ദുബൈ: ലോകം പുതുവര്‍ഷത്തിലേക്ക് ചുവടുവെക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ പുതുപ്പിറവിയെ ആഘോഷമായി വരവേല്‍ക്കാന്‍ ദുബൈ ഒരുങ്ങിക്കഴിഞ്ഞു. വിവിധ ഹോട്ടലുകളിലും മാളുകളിലും ഒരുക്കുന്ന പുതുവര്‍ഷപ്പരിപാടികളില്‍ പങ്കെടുക്കാന്‍ സീറ്റ് മുന്‍കൂട്ടി ബുക് ചെയ്യാന്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.
വിവിധ എമിറേറ്റുകളില്‍ നിന്നും അയല്‍ രാജ്യങ്ങളില്‍ നിന്നും പുറം നാടുകളില്‍ നിന്നും ദുബൈയില്‍ പുതുവല്‍സരം ആഘോഷിക്കാന്‍ വന്‍തോതില്‍ ജനം എത്തുമെന്ന കണക്കുക്കൂട്ടലിലാണ് അധികൃതര്‍. അതിന്വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തുന്ന തിരക്കിലാണ് പൊലീസും റോഡ്സ് ആന്‍റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ( ആര്‍.ടി.എ)യും ഉള്‍പ്പെടെയുള്ള ഒൗദ്യോഗിക സംവിധാനങ്ങള്‍. പുതുവല്‍സരം പിറക്കുന്നത്ക വാരാന്ത്യമായ വ്യാഴാഴ്ചയായതിനാല്‍ ഇത്തവണ തിരക്ക് നിയന്ത്രണാതീതമാകുമെന്ന് മുന്‍കൂട്ടി കണ്ടാണ് തയാറെടുപ്പുകള്‍.
എല്ലാ വര്‍ഷത്തേയും പോലെ ബുര്‍ജ് ഖലീഫ, ബുര്‍ജുല്‍ അറബ്, ജുമൈറ ബീച്ച് റസിഡന്‍സ് എന്നിവ കേന്ദ്രീകരിച്ചായിരിക്കും ദുബൈയുടെ ഒൗദ്യോഗിക ആഘോഷ പരിപാടികള്‍. ബുര്‍ജ് ഖലീഫ പരിസരത്ത് അര മണിക്കൂര്‍ നീളുന്ന കരിമരുന്ന് പ്രയോഗത്തിലുടെയായിരിക്കും 2016നെ വരവേല്‍ക്കുക.
വര്‍ണപ്രപഞ്ചം നൃത്തം ചവിട്ടി ആകാശത്തെ പ്രഭാപൂരിതമാക്കുന്ന വെടിക്കെട്ട് കാണാന്‍ 10 ലക്ഷത്തിലേറെ പേരെയാണ് ദുബൈ ടൂറിസം പ്രതീക്ഷിക്കുന്നത്. രാത്രിമണികള്‍ 12 മുഴക്കുമ്പോള്‍ ഡൗണ്‍ടൗണിലെ പുതുവല്‍സരരാവ് അവിസ്മരണീയ കാഴ്ചകളായിരിക്കും സന്ദര്‍ശകര്‍ക്ക് മുമ്പില്‍ തുറന്നിടുക.
ദുബൈയുടെ പ്രചോദനാത്മക മുഖങ്ങള്‍ അനാവരണം ചെയ്യുന്നതായിരിക്കും കരിമരുന്ന് പ്രയോഗമെന്ന് സംഘാടകരായ ഇമാര്‍ പ്രോപര്‍ട്ടീസ് അറിയിച്ചു.
ഭാവി ദുബൈയും പോയ വര്‍ഷത്തെ ദുബൈയുടെ നേട്ടങ്ങളും വെളിച്ചവും ശബ്ദുവുമായി വാനില്‍ പുനരവതരിക്കും. ബുര്‍ജ് പാര്‍ക്കില്‍ നിന്ന് ആകാശക്കാഴ്ച സന്ദര്‍ശകര്‍ക്ക് കാണാനാകും. മുഹമ്മദ് ബിന്‍ റാഷിദ് ബുലേവാര്‍ഡില്‍ നിന്നും സൗജന്യമായി കാഴ്ചകള്‍ കാണാം.
അതേസമയം ജുമൈറയിലെ ബുര്‍ജുല്‍ അറബ് ഹോട്ടലും കടല്‍ത്തീരവും വര്‍ണപ്രഭയില്‍ കുളിക്കും. രാത്രി 12.09ന് ആണ് ഇവിടെ ആഘോഷങ്ങള്‍ക്ക് തുടക്കമാവുക.
12.16ന് ജുമൈറ ബീച്ച് റസിഡന്‍സില്‍ മറ്റൊരു കരിമരുന്ന് വിരുന്നിന് തുടക്കമാകും. ഇവിടെ നല്ല കാഴ്ച നല്‍കുന്ന ഹോട്ടലുകളിലും കെട്ടിടങ്ങളിലും സന്ദര്‍ശകര്‍ക്ക് പ്രവേശം നല്‍കാന്‍ ടിക്കറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബുര്‍ജ് ഖലീഫയിലും പണം നല്‍കിയാല്‍ പ്രവേശം ലഭിക്കും.
അബൂദബിയില്‍ അല്‍ മര്‍യ ഐലന്‍റിലും ഷാര്‍ജയില്‍ ഫ്ളാഗ് ഐലന്‍റിനും പുതുവര്‍ഷ പരിപാടികള്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.