ദുബൈയില്‍ ഡ്രൈവിങ് തിയറി ടെസ്റ്റ്  ഇനി മലയാളത്തിലും

ദുബൈ: ദുബൈയില്‍ വാഹനമോടിക്കല്‍ ലൈസന്‍സിനുള്ള തിയറി പരീക്ഷ ഇനി മലയാളത്തിലും. മലയാളം ഉള്‍പ്പെടെ ഏഴു ഭാഷകള്‍ പുതുതായി തിയറി പരീക്ഷയില്‍ ഉള്‍ക്കൊള്ളിച്ചതായി റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ ) അറിയിച്ചു. 
പരീക്ഷാര്‍ഥികള്‍ക്ക് ഏതു ഭാഷയില്‍ പരീക്ഷ എഴുതണമെന്ന് തീരുമാനിക്കാം. ഹിന്ദി, ബംഗാളി, തമിഴ്, പേര്‍ഷ്യന്‍, റഷ്യന്‍, ചൈനീസ് എന്നിവയാണ് പുതുതായി ചേര്‍ത്ത മറ്റു ഭാഷകള്‍. ഇതോടെ മൊത്തം 11 ഭാഷകളില്‍ പരീക്ഷ എഴുതാനുള്ള അവസരമാണ് ദുബൈ അധികൃതര്‍ പ്രവാസികള്‍ക്ക് ഒരുക്കുന്നത്.
ഡ്രൈവിങ്,ട്രാഫിക് നിയമങ്ങള്‍ കൂടുതല്‍ എളുപ്പത്തിലും വ്യക്തമായും മനസ്സിലാക്കാനും അതുവഴി റോഡ് ഉപയോഗിക്കുന്നവരുടെ സുരക്ഷ വര്‍ധിപ്പിക്കാനുമാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന്  ആര്‍.ടി.എ ലൈസന്‍സിങ്ങ് ഏജന്‍സി സി.ഇ.ഒ അഹ്മദ് ഹാഷിം ബഹ്റോസ്യന്‍ പത്രക്കുറിപ്പില്‍ അഭിപ്രായപ്പെട്ടു. 
പരീക്ഷാര്‍ഥി തെരഞ്ഞെടുക്കുന്ന ഭാഷയില്‍ ചോദ്യം ശബ്ദമായും കമ്പ്യൂട്ടറില്‍ എഴുതിയും പ്രദര്‍ശിപ്പിക്കും. ഇതില്‍ നിന്ന് ശരിയുത്തരം തെരഞ്ഞെടുക്കുകയാണ് വേണ്ടത്. ഇതോടെ നേരത്തെ പരീക്ഷാ ചോദ്യങ്ങള്‍ വിവര്‍ത്തനം ചെയ്യാന്‍ നിശ്ചയിച്ചിരുന്നവരുടെ സേവനം അവസാനിപ്പിച്ചതായും ആര്‍.ടി.എ അറിയിച്ചു. ഇംഗ്ളീഷിലായിരുന്നു ഇതുവരെ മലയാളികള്‍ക്ക് ചോദ്യങ്ങള്‍ നല്‍കിയിരുന്നത്. 
ഭാഷ അറിയാത്തവരുണ്ടെങ്കില്‍ അവര്‍ക്ക് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു നല്‍കാന്‍ ജീവനക്കാരുണ്ടായിരുന്നു. ഇവരുടെ സേവനം ഇനിയുണ്ടാകില്ല.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.