വര്‍ണാഭമായി പൊലീസ് പരേഡ്; അണിചേര്‍ന്ന് കെ.എം.സി.സിയും

ദുബൈ: യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബൈ പോലീസുമായി ചേര്‍ന്ന് ദുബൈ കെ.എം.സി.സി നടത്തിയ പരേഡ് വര്‍ണ ശബളമായി. സ്വദേശികള്‍ക്കൊപ്പം ശുഭ വസ്ത്രധാരികളായ നൂറുകണക്കിന് കെ.എം.സി.സി പ്രവര്‍ത്തകര്‍ അണിചേര്‍ന്നു. തുടര്‍ച്ചയായി അഞ്ചാം തവണയാണ് കെ.എം.സി.സി ദുബൈ പൊലീസിന്‍െറ പരേഡില്‍ പങ്കെടുക്കുന്നത്.
മലയാളികള്‍ യു.എ.ഇയുടെ വളര്‍ച്ചക്കും സുരക്ഷിതത്വത്തിനും ആത്മാര്‍ത്ഥമായ സംഭാവനകള്‍ അര്‍പ്പിച്ച മാതൃകാ സമൂഹമാണെന്ന് ദുബൈ പൊലീസ് അസി. കമാണ്ടര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍  ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരി പറഞ്ഞു.ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ അധിവസിക്കുന്ന യു.എ.ഇയില്‍ മലയാളികളുടെ സ്ഥാനവും പ്രവര്‍ത്തനങ്ങളും മുന്‍ നിരയിലാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നൈഫ് പൊലീസ് ആസ്ഥാനത്ത് നടന്ന പരേഡിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ബര്‍ദുബൈ പോലീസ് സ്റ്റേഷന്‍ മേധാവി കേണല്‍ അബ്ദുല്‍ ഖാദിം സുറൂര്‍ അല്‍മല്‍സാം മുഖ്യാതിഥിയായിരുന്നു.  
തനത് അറബ് കലകളും, കെ.എം.സി.സി യുടെ കലാ വിഭാഗമായ സര്‍ഗധാര അവതരിപ്പിച്ച അറബ് നൃത്തവും ദഫ്മുട്ടും കോല്‍ക്കളിയും  ബാന്‍ഡ് വാദ്യങ്ങളും , മലയാള തനിമയുള്ള കലാ രൂപങ്ങളും പരേഡിന് കൊഴുപ്പേകി. വിവിധ ദേശക്കാര്‍ റോഡിനിരുവശവും പരേഡ് കാണാന്‍ എത്തിയിരുന്നു. രാവിലെ ഒമ്പതു മണിയോടെ നൈഫ് പോലീസ് സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് പരേഡ് ആരംഭിച്ചത്. ഇബ്രാഹിം എളേറ്റില്‍ ,പി.കെ അന്‍വര്‍ നഹ, ഇബ്രാഹിം മുറിച്ചാണ്ടി, എ.സി ഇസ്മായില്‍ എന്നിവര്‍ കെ.എം.സി.സി സംഘത്തെ നയിച്ചു.
നേരത്തെ നൈഫ് പോലിസ് ആസ്ഥാനത്ത്  വിവിധ അറബ് സ്കൂള്‍ കുട്ടികളുടെ കലാ പരിപാടികളും അരങ്ങേറി. സേവന മികവിനുള്ള പ്രത്യേക അംഗീകാര പത്രവും  മെഡലും  ദുബൈ പൊലീസ് അസി. കമാണ്ടര്‍ ഇന്‍ ചീഫില്‍ നിന്ന് ദുബൈ കെ.എം.സി.സിക്കു വേണ്ടി മഞ്ചേശ്വരം മണ്ഡലം എം.എല്‍.എ അബ്ദുല്‍ റസാഖ് ഏറ്റുവാങ്ങി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.