ല. അന്താരാഷ്ട്ര പദവിയോടെ തന്നെ അത് നിലനിര്‍ത്തണം. അതിനുവേണ്ടി ഏതറ്റം വരെയും പോകും. ഇത് കോഴിക്കോട്ടിന്‍െറ മാത്രം പ്രശ്നമല്ല. അതുകൊണ്ടുതന്നെ കേരളം ഒറ്റക്കെട്ടായി കരിപ്പൂരിന് വേണ്ടി രംഗത്തുവരണം.  വിമാനത്താവള അതോറിറ്റിക്ക് ലാഭമുണ്ടാക്കി നല്‍കുന്ന അപൂര്‍വ വിമാനത്താവളങ്ങളിലൊന്നാണ് കരിപ്പൂര്‍. 
എന്നാല്‍ നഷ്ടം വന്നാലും വേണ്ടില്ല ജനങ്ങളെ ബുദ്ധിമുട്ടിക്കണമെന്ന നിലപാടാണ് ചില കേന്ദ്ര ഉദ്യോഗസ്ഥര്‍ക്ക്. എമിറേറ്റ്സ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ സര്‍വീസിന് തയാറല്ല എന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. എന്നാല്‍ കമ്പനികളോട് അന്വേഷിച്ചപ്പോള്‍ അങ്ങിനെ പറഞ്ഞിട്ടേയില്ളെന്നാണ് വ്യക്തമാക്കിയത്. ഉദ്യോഗസ്ഥരുടെ അലംഭാവം പ്രകടമാണ്. എന്നാല്‍ കേരളത്തിലെ ഉദ്യോഗസ്ഥര്‍ വിമാനത്തവള വികസനത്തിന് വേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്നവരാണെന്ന് മുനീര്‍ പറഞ്ഞു. കരിപ്പൂരിലെ റണ്‍വേ വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള തടസ്സങ്ങളെല്ലാം നീങ്ങിയിട്ടുണ്ട്. ഇതിനായി മുന്‍ കലക്ടര്‍ മോഹന്‍ദാസിനെ സ്പെഷ്യല്‍ ഓഫീസറായി നിയമിച്ചിട്ടു ണ്ട്. സ്ഥലം വിട്ടുകൊടുക്കുന്നവര്‍ പറഞ്ഞത് അവരെ ഇടക്കിടെ ഇറക്കിവിടരുതെന്നാണ്. 
11 തവണ കുടിയൊഴിപ്പിക്കലിന് ഇരയായവരാണവര്‍. മതിയായ നഷ്ടപരിഹാരവും പുനരധിവാസ പാക്കേജും വേണമെന്ന അവരുടെ ആവശ്യവും ന്യായമാണ്. അതുകൊണ്ട് 400 ലേറെ ഏക്കര്‍ ഭൂമി ഒറ്റയടിക്ക് ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതില്‍ നൂറോളം ഏക്കര്‍ കുടിയൊഴിപ്പിക്കുന്നവരെ പുനരധിവസിപ്പിക്കാനാണ്. നിയമപ്രകാരമുള്ള മുഴുവന്‍ ആനുകൂല്യവും അവര്‍ക്ക് വാങ്ങിക്കൊടുക്കും. സ്ഥലവാസികളുടെ അനുകൂല പ്രതികരണം സ്ഥലമേറ്റെടുപ്പിന് വേഗം കൂട്ടും. സ്പെഷ്യല്‍ ഓഫീസര്‍ ഒരാഴ്ചക്കകം നടപടികള്‍ തുടങ്ങും. സ്ഥലവാസികളെ നേരില്‍ കണ്ട് സംസാരിക്കും.
സ്വകാര്യ പാങ്കാളിത്തത്തോടെയുള്ള നെടുമ്പാശ്ശേരി, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ക്ക് വേണ്ടിയല്ളേ കരിപ്പൂരിനെ ഇല്ലാതാക്കുന്നതെന്ന ചോദ്യത്തിന് അങ്ങനെ കരുതുന്നില്ളെന്നായിരുന്നു മന്ത്രിയുടെ മറുപടി. കേരളത്തില്‍ വിമാനത്താവളങ്ങള്‍ ഇനിയും വേണ്ടതുണ്ട്.കണ്ണൂര്‍ വിമാനത്താവളം വന്നാലും കരിപ്പൂരിനെ അത് ബാധിക്കില്ല.
ഇപ്പോള്‍ ഭാഗികമായി അടച്ചിട്ട് നടന്നുവരുന്ന റണ്‍വേ ബലപ്പെടുത്തല്‍ ജോലി നിശ്ചയിച്ചതിലും നേരത്തെ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. വിമാനത്താവളത്തിന് വേണ്ടി നടന്ന സമരത്തെ തുടര്‍ന്ന് നവീകരണ ജോലിക്ക് വേഗം കൂടിയിട്ടുണ്ട്. വലിയ വിമാനങ്ങള്‍ അതോടെ സര്‍വീസ് പുനരാരംഭിക്കും.  
ഹജ്ജ് വിമാനങ്ങള്‍ കോഴിക്കോട്ടേക്ക് തിരിച്ചുകൊണ്ടുവരാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട് നിന്ന് മാറ്റിയ വലിയ വിമാനങ്ങള്‍ തിരിച്ചു കൊണ്ടു വരാന്‍ മുഖ്യമന്ത്രി കത്തെഴുതിയിട്ടുണ്ട്-മന്ത്രി പറഞ്ഞു.
മലബാര്‍ ഡെവലപ്മെന്‍റ് ഫോറം സാരഥികളായ എ.കെ ഫൈസല്‍ , സദാശിവന്‍ ആലംപറ്റ, അമ്മാര്‍ കിഴുപറമ്പ്, ഫൈസല്‍ മേലടി, കെ.എം.സി.സി നേതാക്കളായ ഇബ്രാഹിം എളേറ്റില്‍, പി.കെ.അന്‍വര്‍ നഹ, അഡ്വ. സാജിദ് അബൂബക്കര്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.