ദുബൈ: ഞായറാഴ്ച കരാമയിലെ ധനവിനിമയ സ്ഥാപനമായ റസോക്കി എക്സ്ചേഞ്ചില്‍ കൊള്ള നടത്തിയ മുഖംമൂടി സംഘത്തിലെ ആറു പേരെ ദുബൈ പൊലീസ് പിടികൂടി. മുന്‍ സോവിയറ്റ് റിപ്പബ്ളിക്കില്‍ നിന്നുള്ളവരാണ് എല്ലാവരും. കളിത്തോക്ക് ഉപയോഗിച്ചാണ് ഇവര്‍ ഭീതി സൃഷ്ടിച്ച് പകല്‍സമയത്ത് ഏഴുലക്ഷം ദിര്‍ഹവുമായി കടന്നത്. സംഘത്തിലെ ഒരാളെ 24 മണിക്കൂറിനകം ദുബൈയില്‍ നിന്നും ബാക്കിയുള്ളവരെ വിവിധ എമിറേറ്റുകളില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തതെന്ന് ദുബൈ പൊലീസ് മേധാവി മേജര്‍ ജനറല്‍ ഖമീസ് മതാര്‍ അല്‍ മസീന അറിയിച്ചു. ആദ്യം പിടിയിലായ ആള്‍ തുടക്കത്തില്‍ കുറ്റം നിഷേധിച്ചെങ്കിലും മറ്റുള്ളവരും വലയിലായതോടെ എല്ലാവരും കുറ്റം സമ്മതിച്ചു.
നാലു പേര്‍ തോക്കുമായി സ്ഥാപനത്തില്‍ ഇടിച്ചുകയറി ജീവനക്കാര്‍ക്കും ഇടപാടുകാര്‍ക്കും നേരെ ടിയര്‍ഗ്യാസ് പ്രയോഗിച്ച് തോക്കു ചൂണ്ടി പണം ബാഗിലാക്കികൊണ്ടുപോവുകയായിരുന്നു. മുന്നു മിനിറ്റ് മാത്രം നീണ്ട ‘ഓപ്പറേഷന്‍’ ഒരു തെളിവും അവശേഷിപ്പിക്കാതെയാണ് സംഘം നടത്തിയത്. സംഘത്തിലെ മറ്റു രണ്ടുപേര്‍ ഡ്രൈവറും പുറത്ത് കാവല്‍ നിന്ന ആളുമാണ്.
സംഭവസ്ഥലത്തിന് ഏറെ ദുരെ ഒരു ബി.എം.ഡബ്ള്യൂ കാര്‍ കത്തിയത് അധികാരികളുടെ ശ്രദ്ധയില്‍പ്പെട്ടതാണ് കേസില്‍ വഴിത്തിരിവായത്.
വ്യാജ നമ്പര്‍ പ്ളേറ്റാണ് ഇതിനുണ്ടായിരുന്നത്. രക്ഷപ്പെടാന്‍ കരുതിവെച്ചിരുന്ന വാഹനം ഉപയോഗിക്കാന്‍ സാധിക്കാത്തതിനാല്‍ അക്രമിസംഘം തന്നെ തീയിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മോഷ്ടിച്ച മറ്റൊരു വാഹനത്തിലാണ് സംഘം രക്ഷപ്പെട്ടത്.
മോഷ്ടിച്ച പണത്തിലെ ഭൂരിഭാഗവും പ്രതികളില്‍ നിന്ന് കണ്ടെടുത്തു. അര ലക്ഷം ദിര്‍ഹം അവര്‍ ചെലവാക്കിയിരുന്നു. പ്രതികളെ പ്രോസിക്യൂഷന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.