4,610 കോടി ദിര്‍ഹത്തിന്‍െറ ദുബൈ ബജറ്റിന്  ശൈഖ് മുഹമ്മദ് അംഗീകാരം നല്‍കി

ദുബൈ: ദുബൈയുടെ അടുത്ത വര്‍ഷത്തേക്കുള്ള 4,610 കോടി ദിര്‍ഹത്തിന്‍െറ കമ്മിയില്ലാ ബജറ്റിന് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം അംഗീകാരം നല്‍കി.  3000 ത്തിലേറെ പുതിയ തൊഴിലവസരങ്ങള്‍ നല്‍കുന്ന പുതിയ ബജറ്റില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 12 ശതമാനം അധികം തുക മാറ്റിവെച്ചിട്ടുണ്ട്. 2015ല്‍  4,117 കോടി ദിര്‍ഹമായിരുന്നു ബജറ്റ് അടങ്കല്‍.
340 കോടി ദിര്‍ഹം  പ്രവര്‍ത്തന മിച്ചം കാണിക്കുന്ന ബജറ്റ് ദുബൈയുടെ സാമ്പത്തിക വളര്‍ച്ചക്ക് കൂടുതല്‍ ഉത്തേജനം പകരുമെന്ന് ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന് പുറമെ സര്‍ക്കാര്‍ ഏജന്‍സികളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും പൗരന്മാര്‍ക്കും ദുബൈ നിവാസികള്‍ക്കും മികച്ച ആരോഗ്യ,സാമൂഹിക പരിചരണം നല്‍കാനും ലക്ഷ്യമിടുന്നതാണ് ബജറ്റ്.
കമ്മിയില്ളെന്ന് മാത്രമല്ല 2015 നേക്കാള്‍ 12 ശതമാനം വര്‍ധനയും സാധ്യമായത് ആസൂത്രണം ചെയ്തതിനനുസരിച്ച് സൂക്ഷ്മ സാമ്പത്തിക വളര്‍ച്ചയിലേക്ക് ദുബൈയെ നയിക്കുമെന്ന് ധന വകുപ്പ് ഡയറക്ടര്‍ ജനറല്‍ അബ്ദുറഹ്മാന്‍ സാലിഹ് അല്‍ സാലിഹ് പറഞ്ഞു.
സാമൂഹിക മേഖലക്കും നിക്ഷേപ പ്രോത്സാഹനത്തിനും പ്രത്യേക ശ്രദ്ധ നല്‍കണമെന്ന ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ കാഴ്ചപ്പാട് പ്രതിഫലിക്കുന്നതാണ് ബജറ്റ്. 
സര്‍ക്കാര്‍ സേവനങ്ങളില്‍ നിന്നുള്ള വരുമാനമാണ് ദുബൈയുടെ മൊത്തം വരുമാനത്തിന്‍െറ 74 ശതമാനവും. കസ്റ്റംസ് തീരുവ ഉള്‍പ്പെടെയുള്ള നികുതി വരുമാനം 19 ശതമാനമാണ്. ആറു ശതമാനം മാത്രമാണ് എണ്ണയില്‍ നിന്നുള്ള വരുമാനം. 
എണ്ണ വിലയിടിവിനെ തുടര്‍ന്ന് എണ്ണയില്‍ നിന്നുള്ള അറ്റ വരുമാനത്തില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്. ആകെ ചെലവില്‍ 36 ശതമാനം ശമ്പളത്തിനും മറ്റു വേതനങ്ങള്‍ക്കുമായാണ് നീക്കിവെച്ചത്. പൗരന്മാര്‍ക്കായി 3000 തൊഴിലവസരങ്ങളാണ് 2016ലെ ബജറ്റ് വിഭാവനം ചെയ്യുന്നത്.
പൊതു,ഭരണ നിര്‍വഹണ,മൂലധന ചെലവ്, ഗ്രാന്‍ഡ്, സബ്സിഡി എന്നീ വിഭാഗങ്ങളിലായി 45 ശതമാനം തുക നീക്കിവെച്ചു. ആരോഗ്യം, വിദ്യഭ്യാസം, ഭവനനിര്‍മാണം തുടങ്ങിയ സാമൂഹിക വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇതില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്. വികസനത്തിന്  സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. 
ദുബൈ നിവാസികള്‍ക്ക് മികച്ച സേവനം നല്‍കാനായി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഭവന സംഘങ്ങള്‍ക്കും സ്പോര്‍ട്സ്,പെതുക്ഷേമ സംഘടനകള്‍ക്കും ജീവകാരുണ്യ മേഖലക്കും സഹായവും പിന്തുണയും തുടരും. 
അടിസ്ഥാന സൗകര്യ വികസനത്തിനായി 14 ശതമാനമാണ് ബജറ്റ് നീക്കിയിരിപ്പ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.